പാലക്കാട്: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം തകര്‍ക്കുന്ന നയങ്ങളാണ് കഴിഞ്ഞ ഏഴുവര്‍ഷമായി അധികാരത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കുട്ടികള്‍ക്ക് തടസം കൂടാതെ ഉച്ചക്കഞ്ഞി വിതരണം നടത്താനുള്ള നടപടികള്‍ പോലുമെടുക്കാന്‍ കഴിയാത്ത കഴിവുകെട്ടൊരു സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെ.പി.എസ്.ടി.എ.) സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ പോലും ശ്രദ്ധ ചെലുത്തി ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ ഇന്നാട്ടിലെ വിദ്യാര്‍ഥികളുടെ, നമ്മുടെ കുട്ടികളുടെ ഭാവി തുലാസിലാക്കുകയാണ്. ഓരോ വര്‍ഷവും ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്ന നമ്മുടെ വിദ്യാര്‍ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
വിദേശമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 13 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നും പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നത്. അതില്‍ നല്ലൊരു ശതമാനം കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. വലിയ തുകയാണ് ഇവരുടെ പഠനത്തിനായി ഓരോ രക്ഷകര്‍ത്താവും കണ്ടെത്തേണ്ടി വരിക. വലിയ സാമ്പത്തിക ഭാരം ഇവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന വികലമായ വിദ്യാഭ്യാസ നയങ്ങളാണ്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഒരുവശത്ത് രാഷ്ട്രീയപ്രേരിതമായി നിലപാടുകള്‍ സ്വീകരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പ്രാരംഭത്തില്‍ തന്നെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മറുവശത്ത് വിദ്യാഭ്യാസ മേഖലയെ ഒന്നാകെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. ജനാധിപത്യ വിരുദ്ധമായ മാര്‍ഗത്തില്‍ക്കൂടി വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരും അക്കാദമികമായ കാര്യങ്ങളോ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശദാംശങ്ങളോ ചര്‍ച്ചയ്‌ക്കെടുക്കാന്‍ തയ്യാറാകാതെ പിണറായി സര്‍ക്കാരും വിദ്യാഭ്യാസ മേഖലയുടെ കടയ്ക്കല്‍ കത്തി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
25 വര്‍ഷമായി അനുവദിച്ചിരുന്ന 1:40 അധ്യാപക- വിദ്യാര്‍ഥി അനുപാതം ഒരു സുപ്രഭാതത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുകളഞ്ഞപ്പോള്‍ അത് തിരുത്തിയത് കെ.പി.എസ്.ടി.എ നടത്തിയ സമരത്തിന്റെ ഫലമായിട്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങളിലേക്ക് നമ്മുടെ വിദ്യാഭ്യാസ മേഖലയെ തള്ളിയിടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം നടത്തുകയാണ് കോണ്‍ഗ്രസ്. 25 വര്‍ഷമായി അനുവദിച്ചിരുന്ന 1:40 അധ്യാപക- വിദ്യാര്‍ഥി അനുപാതം ഒരു സുപ്രഭാതത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുകളഞ്ഞപ്പോള്‍, കെ.പി.എസ്.ടി.എ നടത്തിയ സമരത്തിന്റെ ഫലമായി അത് പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളിലും പോരാട്ടങ്ങളിലും കെ.പി.എസ്.ടി.എയ്‌ക്കൊപ്പം കോണ്‍ഗ്രസുണ്ടാകും,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Content Highlight: K.C. Venugopal Says Left government is destroying public education sector altogether