ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 30ന് നടക്കാനിരിക്കെ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്), കോൺഗ്രസ്, ബി.ജെ.പി എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ചരിത്രപരമായ ഹാട്രിക്ക് നേട്ടത്തിനായി മത്സരിക്കുമ്പോൾ ക്ഷേമ പദ്ധതികളും കെ.സി.ആറിന്റെ പ്രഭാവവുമാണ് ബി.ആർ.എസ് തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നത്. നരേന്ദ്ര മോദി തരംഗം ഫലം ചെയ്യുമോ എന്ന് ബി.ജെ.പി പരീക്ഷിക്കാനൊരുങ്ങുമ്പോൾ ചില വോട്ടർമാർക്കിടയിലെ ഭരണവിരുദ്ധ വികാരം മുതലെടുക്കാനും ബി.ആർ.എസിലെ ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ആകെയുള്ള 119 മണ്ഡലങ്ങളിൽ 115ലും ബി.ആർ.എസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം, കോൺഗ്രസസിൽ സീറ്റ് തർക്കം നടക്കുകയാണെന്നും ബി.ജെ.പിയിൽ നേതാക്കൾക്കിടയിൽ മത്സരമുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിലവിൽ കോൺഗ്രസിന് അഞ്ച് സീറ്റുകളും ബി.ജെ.പിക്ക് മൂന്ന് സീറ്റുകളും മാത്രമാണുള്ളത്.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തെലങ്കാന സന്ദർശനത്തിനെത്തിയിരുന്നു. നാല് ലോക്സഭാ എം.പിമാർ ഉൾപ്പെടെ മുതിർന്ന നേതാക്കളോട് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ പറഞ്ഞതായും എന്നാൽ നേതാക്കൾക്ക് മത്സരിക്കുന്നതിൽ അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഒക്ടോബർ 15ന് പ്രകടന പത്രിക പുറത്തിറക്കാൻ ഒരുങ്ങുകയാണ് ബി.ആർ.എസ്. സെപ്റ്റംബർ 17, 18 ദിവസങ്ങളിൽ നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിനെ തുടർന്ന് ആറ് വാഗ്ദാനങ്ങൾ വെളിപ്പെടുത്തിയെങ്കിലും കോൺഗ്രസ് പ്രകടനപത്രിക പുറത്തുവരുന്നതിനെ കുറിച്ച് സൂചനകളില്ല.
ഭരണവിരുദ്ധ വോട്ടുകൾ കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾക്കിടയിൽ വിഭജിക്കപ്പെടുന്നതിൽ നിന്ന് ബി.ആർ.എസ് എങ്ങനെ പ്രവർത്തിച്ചു എന്ന് വ്യക്തമാകുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ ഇറബലി രജനികാന്ത് പറഞ്ഞു.
Content Highlight: K Chandrashekar Rao aims for hat-trick; Congress, BJP eye CM hat