| Friday, 4th July 2014, 2:30 pm

പച്ചയെ എതിര്‍ക്കുന്നത് സംഘപരിവാര്‍ യുക്തിയെന്ന് കെ.ഇ.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കണ്ണൂര്‍: വിദ്യാലയങ്ങളില്‍ പച്ചബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധ മാമാങ്കം കൊണ്ടാടിയ സിപിഎം-ബിജെപി ഘടകങ്ങള്‍ക്കെതിരെ കെ.ഇ.എന്‍.പച്ചയെ അനുകൂലിച്ചും എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ചുമാണ് ഇടതുചിന്തകനും പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമായ കെ.ഇ.എന്‍ കുഞ്ഞുമുഹമ്മദ് രംഗത്ത് വന്നിരിക്കുന്നത്.

കെ.ഇ.എന്‍ പച്ചയെ എതിര്‍ക്കുന്നത് സംഘപരിവാര്‍ യുക്തിയാണെന്നാണ് ഗള്‍ഫില്‍ പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിലെ തന്റെ “അപസ്വരങ്ങള്‍” എന്ന പ്രതിവാരപംക്തിയില്‍ കെ.ഇ.എന്‍ പറയുന്നത്.പ്രകൃതിക്കും പ്രകൃതിയുടെ ഭാഗമായ എല്ലാ ജീവജാലകങ്ങള്‍ക്കും പച്ച ഒരു നിറമെന്നതിലധികം സ്വന്തം നിലനില്‍പാണെന്നാണ് കെ.ഇ.എന്‍ ലേഖനത്തില്‍ പറയുന്നത്.

ശത്രുതാപരമായ സാമൂഹികവൈരുദ്ധ്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഒരൊറ്റ നിറം വികസിച്ചുവരുമെങ്കില്‍ അത് പച്ചയായിരിക്കുമെന്നും ലേഖനത്തിലുണ്ട്. ശത്രുതാപരമായ സാമൂഹിക വൈരുദ്ധ്യങ്ങള്‍ അവസാനിക്കാത്തതുകൊണ്ടാമണ് പച്ചയെ എതിര്‍ക്കുന്നതെന്ന പരോക്ഷവിമര്‍ശനമാണ് ഇവര്‍ക്കെതിരെ കെ.ഇ.എന്‍ നടത്തുന്നത്.വന്ദേമാതരവും മലയാളകവിതകളും പഴഞ്ചൊല്ലുകളുമൊക്കെ കൂട്ടുപിടിച്ചാണ് ലേഖനത്തില്‍ പച്ചയെ വര്‍ണിക്കുന്നത്. പച്ചയോട് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള അടുപ്പം കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചാണ് ലേഖനത്തിന്റെ അവസാനം.

ഇത് ഒരു നിറത്തിന്റെ പ്രശ്‌നമല്ലെന്നും നിറങ്ങള്‍ക്ക് ചിലപ്പോള്‍ പ്രത്യേക മാനങ്ങളുണ്ടാകുമെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണെന്നുമായിരുന്നു പച്ചബോര്‍ഡ് സ്ഥാപിക്കുന്നതിനെ എതിര്‍ത്ത്‌കൊണ്ട് പിണറായി വിജയന്‍ പറഞ്ഞത്. പിണറായിയുടെ നിലപാടിനെ പൂര്‍ണ്ണമായും തള്ളുന്നതാണ് കെ.ഇ.എന്നിന്റെ ലേഖനം.

We use cookies to give you the best possible experience. Learn more