ഇന്ത്യയുടെ രാഷ്ട്രീയ സമ്മര്‍ദ്ദം അട്ടിമറിച്ച ഒരു പ്രവര്‍ത്തനമായിരുന്നു കൃത്രിമമായുണ്ടാക്കിയ രഥയാത്ര. സൂക്ഷ്മാര്‍ത്ഥത്തില്‍ രഥയാത്രയെന്നല്ല കൊലയാത്രയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്. എന്തുപേരില്‍ വിളിച്ചാലും അത് പ്രവൃത്തി പഥത്തിലെത്തിയപ്പോള്‍ നാം കണ്ടത് ഉത്തരേന്ത്യയിലുടനീളം ചോരപ്പുഴയൊഴുകുന്നതാണ്. ഉജ്ജയനിയില്‍ പോലും അദ്വാനി കാളിദാസന്റെ ഒരു കൃതി എടുത്തുകൊണ്ട്, തന്റെ പ്രഭാഷണത്തില്‍ ഇന്ത്യയിലെ മഹാപ്രതിഭകളിലൊരാളായ കാളിദാസനെ സ്മരിക്കുകയല്ല ചെയ്തത്. രക്തവും ത്രിശൂലവുമാണ് അവിടെ വിതരണം ചെയ്യപ്പെട്ടത്. ത്രിശൂലം പ്രസാദമായി തീരുന്ന, പൂമാലയ്ക്കു പകരം രക്തംകൊണ്ട് തിലകം ചാര്‍ത്തുന്ന ജനാധിപത്യത്തെ അപഹസിക്കുന്ന തരത്തിലുള്ള ഒരു യാത്രയായിരുന്നു അത്.
ലോകചരിത്രത്തിലും ഇന്ത്യാ ചരിത്രത്തിലും പലതരം യാത്രകള്‍ സാമൂഹിക ജീവിതത്തില്‍ വളരെ രചനാത്മകമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സാമ്രാജ്യത്വത്തെ പിടിച്ചുലച്ച ദണ്ഡിയാത്ര നമുക്ക് അനുസ്മരിക്കാവുന്നതാണ്.
എന്നാല്‍ സാമ്രാജ്യത്വവിരുദ്ധ സമരകാലത്ത് സാമൂഹ്യനീതിക്കുവേണ്ടി നടന്ന എല്ലായാത്രകളേയും ഒരു പ്രഹസനമാക്കുകയും അശ്ലീലമാക്കുകയുമാണ് രഥയാത്ര ചെയ്തത്. സത്യത്തില്‍ ആ പേരു തന്നെ സംഘപരിവാര്‍ പുലര്‍ത്തുന്ന കാപട്യത്തിന്റെ നമ്പര്‍ വണ്‍ തെളിവാണ്. അതില്‍ രഥമുണ്ടായിരുന്നില്ല. അത് ഏറ്റവും ആധുനികമാംവിധം രൂപകല്‍പ്പന ചെയ്യപ്പെട്ട, ശീതീകരിക്കപ്പെട്ട, ഏറ്റവും വലിയ കുത്തക കമ്പനിയുടെ ഒരു വാഹനത്തെ രഥം എന്ന രീതിയില്‍ അലങ്കരിച്ച് ഉണ്ടാക്കിയ ഒരു കാപട്യം മാത്രമായിരുന്നു.
പുരാണ സ്മൃതികളുണര്‍ത്തി ഒരു ജനതയുടെ ഊര്‍ജം സജീവമാക്കുന്നതിന് പകരം ഇവിടെ രഥയാത്ര, ശ്രീരാമന്‍ തുടങ്ങിയ പേരുകളിലൂടെ ഒരു ജനതയുടെ ഊര്‍ജത്തിന്റെ ഉറവിടത്തെയാകെ അടച്ചുകളയാനുള്ള ഒരു ഭീകര പ്രവര്‍ത്തനമാണ് നടത്തിയിരുന്നത് എന്ന് പിന്നീട് സകലര്‍ക്കും വ്യക്തമായി. രഥയാത്രയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ പലഭാഗത്തുണ്ടായ കലാപങ്ങളും മറ്റും തുടക്കത്തില്‍ രഥയാത്ര ശ്രീരാമനോടുള്ള സ്നേഹമാണ്, ഭക്തിയാണ് എന്നൊക്കെ കരുതിയ നിഷ്‌കളങ്കരായ മനുഷ്യരുടെ കണ്ണ് തുറപ്പിച്ചു. ഇതൊരു തട്ടിപ്പാണ്, രാഷ്ട്രീയ തട്ടിപ്പാണ് എന്നവര്‍ക്കു വ്യക്തമായി.
ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്കും തുടര്‍ന്ന് സംഘപരിവാര്‍ ശക്തിപ്പെടുന്നതിലേക്കും ഈ കൊലയാത്ര അതിന്റേതായ പങ്കുവഹിച്ചുവെന്നത് ശരിയാണ്. പക്ഷേ അത് മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിലും ഏല്‍പ്പിച്ച പരിക്ക് ഇന്നും പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല.
ഒരു സമൂഹമാകെ നെറുകെ പിളര്‍ക്കുന്ന തരത്തിലേക്കാണ് അത് നീങ്ങിയത്. ആ ആര്‍ത്ഥത്തില്‍ ഉത്തരേന്ത്യന്‍ മണ്ണിലൂടെയല്ല, ഇന്ത്യന്‍ ജനതയുടെ മനസ് മുറിച്ചാണ് ഈ യാത്ര മുന്നേറിയത്.
അതുകൊണ്ട് ഞാന്‍ സൂചിപ്പിക്കുന്നത് രഥയാത്ര സത്യത്തില്‍ രഥയാത്രയില്‍ വെച്ചു തുടങ്ങിയതല്ല. അതിനു മുമ്പു തന്നെ തുടങ്ങിയതാണ്. 1949 മഹാത്മാഗാന്ധി വധത്തെതുടര്‍ന്ന് കൂടുതല്‍ ഒറ്റപ്പെട്ട സംഘപരിവാര്‍ ഇന്ത്യന്‍ ജനതയെ കബളിപ്പിക്കാന്‍ വേണ്ടി നടത്തിയ ഒരു പ്രവര്‍ത്തനത്തിലാണ് ഈ രഥയാത്രയുടെ തുടക്കം എന്ന് നാം തിരിച്ചറിയേണ്ടത്.
1949 ഡിസംബറിലാണ് അഖണ്ഡനാമ രാമായണ ജപം ആരംഭിച്ചുകൊണ്ടാണ് അത് തുടങ്ങിയത്. ആ നാമജപം അവസാനിക്കുന്ന ഡിസംബര്‍ 22നാണ് ബാബറി മസ്ജിദിന്റെ അകത്ത് രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നാമജപം യഥാര്‍ത്ഥത്തില്‍ എന്താണോ അതിന്റെ തന്നെ നിരാകരണമാണ് വളരെ ആസൂത്രിതമായി 1949 ഡിസംബര്‍ മാസത്തില്‍ അഖണ്ഡനാമജപം എന്ന ഒരു രാഷ്ട്രീയ പദ്ധതിയിലൂടെ ഇവര്‍ അവതരിപ്പിച്ചത്.
അപ്പോഴും ജനങ്ങള്‍ കരുതിയത് ഇത് ഭക്തിയാണല്ലോ എന്നായിരുന്നു. പക്ഷേ പിന്നീടാണവര്‍ക്ക് മനസിലായത് ആ നാമജപം അവസാനിപ്പിച്ചത് വലിയൊരു കയ്യേറ്റത്തോടുകൂടിയായിരുന്നു എന്ന്. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ബാബറി മസ്ജിദിനെ ഒരു താവളമാക്കാന്‍ ശ്രമിച്ചപ്പോള്‍ അയോധ്യയിലെ മനുഷ്യര്‍ ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ ഒന്നിച്ചു നിന്ന് അതിനെ പൊളിക്കുകയാണുണ്ടായത്.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്താണ് ബ്രിട്ടീഷുകാര്‍ ബാബറി മസ്ജിദ് കേന്ദ്രമാക്കി ഇന്ത്യന്‍ ജനതയുടെ ഐക്യം പൊളിക്കാന്‍ ആഗ്രഹിച്ചത്. കാരണം 1857ലെ ആദ്യത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം കര്‍ഷക സമരം കൊണ്ട് ജ്വലിച്ചുനിന്ന, സാമുദായിക മൈത്രിക്ക് പേരുകേട്ട ഔദായിരുന്നുവെന്നത് അവരുടെ ഉറക്കം കെടുത്തിയിരുന്നു. അത് പൊളിച്ചിട്ടു തന്നെ ഇനി കാര്യം എന്നവര് ചിന്തിച്ചു. അതിനുവേണ്ടി അവര്‍ ബാബറി മസ്ജിദിനെ നിമിത്തമാക്കി. പക്ഷേ അതിനെ പൊളിക്കുകയാണ് അന്നത്തെ അയോധ്യാ നിവാസികള്‍ ചെയ്തത്. അതിന് നേതൃത്വം നല്‍കിയത് ബാബാ രാമേന്ദ്രദാസും അമീറലിയുമാണ്.
