#TeachersDay അനീഷ് മാഷിന്റെ 'കൊലപാതകം' മുന്നോട്ടുവെക്കുന്ന ചില പാഠങ്ങള്‍- കെ.ഇ.എന്‍ നടത്തിയ അനുസ്മരണ പ്രസംഗം
Teachers Day
#TeachersDay അനീഷ് മാഷിന്റെ 'കൊലപാതകം' മുന്നോട്ടുവെക്കുന്ന ചില പാഠങ്ങള്‍- കെ.ഇ.എന്‍ നടത്തിയ അനുസ്മരണ പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2018, 4:28 pm

 

അനീഷ് മാഷെ അനുസ്മരിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മെ അഭിമുഖീകരിക്കുക എന്ന് തന്നെ ആണ്. അതോടൊപ്പം ആരായിരുന്നു, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ, ഒരുപക്ഷേ ജീവിതത്തെക്കുറിച്ചുള്ള ദീപ്തമായ കിനാവുകള്‍ വരും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുകയും, തന്റെ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന അനീഷ് മാഷ് എന്നുകൂടി ഓര്‍ക്കുമ്പോള്‍ ആണ് അനുസ്മരണം പ്രസക്തമാകുന്നത്.

തന്റെ വിദ്യാലയത്തെ പരസ്പര സൗഹൃദത്തിന്റെയും മാനവിക മൂല്യത്തിന്റെയും ഒരു കേന്ദ്രമാക്കി തീര്‍ക്കാന്‍ എല്ലാ ജനാധിപത്യവാദികളായ മതേതര കാഴ്ചപ്പാട് പുലര്‍ത്തുന്ന അധ്യാപകരെ പോലെ ശ്രമിക്കുക മാത്രമല്ല, അതിന് നേതൃത്വം കൊടുക്കാന്‍ ധീരമായി മുന്നോട്ടു വന്നു എന്നുള്ളതാണ് മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി മാറാന്‍ കാരണമെന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോള്‍ നമുക്ക് ബോധ്യമാകും.

കലയുടെയും സാഹിത്യത്തിന്റെയും അതോടൊപ്പംതന്നെ സംഘടന ബോധ്യത്തിന്റെയും ഒരു സമന്വയം എന്ന അര്‍ത്ഥത്തില്‍ അനീഷ് മാഷെ ഇന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സത്യത്തില്‍ അദ്ദേഹത്തിന്റെ മരണം പ്രത്യക്ഷത്തില്‍ ആത്മഹത്യയെന്ന് തോന്നാമെങ്കിലും സൂക്ഷ്മതലത്തില്‍ ആത്മഹത്യ ആയിരുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്ഥാപനവല്‍കൃത കൊല എന്ന ആശയം നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ ഇന്ന് സജീവമായി ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ ഇതൊരു സ്ഥാപനവല്‍കൃത കൊലയാണ്. അതിന്റെ വിശാലാര്‍ത്ഥത്തില്‍ അനീഷിന്റേത് ആത്മഹത്യയല്ല ഒരു രക്തസാക്ഷിത്വം തന്നെയാണ്.

നാം അദ്ദേഹത്തെ തിരിച്ചറിയേണ്ടതുണ്ട്. മാനേജ്‌മെന്റിന്റെ ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ഒരു പ്രതിരോധം എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല മതനിരപേക്ഷ, ജനാധിപത്യ കാഴ്ചപ്പാടുകളുടെ പരിശീലനക്കളരിയായി, ഒരനുഭൂതി കേന്ദ്രമായി വിദ്യാലയത്തെ മാറ്റിത്തീര്‍ക്കാനുള്ള ജനാധിപത്യകാഴ്ചപ്പാട് പുലര്‍ത്തുന്നവരുടെ നേതൃത്വമായി നിന്നു എന്നതുകൊണ്ടുകൂടിയാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഏറ്റവും പ്രധാനപ്പെട്ടതായിതീരുന്നത്.

മാനേജ്‌മെന്റിന്റെ ശിക്ഷാധികാരം എന്ന് പറയുന്നത് ഒരഅര്‍ത്ഥത്തിലും നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തതാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ആ രക്തസാക്ഷിത്വം.

