കേരളാ പൊലീസ് കോടതിയില്‍ പച്ചക്കള്ളം പറഞ്ഞാണ് സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയത്: കെ.സി. വേണുഗോപാല്‍
Kerala News
കേരളാ പൊലീസ് കോടതിയില്‍ പച്ചക്കള്ളം പറഞ്ഞാണ് സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയത്: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st December 2022, 5:56 pm

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെ പരസ്യമായി അപമാനിച്ചതില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിയാത്ത കേരളാ പൊലീസിന്റെ ‘കാര്യക്ഷമത’യുടെ തുടര്‍ച്ചയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസ് നടപടിയില്‍ കോടതിയില്‍ നിന്ന് അന്തിമ തീര്‍പ്പ് ഉണ്ടാകും മുമ്പേ മന്ത്രിക്കസേരയിലേക്ക് പൊന്നാടയിട്ട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടി അന്വേഷണം അടിമുടി അട്ടിമറിക്കപ്പെട്ടതിന്റെ ഒന്നാന്തരം തെളിവാണിതെന്നും വേണുഗോപാല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

വീഡിയോ രൂപത്തില്‍ പകല്‍ പോലെ വ്യക്തമായ തെളിവ് കണ്‍മുന്നിലിരിക്കെ കോടതിയില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടാവാതെ പോയത് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിയുടെ കൂടി കഴിവ് പ്രകടമാക്കുന്നതാണ്. കോടതിക്ക് മുമ്പില്‍ പോലും പച്ചക്കള്ളം പറയാന്‍ മടിയില്ലാത്ത പൊലീസും അതിനെ നിയന്ത്രിക്കുന്ന സി.പി.ഐ.എമ്മും സജി ചെറിയാന്‍ അപമാനിച്ച ഭരണഘടനയെ വീണ്ടും വീണ്ടും അവഹേളിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്.

എക്കാലവും അന്വേഷണ ഏജന്‍സികളെ തങ്ങള്‍ക്ക് വേണ്ടവിധം ഉപയോഗപ്പെടുത്തി കുറ്റകൃത്യങ്ങളില്‍ നിന്ന് വേണ്ടപ്പെട്ടവരെ രക്ഷിച്ചെടുക്കുന്ന സി.പി.ഐ.എം മുഖം കൂടിയാണ് വീണ്ടും ഇവിടെ കാണുന്നത്. മുന്‍പ് ബന്ധുനിയമന വിവാദത്തില്‍ രാജിവെച്ച ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരികെയെത്തിയപ്പോഴും അട്ടിമറിക്കപ്പെട്ട ഒരന്വേഷണം അവിടെയുണ്ടായിരുന്നു. അന്ന് വിജിലന്‍സ് ആയിരുന്നെങ്കില്‍ ഇന്ന് പൊലീസ് ആയെന്നത് വ്യത്യാസം.

ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്‍ ഇന്നുവരെ ചെയ്ത തെറ്റ് മനസിലാക്കാനോ വിവാദ പരാമര്‍ശം പിന്‍വലിക്കാനോ തയ്യാറായിട്ടില്ല എന്നതാണ് ഏറ്റവുമധികം ഓര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത സി.പി.ഐ.എമ്മിന് എക്കാലവും ഭരണഘടനയെ പുച്ഛമാണ്. കേരളത്തില്‍ ആര്‍.എസ്.എസ് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ വേണ്ടി സി.പി.ഐ.എമ്മിന് ചുമതല നല്‍കിയെന്നത് തെളിഞ്ഞുതന്നെ പൊതുസമൂഹത്തില്‍ കിടപ്പുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഭരണഘടനയെ പരിഹസിക്കാനും അവഹേളിക്കാനും സജി ചെറിയാനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന പ്രകടനങ്ങള്‍. ചെയ്തതില്‍ ഒരു തരി കുറ്റബോധം പോലുമില്ലാത്ത സജി ചെറിയാന്‍ ഒരു വട്ടം കൂടി ആ ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന കാഴ്ച സകല ഭരണഘടനാ മൂല്യങ്ങളെയും കാറ്റില്‍പ്പറത്തുന്നതാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയ്ക്കും അഖണ്ഡതയ്ക്കും തുരങ്കംവെക്കുന്ന ആര്‍.എസ്.എസ് നയത്തിന് പട്ടുപരവതാനി വിരിച്ച് കേരളത്തിലേക്ക് ആനയിക്കുന്ന സി.പി.ഐ.എം നടപടിയെ അംഗീകരിക്കാനും അതിനോട് കണ്ണടച്ചിരിക്കാനും സാധിക്കില്ല. ഇന്ത്യയുടെ ഭരണഘടനയോടും ജനാധിപത്യത്തോടുമൊക്കെ കൂറുകാണിക്കാത്ത സജി ചെറിയാനെയും സി.പി.ഐ.എമ്മിനെയും പോലെയാകും എല്ലാവരുമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് മടങ്ങിവരവിന് പാര്‍ട്ടി പച്ചക്കൊടി വീശിയിരിക്കുന്നത്.

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് ബുധനാഴ്ച നടക്കും. നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും. സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ജൂലൈ ആറിനായിരുന്നു.

Content Highlight:  K.C. Venugopal says Saji Cheriyan was given a clean chit by lying in the Kerala Police to Court