സ്വയംസേവകര്‍ ഇനി മനുഷ്യ നിര്‍മാണത്തിന്
Opinion
സ്വയംസേവകര്‍ ഇനി മനുഷ്യ നിര്‍മാണത്തിന്
ഫാറൂഖ്
Monday, 11th November 2019, 12:04 pm

കാശീലും മധുരേലും ഒക്കെ പോയി പ്രക്ഷോഭം നടത്തുന്നില്ലേ എന്ന് പിന്നേം പിന്നേം ഇങ്ങനെ ചോദിച്ചോണ്ടിരിക്കണം എന്നില്ല. അവസാനമായി ഒരിക്കല്‍ കൂടി പറയാം, പ്രക്ഷോഭം ഞങ്ങള്‍ സ്വയം സേവകരുടെ പണിയല്ല. കുറച്ചു കാലം അയോധ്യയില്‍ പ്രക്ഷോഭം നടത്തിയതൊക്കെ നേര്, അതൊരു വീഴ്ചയായിരുന്നു. തിരുത്തും.

ഇനി മുതല്‍ ഞങ്ങള്‍ ഞങ്ങളുടെ ശരിക്കുള്ള ജോലി തുടങ്ങാന്‍ പോകുകയാണ് – മനുഷ്യ നിര്‍മാണം.

ഛെ ഛെ , നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്ന മനുഷ്യ നിര്‍മാണം അല്ല. അത്തരം അശ്ളീല വിചാരങ്ങളൊക്കെ നിങ്ങള്‍ ശാഖയില്‍ പോവാത്തതു കൊണ്ട് തോന്നുന്നതാണ്. ഞങ്ങള്‍ കല്യാണം പോലും കഴിക്കാറില്ല, സ്വയം സേവകരാണ്. സ്ത്രീകളെ ഞങ്ങള്‍ നാഗ്പൂരിലെ ആസ്ഥാനത്തു മാത്രമല്ല, ലോക്കല്‍ ശാഖകളില്‍ പോലും കയറ്റാറില്ല. സ്ത്രീ അമ്മയാണ് ദേവിയാണ്, പക്ഷെ, സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യം വരുമെന്ന് സംഘസ്ഥാപകന്‍ പറഞ്ഞിട്ടുണ്ട്. അപ്പറഞ്ഞത് വിശ്വസിച്ചവര്‍ രക്ഷപ്പെടും ഇല്ലാത്തവര്‍ നശിക്കും. രണ്ട് ഉദാഹരണങ്ങള്‍ പറയാം.

അങ്ങ് ഗുജറാത്തില്‍ പണ്ടൊരാള്‍ കല്യാണം കഴിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മനസ്സിന് ചാഞ്ചല്യം വരുന്നുണ്ടെന്ന് മനസ്സിലായി. അപ്പോള്‍ തന്നെ ഭാര്യയെ ഉപേക്ഷിച്ചു ഹിമാലയത്തിലേക്ക് പോയി രാഷ്ട്രസേവനം ചെയ്തു തുടങ്ങി. അയാള്‍ പിന്നീട് പ്രധാനമന്ത്രിയായി ദീര്‍ഘകാലം ഭരിച്ചു. വേറൊരാള്‍ കല്യാണം കഴിച്ചു മനചാഞ്ചല്യത്തോടെ തന്നെ ജീവിച്ചു, ഭാര്യയെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. അയാള്‍ പിന്നീട് ആഭ്യന്തര മന്ത്രി വരെയായെങ്കിലും മകന്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ തുടങ്ങിയത് കൊണ്ട് പ്രധാനമന്ത്രിയാവാനുള്ള മോഹം പൂര്‍ത്തിയാകാതെ ശിഷ്ടകാലം അദ്വാനിയെ പോലെ ജീവിക്കേണ്ടി വരും.