കള്ളക്കേസില്‍ കുടുക്കി ഏറ്റവും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന, ആത്മബോധം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കാലഘട്ടത്തില്‍ ഒരധ്യാപകനെ നിസ്സഹായന്‍ ആക്കാന്‍ കഴിഞ്ഞുവെന്ന് ഒരുപക്ഷേ സ്‌കൂള്‍ അധികൃതര്‍, മാനേജ്‌മെന്റ്, കരുതുന്നുണ്ടാവാം. എന്നാല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഉയര്‍ത്തുന്നത് ഒരു വ്യക്തി അല്ലെങ്കില്‍ ആ വിദ്യാലയത്തില്‍ ജോലിചെയ്യുന്ന ഒരു അധ്യാപകനും ആ വിദ്യാലയത്തിലെ മാനേജറും തമ്മിലുള്ള സ്വകാര്യ തര്‍ക്കത്തിന്റെ പ്രശ്‌നമല്ല. അതിനപ്പുറത്ത് അന്നത്തെയും ഇന്നത്തെയും എന്നത്തെയും തലമുറ ഏറ്റെടുക്കേണ്ട ഏറ്റവും പ്രാഥമികമായ ജനാധിപത്യ മതനിരപേക്ഷമായ മാനവിക കാഴ്ചപ്പാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്.

അന്ന് ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാട് തന്നെയാണ് മാഷെ അനുസ്മരിക്കുന്ന ഇന്നും നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്. അങ്ങനെ ആ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മൗലികമായും ആലോചനകള്‍ക്ക് വിധേയമാക്കേണ്ട നിരവധി പ്രശ്‌നങ്ങളുണ്ട്. ഒന്നാമത്തേത് മാനേജ്‌മെന്റിന്റെ നിയമനാധികാരം. അതോടൊപ്പം നിയമിച്ചുകഴിഞ്ഞ അധ്യാപകരുടെ ജനാധിപത്യ അവകാശം നിഷേധിച്ചു കൊണ്ട് അവരുടെ ജീവിതത്തെത്തന്നെ തകര്‍ക്കാന്‍ കഴിയുന്ന വിധ്വംസകമായ ശിക്ഷാധികാരം. സത്യത്തില്‍ നില നില്‍ക്കേണ്ടത്തുണ്ടോ?

കേരളത്തില്‍ വിമോചന സമരത്തിന് ഇടം നല്‍കിയത് ഈ പ്രശ്‌നമായിരുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതേ അവസ്ഥ തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. കേരളത്തിലെ പല വിദ്യാലയത്തിലും ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു എന്ന് നാം ഇവിടെ തിരിച്ചറിയേണ്ടതുണ്ട്. ഇതിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും നിരന്തരം പ്രതിരോധങ്ങള്‍ ഉയര്‍ത്തുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ മൂന്നിയൂര്‍ സ്‌കൂളില്‍ ഈ പ്രതിരോധത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മാനേജ്‌മെന്റ് സൃഷ്ടിച്ച സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ആകാതെ വിലപ്പെട്ട ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്.

ആ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അവിടെ വെളിച്ചം രൂപപ്പെടുത്തിയെടുത്തത്. വൈലോപ്പിള്ളിയുടെ പ്രശസ്തമായ രണ്ടു വരികള്‍ ഞാനിവിടെ ഓര്‍ത്തു കൊള്ളട്ടെ. “വെളിച്ചം തൂവും തലമുറകള്‍ക്ക് എന്നാലും”.

എന്നുപറയുന്നതുപോലെ ആ വിദ്യാലയത്തെ വെളിച്ചത്തിന്‍റെയും പ്രബുദ്ധതയുടെയും ലോകത്ത് നയിക്കാനുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയതിന് കൂടി പശ്ചാത്തലത്തിലാണ് അനീഷ് മാഷിനെതിരെ ഉള്ള കള്ളപ്രചാരണങ്ങള്‍ രൂപം കൊണ്ടത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഇത് ഞാന്‍ തുടക്കത്തില്‍ പറഞ്ഞ പോലെ മാനേജറും ഒരു അധ്യാപകനും തമ്മിലുള്ള സ്വകാര്യ പ്രശ്‌നമല്ല. അനീഷ് മാഷ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ജനാധിപത്യ-മതനിരപേക്ഷ മാനവിക മൂല്യങ്ങളില്‍ ഐക്യപ്പെടുന്ന എല്ലാ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മറ്റെല്ലാ മനുഷ്യരുടെയും ഒരു കൂട്ടായ കാഴ്ചപ്പാടിന് എതിരെയുള്ള ഒരു അധികാര കേന്ദ്രത്തിന്റെ കടന്നാക്രമണം എന്ന രീതിയിലാണ് നാമത് നോക്കിക്കാണേണ്ടത്.

