| Wednesday, 1st January 2020, 8:55 am

പൗരത്വ നിയമത്തിലും എന്‍.ആര്‍.സിയിലും നിലപാടെടുക്കാതെ രണ്ടു നേതാക്കള്‍; പ്രതിപക്ഷത്തോടും അകലം പാലിച്ച് ഇരുവരും; കാരണമിതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും പ്രതിഷേധങ്ങള്‍ നടക്കവെ, നിലപാടുകള്‍ വ്യക്തമാക്കി രാജ്യത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും ഇതോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും രണ്ടു പ്രമുഖ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ നിലപാടെടുക്കാനായിട്ടില്ല. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ കെ.സി.ആര്‍ എന്ന കെ. ചന്ദ്രശേഖര്‍ റാവുവിനും ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പു സ്വന്തമായി സ്വന്തമായി മുന്നണികള്‍ കെട്ടിപ്പടുക്കാനുള്ള തിരക്കിലായിരുന്ന ഇരുവരും തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തുണ്ടായ സുപ്രധാന വിഷയത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

ബി.ജെ.പി-ഇതര, കോണ്‍ഗ്രസിതര പാര്‍ട്ടികളെ ഒരു വേദിയിലെത്തിച്ച് ഫെഡറല്‍ മുന്നണിയുണ്ടാക്കാനായിരുന്നു കെ.സി.ആറിന്റെ ശ്രമമെങ്കില്‍, ബി.ജെ.പി-ഇതര പാര്‍ട്ടികളെ യു.പി.എയിലെത്തിക്കാനായിരുന്നു നായിഡുവിന്റെ ശ്രമം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരും ഇതിനായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാക്കളായ എച്ച്.ഡി ദേവഗൗഡ, എച്ച്.ഡി കുമാരസ്വാമി, ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെ കാണുകയുമുണ്ടായി.

ഇപ്പറഞ്ഞ നേതാക്കളൊക്കെയും പൗരത്വ നിയമത്തിലും എന്‍.ആര്‍.സിയിലും നിലപാടെടുത്തെങ്കിലും കെ.സി.ആറും നായിഡുവും ഇപ്പോഴും ഇതില്‍ നിശബ്ദരാണ്. കേന്ദ്രസര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ ഇരുവരും തയ്യാറാകുന്നില്ലെന്നതാണ് ഇതിനു കാരണമായി രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കെ.സി.ആര്‍ നേരത്തേ തന്നെ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരേ പോലെ അകലം പാലിക്കുകയും വിഷയാധിഷ്ഠിതമായി മോദിസര്‍ക്കാരിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. അതേസമയം ബി.ജെ.പിയുമായുള്ള തന്റെ ബന്ധം പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് നായിഡു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടി.ആര്‍.എസ് പാര്‍ലമെന്റില്‍ പൗരത്വ നിയമത്തെ എതിര്‍ത്തപ്പോള്‍, ടി.ഡി.പി നിയമത്തെ പിന്തുണച്ചുവെന്നത് അതിന്റെ സൂചനയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരുടെയും അടുത്തയാളാണ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് ഇരുവരും പോയില്ലെന്നതും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്.

ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഭൂരിഭാഗം പ്രതിപക്ഷ നേതാക്കളും ഒന്നിച്ചപ്പോള്‍, ഇരുവരുടെയും അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കെ.സി.ആറിന്റെ ഫെഡറല്‍ മുന്നണിക്ക് ആദ്യമായി പിന്തുണ പ്രഖ്യാപിച്ച നേതാവ് കൂടിയായിരുന്നു ഹേമന്ത് സോറന്‍ എന്നതും കണക്കിലെടുക്കണം.

We use cookies to give you the best possible experience. Learn more