നമ്മളെന്താണ് പറഞ്ഞു വന്നത് – മനുഷ്യ നിര്‍മാണം. രാജ്യനന്മക്കായി വിദ്യാഭ്യാസവും വിവരവും കഴിവും പ്രാപ്തിയും ഒക്കെയുള്ള ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുക എന്നതാണ് മനുഷ്യ നിര്‍മാണം എന്നത് കൊണ്ട് സംഘം ഉദ്ദേശിക്കുന്നത്. സ്വയംസേവകരൊക്കെ കല്യാണം കഴിക്കാതെ നടന്നാല്‍ ഉത്തമപൗരന്മാരെ എവിടുന്നെടുത്തു വാര്‍ക്കും എന്ന് ചോദിക്കരുത്, കോണ്‍ഗ്രെസ്സുകാരും കമ്മ്യൂണിസ്‌റുകാരുമൊക്കെ ചുമ്മാതിരിക്കുകയല്ലേ, അവര്‍ കല്യാണം കഴിക്കട്ടെ. പാതിരാക്ക് കരയുന്ന കുട്ടിയേയും എടുത്തു നടക്കുക, അവരുടെ ഡയപ്പര്‍ മാറ്റി കൊടുക്കുക തുടങ്ങിയ ചീഞ്ഞ പരിപാടികളൊന്നും രാഷ്ട്ര നിര്‍മാണത്തില്‍ പെടില്ല.

ഇതിപ്പോ എന്താ പെട്ടെന്നിങ്ങനെ ഉത്തമ പൗരന്മാര്‍ വേണമെന്ന് തോന്നിയത് എന്ന് ചോദിക്കരുത്. ഉണ്ട് കൊണ്ടിരിക്കുന്ന നായര്‍ക്ക് ഉള്‍വിളി ഉണ്ടായെന്ന പഴകിയ പഴഞ്ചൊല്ലെടുത്തു വീശരുത്. നാഗ്പൂരില്‍ നായന്മാരില്ല. ബ്രാഹ്മണരല്ലാത്ത ആരെയും ഞങ്ങളുടെ ആസ്ഥാനത്തേക്ക് അടുപ്പിക്കാറില്ല. ഇത് വേറെയാണ് കാര്യം – പറയാം.

ഞങ്ങക്ക് എന്തിന്റെ കുറവാണ്. ഞാന്‍ വലത്തേ കൈയ്യൊന്ന് ഞൊടിച്ചാല്‍ കേന്ദ്രത്തിലെ മന്ത്രിമാര്‍ മുഴുവന്‍ വലത്തേ കാലില്‍ വന്നു വീഴും. ഞാന്‍ ഇടത്തെ കൈയൊന്ന് ഞൊടിച്ചാല്‍ പത്തിരുപത് മുഖ്യമന്ത്രിമാര്‍ ഇടത്തെ കാലില്‍ വന്നു വീഴും. കയ്യൊന്നും ഞൊടിക്കാതെ തന്നെ നിങ്ങള്‍ പത്രക്കാരൊക്കെ മുന്നില്‍ വന്നു കമഴ്ന്നു കിടക്കുകയല്ലേ. ഞാന്‍ പ്രസംഗിക്കുന്നത് ദൂരദര്‍ശന്‍ മുതല്‍ തേങ്ങാ ടീവി വരെ ലൈവ് കൊടുക്കും. സെഡ്-പ്ലസ് സെക്യൂരിറ്റി എന്നും പറഞ്ഞു പത്തിരുപത് സുന്ദരന്മാര്‍ എന്റെ നാലു സൈഡിലും നടക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ രണ്ടെണ്ണം പിന്നാമ്പുറത്ത് വെറുതെ കിടക്കുന്നുണ്ട്. സ്വകാര്യ വിമാനത്തില്‍ മാത്രം പറക്കുന്ന സ്വയംസേവകരുടെ നേതാവാണ് ഞാന്‍.

ഈ ഭാരതത്തിലെ ഓരോ തരി മണ്ണും എന്റെ കാലിന്റെ കീഴില്‍ ആണെന്ന് ആരോ പറഞ്ഞിരുന്നല്ലോ, സോറി, ഞാന്‍ തന്നെയാണല്ലേ അത് പറഞ്ഞത്. അശ്വമേധം നടത്തിയിട്ട് ക്ഷീണിച്ചിരിക്കുകയാണ്. പാലക്കാട്ട് വരെ പോയി കൊടി കുത്തി വന്നിരിക്കുകയാണ്. ഒരാള്‍ക്കും മാറ്റാന്‍ കഴിയില്ല എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന കാല്‍-ട്രൗസര്‍ മാറ്റി ഫുള്‍-ട്രൗസര്‍ ആക്കാന്‍ വരെ കഴിഞ്ഞ എനിക്ക് ഇനി എന്ത് നേടാനാണ്. ഈ ഭാരതം മുഴുവന്‍ ഭരിച്ചു നന്നാക്കാന്‍ നാട്ടുകാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഞങ്ങളെയാണ്. അത് തന്നെയാണ് പ്രശ്‌നവും.