ഹിന്ദു മുസ്‌ലിം സമൂഹങ്ങളുടെ നേതാക്കന്മാരെന്ന അര്‍ത്ഥത്തില്‍ ഞങ്ങള്‍ക്കൊരു തര്‍ക്കവുമില്ല എന്നനിലക്ക് അവരൊന്നിച്ചു നിന്നു. 1858ല്‍ ഇവരെ അയോധ്യയിലെ ഒരു പുളിമരക്കൊമ്പില്‍ കെട്ടിത്തൂക്കി കൊല്ലുകയാണുണ്ടായത്. കൊന്നതിനുശേഷവും ജനങ്ങളവിടെ അവരുടെ സ്മരണയില്‍ ഐക്യം പുതുക്കിയപ്പോള്‍ 1860 പുളിമരം വേരോടെ പിഴുതെറിയുകയാണുണ്ടായത്. പറഞ്ഞതിന്റെ ചുരുക്കം ബ്രിട്ടീഷുകാര്‍ക്ക് കഴിയാത്തതാണ് ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ നിന്നൊറ്റപ്പെട്ട, ഒരു ഭീകരസംഘടനയായി മാറിയ, ആര്‍.എസ്.എസ്സം, സംഘപരിവാര്‍ ഭക്തിയുടെ മറപിടിച്ച് അഖണ്ഡനാമജപം നടത്തി ഒരു തിരിച്ചുവരവിനുള്ള ശ്രമം നടത്തിയത്.
1949 ഡിസംബര്‍ 22ല് ഈ രാമവിഗ്രഹം സരയൂ നദിയിലേക്ക് എടുത്തെറിയാന്‍ നെഹ്‌റു പറഞ്ഞെങ്കിലും മലയാളിയായ കരുണാകരന്‍ നായരെന്ന കെ.കെ നായര്‍, അവിടുത്തെ ജില്ലാ മജിസ്‌ട്രേറ്റ്, അവിടെ തന്നെ അത് സ്ഥാപിക്കുകയാണുണ്ടായത്. അതിന് ഇന്ത്യ കൊടുക്കേണ്ടി വന്ന വലിയ വിലയാണ് നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്യുന്ന രഥയാത്രയും രഥയാത്രയെ തുടര്‍ന്നുണ്ടായ ബാബറി മസ്ജിദ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഒരു കേന്ദ്രം അടിച്ചുപൊളിക്കപ്പെട്ടുവെന്നുള്ളതും.
ഇനി കേരളത്തിന്റെ പശ്ചാത്തലത്തിലേക്കു വന്നാല്‍ തീര്‍ച്ചയായിട്ടും നമുക്കറിയാം ഉത്തരേന്ത്യയിലെ രഥയാത്രകൊണ്ട് ഇളകി മറിയുമ്പോഴും കേരളം അതിനെ ഒരു തരം പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് നോക്കിക്കണ്ടത്. ആ കേരളത്തിലാണ് രഥയാത്രയുടെ ചുവടുപിടിച്ച് രഥയാത്ര നടത്താനൊരുങ്ങുന്നത്. ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ലജ്ജയാണ് തോന്നുന്നത്. കാരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുപോയി എന്നു പറഞ്ഞ് ജനങ്ങളോട് മാപ്പു ചോദിക്കുന്നതിനു പകരം അതില്‍ നിന്നും വീണ്ടും ആവേശം കൊള്ളുക, മാത്രമല്ല മതനിരപേക്ഷതയുടെ ശക്തി കേന്ദ്രമായ കേരളത്തിലും ഇത്തരമൊരു പരീക്ഷണം നടത്തും എന്നു പറയുമ്പോള്‍ നമ്മള്‍ ലജ്ജിക്കുകയാണ് വേണ്ടത്.