അതുകൊണ്ട് ഒന്നാമത്തെ പ്രശ്‌നം എന്നു പറയുന്നത് ഈ ശിക്ഷ അധികാരം എടുത്തുകളയുക എന്നുള്ളത് തന്നെയാണ്. ഇതിനര്‍ത്ഥം ഒരു വിദ്യാലയം അതിനകത്തുള്ള ഏതെങ്കിലും അധ്യാപകരുടെ കൊള്ളരുതായ്മയെ കയറൂരി വിടണം എന്നല്ല . തീര്‍ച്ചയായും അത് തടയേണ്ടതുണ്ട് അതിനെതിരെ നടപടി എടുക്കേണ്ടതുണ്ട്. ആ നടപടിയെടുക്കുന്നതില്‍ മാനേജര്‍ ഒരംഗം ആയിരിക്കാം അതിലപ്പുറം മാനേജര്‍ക്ക് പരമാധികാരം നല്‍കുന്ന ഒരു അവസ്ഥ ഒരിക്കലും ഉണ്ടായിക്കൂടാ. അതുകൊണ്ട് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകന്‍ അവിടത്തെ വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍, അവിടത്തെ മാനേജ്‌മെന്റ് പ്രതിനിധി, രക്ഷാകര്‍ത്താക്കളുടെ പ്രതിനിധി, വിദ്യാര്‍ത്ഥികളുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി ഇവരെല്ലാം കൂടി കൂടിചേര്‍ന്നുള്ള ഒരു കമ്മിറ്റിയാണ് സത്യത്തില്‍ ജനാധിപത്യപരമായി ഉണ്ടാവേണ്ടത്.

ശിക്ഷാധികാരം മുഴുവന്‍ മാനേജര്‍ എന്ന വ്യക്തിയില്‍ നിക്ഷിപ്തമാകുമ്പോള്‍ അവിടെ സംഭവിക്കുവാന്‍ സാധ്യതയുള്ളത് ഇതുപോലെ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുക എന്നതായിരിക്കും. അതുകൊണ്ട് ഈ കാര്യത്തിലുള്ള നിതാന്തമായ ജാഗ്രത നമ്മുടെ സമൂഹത്തില്‍ രൂപപ്പെട്ട് വരണം. അതുകൊണ്ട് ഒന്നാമതായി അനീഷ് മാഷുടെ അനുസ്മരണം ആവശ്യപ്പെടുന്നത് മാനേജ്‌മെന്റുകളുടെ ആക്രമണത്തിന്, ജനാധിപത്യവിരുദ്ധമായി, അധ്യാപകര്‍ക്കും വിദ്യാലത്തിനുമെതിരെ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയാണ് എന്നുള്ളതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത്തേത് ജനാധിപത്യാവകാശം അധ്യാപകര്‍ക്കും അതുപോലെ എല്ലാ മനുഷ്യര്‍ക്കും ദീര്‍ഘകാല സമരത്തിലൂടെ ലഭിച്ചിട്ടുള്ളതാണ്. അത്തരം ജനാധിപത്യാവകാശങ്ങള്‍ പോലും മൂന്നിയൂര്‍ സ്‌കൂളില്‍ നടപ്പിലാക്കാന്‍ നേതൃത്വം നല്‍കേണ്ട മാനേജര്‍ തന്നെ വിലങ്ങ് തടിയായി നില്‍ക്കുന്നതാണ് നാമിപ്പോള്‍ കാണുന്നത്. അദ്ദേഹം ഒരിക്കല്‍ പോലും അനീഷ് മാഷുടെ ജീവിത പങ്കാളിക്ക് അര്‍ഹതപ്പെട്ട ജനാധിപത്യം അവര്‍ക്ക് അനിവാര്യമായി നല്‍കണം എന്ന് നിര്‍ദേശിച്ച തൊഴില്‍ ആ വിദ്യാലയത്തില്‍ നല്‍കുന്നതിന് കൃത്രിമമായ കാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോവുക എന്നത് ജനാധിപത്യവിരുദ്ധമാണ്. സത്യത്തില്‍ മനുഷ്യസ്‌നേഹത്തിന്റെയോ അല്ലെങ്കില്‍ ജനാധിപത്യ ബോധ്യത്തിന്റെയോ പേരില്‍ ആ സ്ഥാപനത്തിന് ആദ്യം തന്നെ, അപേക്ഷ കൂടാതെ നടത്താന്‍ കഴിയേണ്ട ഒന്നായിരുന്നു അവിടെ തുടര്‍ച്ചയായി ജോലി ചെയ്ത ഒരാളുടെ തുടര്‍ച്ചയായി തൊഴിലെടുക്കാനുള്ള അവകാശം ഉറപ്പ് വരുത്തുക എന്നുള്ളത്. എന്നാല്‍ അത്തരത്തിലുള്ള അവകാശം ഉറപ്പ് വരുത്തുന്നതിന് പകരം ആ ജോലി നല്‍കാതിരിക്കാനുള്ള കൃത്രിമന്യായങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇത് മനുഷ്യത്വ വിരുദ്ധമാണ് എന്ന് മാത്രമല്ല, ജനാധിപത്യത്തിനും മാനവികതയ്ക്കും മതേതരത്വത്തിനും തൊഴില്‍ നൈതികതക്കും എതിരെയുള്ള ബോധപൂര്‍വ്വമായ നീക്കമാണ്.ഇതിനെ പരാജയപ്പെടുത്താന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒന്നിക്കേണ്ടതുണ്ട്.