‘ആര് ഭരിച്ചാലും ഭരും എന്ന് കരുണാകരന്‍ പണ്ട് പറഞ്ഞിട്ടുണ്ടെങ്കിലും ഞങ്ങള്‍ ഭരിച്ചിട്ടങ്ങോട്ട് ഭരണില്ല’. അതിനു പറ്റിയ ഉത്തമ പൗരന്മാര്‍ ഞങ്ങളുടെ കൂട്ടത്തിലില്ല.

നോട്ടു നിരോധനം കഴിഞ്ഞിട്ട് ഇന്നലേക്ക് മൂന്ന് കൊല്ലമായി, ഓര്‍ക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല, മറക്കാന്‍ നാട്ടുകാര്‍ സമ്മതിക്കേണ്ടേ. ഇവിടെയുള്ള ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് പ്രധാന മന്ത്രിക്ക് ഐഡിയ പറഞ്ഞു കൊടുത്തത്. ദിവസവും ശാഖേല്‍ വരുന്നവനാ. ഭയങ്കര ബുദ്ധിയാണെന്നായിരുന്നു എല്ലാരും കരുതിയിരുന്നത്.

അവന്റെ അമ്മേടെ വീട്ടിനടടുത്താ എന്റെ വീട്. അവന്‍ പറഞ്ഞത് കേള്‍ക്കാത്ത പാതി പ്രധാനമന്ത്രി കേറി നോട്ടങ്ങു നിരോധിച്ചു. എന്നാ പ്രധാനമന്ത്രിക്ക് തോന്നണ്ടേ ഇവന്‍ പറഞ്ഞത് വിഡ്ഢിത്തമാണെന്ന്. ശിവലിംഗത്തിലിരിക്കുന്ന തേള് പോലെയാണ്, കൈ കൊണ്ട് തട്ടാനും പറ്റില്ല, ചെരുപ്പ് കൊണ്ടടിക്കാനും പറ്റില്ല എന്ന് വൈകിട്ട് മുറുക്കി സൊറ പറഞ്ഞിരിക്കുമ്പോള്‍ ഞങ്ങള്‍ വയസ്സന്മാരൊക്കെ ഇങ്ങേരെ പറ്റി തമാശ പറയാറുണ്ടായിരുന്നു എന്ന് ശശി തരൂരിനോട് ആരോ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മുറുക്കി സൊറ പറഞ്ഞിരിക്കുമ്പോള്‍ അടുത്തുള്ള ഏതേലും വീട്ടീന്ന് കൂട്ട നിലവിളി കേള്‍ക്കാം. ഏതേലും കര്‍ഷകന്‍ ആത്മഹത്യ ചെയ്ത വീട്ടീന്നാണ്. ദരിദ്ര കര്‍ഷകന്മാരുടെ ഒത്ത നടുക്ക് തന്നെ ഈ ഓഫീസ് കൊണ്ട് വെച്ചവര്‍ നമ്മുടെ തന്നെ പൂര്‍വികരായി പോയി, ഇല്ലേല്‍ നാലു വര്‍ത്തമാനം പറയാമായിരുന്നു. ഇപ്പൊ ഇവിടുന്ന് പുറത്തിറങ്ങണമെങ്കില്‍ ഹെലികോപ്റ്ററും സെഡ്-പ്ലസും വേണം. കര്‍ഷകരല്ലെങ്കില്‍ കച്ചവടക്കാര്‍, അതുമല്ലെങ്കില്‍ വ്യവസായികള്‍, ആരുടേയും മുഖത്തു നോക്കാന്‍ പറ്റുന്നില്ല. അത്രക്കുണ്ട് ഭരണത്തിന്റെ ഗുണം.

