| Tuesday, 16th April 2024, 9:16 am

കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചു; പിന്നില്‍ സി.പി.ഐ.എമ്മെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് തീയിട്ട് നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവം. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ വട്ടപ്പള്ളിയില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്‌ളക്‌സ് വെച്ചിരുന്നത്.

ഫ്‌ലക്‌സ് കീറിയ ശേഷമാണ് തീയിട്ടിരിക്കുന്നത്. സംഭവത്തില്‍ പൂര്‍ണമായും ഫ്‌ലക്‌സ് ബോര്‍ഡ് കത്തിനശിച്ചിട്ടില്ല. ഇത് മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി സി.പി.ഐ.എം നടത്തിയ അതിക്രമമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

തിങ്കളാഴ്ച രാത്രി സി.പി.ഐ.എം പ്രവര്‍ത്തകരും യു.ഡി.എഫ് നേതാക്കളും തമ്മില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്രയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബീച്ചില്‍ യു.ഡി.എഫ് സംഘടിപ്പിച്ച തെരുവുനാടകത്തിന്റെ വേദിയിലേക്ക് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും യു.ഡി.എഫ് നേതാക്കളെ മര്‍ദിക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടിയെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരുവുനാടകം നിര്‍ത്തിവെക്കണമെന്നായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ സ്ഥലത്തെത്തിയ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.

Content Highlight: K.C. Venugopal’s flux board was destroyed by fire

We use cookies to give you the best possible experience. Learn more