ഉത്തരേന്ത്യയില്‍ രാമനെ കേന്ദ്രമാക്കി ഏതുപ്രകാരം മതസൗഹാര്‍ദ്ദത്തേയും മതനിരപേക്ഷതയേയും ജനാധിപത്യത്തേയും തകര്‍ത്തുവോ അതേ പ്രകാരം കേരളത്തില്‍ ശബരിമലയെ അടിസ്ഥാനമാക്കി ജനങ്ങള്‍ക്കിടയിലെ സൗഹൃദത്തേയും സ്‌നേഹത്തേയും മതനിരപേക്ഷതയേയും പൊളിക്കാനാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചതുപോലെ
ശബരിമലയുടെ നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന സൗഹൃദവും സ്‌നേഹവും പൊളിക്കാനുള്ള ശ്രമങ്ങളാണവര് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ നാമജപ പ്രതിഷേധം എന്നു പറയുന്നത് 1949 ഞാന്‍ നേരത്തെ പരാമര്‍ശിച്ച അഖണ്ഡനാമജപത്തിന്റെ അപകടത്തെ തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇതിന് നാമവുമില്ല ജപവുമില്ല. ഇതില് കൊലവിളി മാത്രമാണുള്ളത്. “അടിച്ചു കൊല്ലടാ അവളെ”യെന്ന് ഒരുപക്ഷേ ശബരിമലയുടെ സുദീര്‍ഘമായ നാളിതുവരെയുള്ള ചരിത്രത്തില്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത അറപ്പുളവാക്കുന്ന ആക്രോശം ഈ സമരത്തിന്റെ ഭാഗമായിട്ടാണ് ഉയര്‍ന്നുവന്നത് എന്നത് മലയാളിക്ക് ഒരിക്കലും മറക്കാനവില്ല.
ഉത്തരേന്ത്യയല്ല, ഗുജറാത്തല്ല, മഹാരാഷ്ട്രയല്ല കേരളം എന്നതാണ് ഇവര് മറക്കുന്നത്. ഇതൊരുതരം കോമാളിയാത്രയായിട്ട് മാറും. സംഘപരിവാര്‍, അതിന് നേതൃത്വം നല്‍കുന്നവര്‍, കേരള സമൂഹത്തിന് മുമ്പില്‍ കോലം കെടും എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കേരളം പൊളിക്കുകയെന്ന സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് അവര് ശബരിമല പൊളിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് അവര്‍ ഈ യാത്രയും നടത്തുന്നത്.
ഉത്തരേന്ത്യയില്‍ ജയിച്ചുവെന്നാണവര് കരുതുന്നത്. മതനിരപേക്ഷതയെ തോല്‍പ്പിച്ചുവെന്ന അര്‍ത്ഥത്തില്‍ അവര്‍ക്കുവേണമെങ്കില്‍ അഭിമാനിക്കാം ആ കൊലയാത്ര ഒരു വിജമായിരുന്നെന്ന്. അതിന്റെ ചുവടുപിടിച്ച് കേരളത്തിലും ഇത്തരമൊരു യാത്ര നടത്തി വിജയിപ്പിച്ചു കളയാം, അല്ലെങ്കില്‍ മതനിരപേക്ഷതയെ തോല്‍പ്പിച്ചു കളയാം എന്നാണവര്‍ മോഹിക്കുന്നത്. പക്ഷേ അവരുടെ മോഹം കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടുകയില്ല . കേരളത്തില്‍ ജനാധിപത്യ മതേതര കാഴ്ചപ്പാടു പുലര്‍ത്തുന്ന മനുഷ്യര്‍ക്കിടയില്‍ പലവിധ കാരണങ്ങളാല്‍ മുമ്പുണ്ടായിരുന്ന ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ മാറ്റിവെച്ച് ശബരിമല കേന്ദ്രമാക്കി സംഘപരിവാര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ സംഘര്‍ത്തെ പ്രതിരോധിക്കാന്‍ വന്‍തോതില്‍ വ്യത്യസ്ത കാഴ്ചപ്പാടുള്ളവര്‍ ഒത്തുചേരുന്നത് ഇതിന് തെളിവാണ്.
അതുകൊണ്ട് ഉറപ്പിച്ചു പറയാം ഉത്തരേന്ത്യയിലെ, മഹാരാഷ്ട്രയിലെ, രാജസ്ഥാനിലെ ജീര്‍ണ ആശയങ്ങള്‍ ജനവിരുദ്ധ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയും എന്ന അവരുടെ മോഹം ഈ യാത്ര തുടങ്ങി ആദ്യത്തെ ദിവസം തന്നെ വലിയൊരു വ്യാമോഹമായിട്ട് അവര്‍ തിരിച്ചറിയും. അന്നവര്‍ സങ്കടപ്പെടും. അന്ന് മലയാളി സമൂഹം ആത്മാഭിമാനത്തോടെ നിവര്‍ന്നുന്നിന്ന് ആഹ്ലാദിക്കും.