കാശുണ്ടാക്കാനും ആ കാശ് വച്ച് എം.എല്‍.എമാരെ ചാക്കിട്ടു വരാനും മിടുക്കന്മാരാണ്, ദിവസം രണ്ടു നേരം വച്ച് വിഡ്ഢിത്തവും പറയും. പക്ഷെ ഭരണം മാത്രം സ്വാഹാ. മാസ്റ്റര്‍സ്ട്രോക് എന്നും പറഞ്ഞു എന്തെങ്കിലുമൊക്കെ ചെയ്യും. ഭയങ്കരം തന്നെ എന്നും പറഞ്ഞു റ്റീവീക്കാര്‍ പിന്നെ ഒരു മാസം അലക്കോടലക്കാണ്. രണ്ടു മൂന്ന് മാസം കഴിയുമ്പോള്‍ മാസ്റ്റര്‍ സ്ട്രോക് അല്ല വിഡ്ഢിത്തമായിരുന്നു എന്ന് മനസ്സിലാവും. അപ്പോള്‍ ന്യായീകരണക്കാരെ ഇറക്കി വിടും. ന്യായീകരിച്ചു ന്യായീകരിച്ചു ഒരു കൊല്ലം കഴിയുമ്പോള്‍ അവന്മാര്‍ക്ക് മടുക്കും. പിന്നെ ആരും ഒന്നും മിണ്ടില്ല. അപ്പോഴത്തേക്ക് അടുത്ത മാസ്റ്റര്‍സ്‌ട്രോക്ക് വരും.

ഇവന്മാരെ സഹായിക്കാന്‍ ആദ്യമൊക്കെ അമേരിക്കെന്നൊക്കെ ആളെ കൊണ്ട് വന്നിരുന്നു. ഇവന്മാരുടെ വിഡ്ഢിത്തങ്ങള്‍ സഹിക്കാന്‍ പറ്റാതെ ഒന്നോ രണ്ടോ കൊല്ലം കഴിയുമ്പോള്‍ അവര്‍ ഇട്ടേച്ചു പോകും, എന്നിട്ട് അവര്‍ അമേരിക്കലിരുന്ന് ഇവന്മാരെ തെറിവിളിക്കും. നോബല്‍ സമ്മാനം കിട്ടിയ രണ്ടിന്ത്യക്കാരുണ്ട്, അവരെക്കൊണ്ടാണ് ഏറ്റവും ശല്യം.

അങ്ങനെ എല്ലാരും ഇട്ടേച്ചു പോയപ്പോള്‍ നമ്മുടെ കൂട്ടത്തില്‍ ഒരുത്തനെ പിടിച്ചു റിസേര്‍വ് ബാങ്ക് ഗവര്‍ണറാക്കി, അവന്‍ കാശ് മുഴുവന്‍ ധൂര്‍ത്തടിച്ചു ഇപ്പോള്‍ പൊന്നു വില്‍ക്കാന്‍ നടക്കുന്നു. ടൈം മാഗസിനില്‍ വരെ കവര്‍ സ്റ്റോറി എഴുതാന്‍ പറ്റിയ ഇന്ത്യക്കാരുണ്ട്, പക്ഷെ നമ്മളെ പറ്റി വല്ലതും നല്ലതു പറയുമോ. ഹേ ഹെ. അവനുള്ളത് വേറെ കൊടുത്തിട്ടുണ്ട്. ഈ ഗ്യാപ്പില്‍ ബംഗ്ലാദേശ് വരെ നമ്മളെ ഓവര്‍ടേക്ക് ചെയ്തു പോയി.

സാമ്പത്തികം പട്ടി നക്കിയ കലം പോലെയാക്കിയത് അവിടെ നില്‍ക്കട്ടെ. ഇവന്മാര്‍ കാണിക്കുന്ന മറ്റു തോന്ന്യാസങ്ങളോ. യുപീയില്‍ ഇവന്മാര്‍ ദിവസവും ഒന്നോ രണ്ടോ ബാലസംഗ കേസില്‍ ചെന്ന് പെടും. കര്‍ണാടകയില്‍ നിയമ സഭയിലിലിരുന്ന് അശ്ളീല വീഡിയോ കാണും, ഗുജറാത്തില്‍ പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കിയും തോണ്ടിയും മാന്തിയും നാട്ടുകാരെ കൊണ്ട് പറയിപ്പിക്കും. അടിസ്ഥാനപരമായി നമ്മുടെ പാര്‍ട്ടിക്ക് കല്യാണം ഇഷ്ടമല്ല എന്ന് ഇവന്മാരോട് അബദ്ധത്തില്‍ പറഞ്ഞു പോയതിന്റെ ചൊരുക്കാണ്. ലൗകികമായ തൃഷ്ണകളെ നമ്മള്‍ അതിജീവിക്കണം എന്ന് പറഞ്ഞാല്‍ പ്രകൃതി നിയമങ്ങള്‍ക്ക് കുറച്ചൊക്കെ വഴങ്ങേണ്ടതില്ലേ എന്ന് തിരിച്ചു ചോദിക്കുന്ന ടീമാണ്. വഴങ്ങരുത്.