എല്ലാവരും ഒറ്റകെട്ടായി, എല്ലാ മനുഷ്യസ്‌നേഹികളെയും ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു “ഇതൊരു മൂന്നിയൂര്‍ സ്‌കൂളിന്റെ പ്രശ്‌നമോ അനീഷ് മാഷിന്റെ പ്രശ്‌നമോ അവിടുത്തെ മാനേജറുടെ പ്രശ്‌നമോ അവിടുത്തെ പ്രദേശത്തിന്റെ പ്രശ്‌നമോ മാത്രമല്ല. ഇത് ജനാധിപത്യ, മതേതരത്വ, മാനവിക കാഴ്ചപ്പാട് പുലര്‍ത്തുന്ന മുഴുവന്‍ മനുഷ്യരും ഏറ്റെടുക്കേണ്ട പ്രശ്‌നമാണ്.

ഈ പ്രശ്‌നത്തിന് ഇതുവരെയായി മാനേജ്‌മെന്റ് കൈകൊള്ളുന്ന തെറ്റായ കാഴ്ചപ്പാടുകളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കപ്പുറം സംഘടനാപരമായ അഭിപ്രായ വ്യത്യാസത്തിനപ്പുറം എല്ലാ ജാതി മത ഭേദമന്യേ ഞങ്ങളും ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച അനീഷ് മാഷ്‌ക്കൊപ്മാണ്., ഉയര്‍ത്തിപ്പിടിച്ചമൂല്യങ്ങള്‍ക്കൊപ്പമാണ്, ജീവിതം ആവശ്യപ്പെടുന്ന നീതിക്കൊപ്പമാണ് പിന്‍മടക്കമില്ലാതെ പ്രഖ്യാപിക്കാനുള്ള ഒരു സന്ദര്‍ഭമാണ് നമ്മള്‍ ഇതിനെ, ഈ അനുസ്മരണത്തെ വികസിപ്പിക്കേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ആ അര്‍ത്ഥത്തില്‍ ഈ അനുസ്മരണത്തെ ഞാന്‍ തുടക്കത്തില്‍ നമ്മുടെ കാലത്തിനഭിമുഖമായി അതോടൊപ്പം നമ്മുടെ കാലത്തെ ചരിത്രത്തിന് അഭിമുഖമാക്കാന്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് അഭിമുഖമാക്കാന്‍ നിരന്തരം തന്റെ ജീവിതം കൊണ്ടും തന്റെ മരണം കൊണ്ടു പ്രവൃത്തിച്ച് കൊണ്ടിരിക്കുന്ന അനിഷ് മാഷുടെ അനുസ്മരണത്തെ ആ അര്‍ത്ഥത്തില്‍ വിപുലീകരികയാണ് വേണ്ടതെന്ന് നാം തിരിച്ചറിയണം.

ഈ ഒത്തുചേരല്‍, എല്ലാ തരത്തിലുമുള്ള സങ്കുചിതത്വത്തിന് അപ്പുറത്തുള്ള ഒത്തുചേരല്‍, തീര്‍ച്ചയായിട്ടും നമ്മുടെ വിദ്യാലയത്തെ കൂടുതല്‍ പ്രബുദ്ധമാക്കും. മൂന്നിയൂര്‍ വിദ്യാലയത്തെ കൂടുതല്‍ ജനാധിപത്യപരമാക്കാന്‍, ജനാധിപത്യ – മതനിരപേക്ഷമാക്കാന്‍ , മാനുഷികമാക്കാന്‍ ഈ ഒത്തുചേരല്‍ സഹായിക്കും. അതുകൊണ്ട് കലാ, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത രംഗത്ത് പ്രവര്‍ത്തിക്കുന്നവരും, ഒരു സംഘടനയിലും പ്രവര്‍ത്തിക്കാത്തവരുമായ എല്ലാവരുടേയും ഏറ്റവും ആഴത്തിലുള്ള ശ്രദ്ധയും പരിചരണവും ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പികുകയാണ് ഈ പ്രാവശ്യത്തെ ഒത്തുചേരലിലൂടെ, അനുസ്മരണത്തിലൂടെ നാം എല്ലാം നിര്‍വ്വഹിക്കേണ്ടത് എന്ന് മാത്രമാണ് ഇതുമായ് ബന്ധപ്പെട്ട് ഇപ്പോള്‍ പ്രാഥമികമായ് പറയാനുള്ളത്. മറ്റെല്ലാം നമ്മള്‍ ഒന്നിച്ച് ചെയ്യാനള്ളതാണ്. അത് മാത്രമാണ് സൂചിപ്പികുന്നത്.