ലോക്സഭയും നിയമസഭകളും മൊത്തം ഇവന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവിടെയൊക്ക കൂക്കുവിളിയും വീഡിയോ കാണലും ഒക്കെയാണ് പണി. നാട്ടില്‍ കലാപങ്ങളും കൂലിത്തല്ലും ബലാത്സംഗവും നടത്തി പേരെടുത്തവന്മാരെയൊക്കെ നാട്ടുകാര്‍ തിരഞ്ഞു പിടിച്ചു ഏതെങ്കിലും സഭകളിലേക്ക് അയച്ചിട്ടുണ്ട്.

ഇക്കൂട്ടത്തില്‍ നിന്ന് വേണം വിദ്യാഭ്യാസവും ശാസ്ത്രവും ആരോഗ്യവുമൊക്കെ കൈകാര്യം ചെയ്യാനുള്ള മന്ത്രിമാരെ നിയമിക്കേണ്ടത്. ശാസ്ത്രമന്ത്രി ഗോമൂത്രത്തില്‍ സ്വര്‍ണം തിരയുമ്പോള്‍ ആരോഗ്യമന്ത്രി ചാണകത്തില്‍ മരുന്ന് തപ്പുന്നു. ആഭ്യന്തര മന്ത്രിയുടെ മൂക്കിന് താഴെ പോലീസുകാര്‍ തങ്ങള്‍ക്ക് സംരക്ഷണം വേണം എന്ന് പറഞ്ഞു സമരം ചെയ്യുന്നു. മൊത്തത്തില്‍ വെറൈറ്റി ഇല്ല എന്ന് പറയാന്‍ പറ്റില്ല.

ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ബുദ്ധന്മാര്‍ക്കുമൊക്കെ ഇഷ്ടം പോലെ രാജ്യങ്ങളുണ്ട്. അതില്‍ ഒന്നോ രണ്ടോ എണ്ണം കുളം തോണ്ടിയാലും അവന്മാര്‍ക്ക് വലിയ കേട് വരില്ല. ഹിന്ദുക്കള്‍ക്ക് ആകെയുള്ളത് രണ്ടെണ്ണമാണ്, അതിലൊന്ന് കമ്മ്യൂണിസ്റ്റുകാര്‍ കൊണ്ട് പോയി. ഇനിയാകെയുള്ളത് നമ്മുടെ ഭാരതമാണ്. ഇവന്മാരെക്കൊണ്ട് ഇത് നടത്തി കൊണ്ട് പോവാന്‍ പറ്റും എന്ന് തോന്നുന്നില്ല. നാട്ടുകാര്‍ക്കാണേല്‍ ഇവന്മാരെ മതി. ഒരു രാജ്യം ഭരിക്കണമെങ്കില്‍ മിനിമം രണ്ടു ബോധമുള്ളവര്‍ എങ്കിലും വേണം. ഒരു പ്രധാന മന്ത്രിയും ഒരു ധനമന്ത്രിയും. ബാക്കിയൊക്കെ എങ്ങനെയും സലാമത്താക്കാം. ആ രണ്ടു പേരെയെങ്കിലും നിര്‍മിക്കലാണ് ഇനി സ്വയം സേവകരുടെ ജോലി. അതാണ് മനുഷ്യ നിര്‍മാണം എന്ന് ഞാന്‍ പറഞ്ഞത്.

അതിനിടക്ക് കാശി, മധുര എന്നൊന്നും പറഞ്ഞു വന്നേക്കരുത്. പ്രക്ഷോഭമല്ല, മനുഷ്യ നിര്‍മാണമാണ് സ്വയം സേവകരുടെ ജോലി. മാനവസേവ മാധവ സേവ.

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