| Sunday, 21st March 2021, 6:04 pm

ബീഹാറില്‍ നിതീഷ് തോല്‍ക്കുമെന്നായിരുന്നില്ലേ സര്‍വ്വേ ഫലം, എന്നിട്ട് എന്തായി? ചാനല്‍ അഭിപ്രായ സര്‍വേ ഫലങ്ങളില്‍ കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തുടര്‍ഭരണം ഉണ്ടാകുമെന്ന ചാനല്‍ സര്‍വ്വേകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. എല്ലാ സര്‍വ്വേയും നടത്തിയത് മൂന്ന് ഏജന്‍സികളാണെന്നും വെറും പി.ആര്‍ വര്‍ക്ക് മാത്രമാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇതിലൊന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ബീഹാറിലെ സര്‍വേഫലം എന്തായിരുന്നു? ഒരു സര്‍വേ ഒഴിച്ച് എല്ലാ സര്‍വേയും പറഞ്ഞത് നിതീഷ് തോല്‍ക്കും, ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍വരും എന്നായിരുന്നില്ലേ. ഫലം വന്നപ്പോള്‍ എന്തായി? സര്‍വേ ഫലമൊന്നും ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നില്ല. 500 സാംപിള്‍ എടുത്താല്‍ ഒരു മണ്ഡലത്തിലെ ജനങ്ങളുടെ വികാരം എങ്ങനെ മനസിലാക്കാനാകും’, എം.പി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ചാനലുകള്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും പറഞ്ഞത്.

എല്‍.ഡി.എഫ് 40.9 ശതമാനം വോട്ടും, യു.ഡി.എഫ് 37.9 ശതമാനം വോട്ടും നേടുമെന്നും എന്‍.ഡി.എയ്ക്ക് 16.6 ശതമാനം വോട്ട് ലഭിക്കുമെന്നാണ് മാതൃഭൂമി സീ വോട്ടര്‍ സര്‍വ്വെ ഫലങ്ങള്‍ പറയുന്നത്.

ശരാശരി 75 മുതല്‍ 83 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നും യു.ഡി.എഫിന് 56 മുതല്‍ 64 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ എന്‍.ഡി.എയ്ക്ക് കാര്യമായ സീറ്റ് നേടാന്‍ കഴിയില്ലെന്നാണ് അഭിപ്രായ സര്‍വ്വേ ഫലങ്ങളില്‍ പറയുന്നത്. എന്‍.ഡി.എയ്ക്ക് പൂജ്യം മുതല്‍ 2 സീറ്റുകള്‍ മാത്രമേ ലഭിക്കയുള്ളുവെന്നും സര്‍വ്വേയില്‍ പറയുന്നു.

ആകെ സീറ്റുകളുടെ എണ്ണമെടുക്കുമ്പോള്‍ എല്‍.ഡി.എഫിന് 79 സീറ്റ് വരെ ലഭിക്കുമെന്നും യു.ഡി.എഫിന് 60 സീറ്റുകള്‍ ലഭിച്ച് വീണ്ടും പ്രതിപക്ഷ സ്ഥാനം വഹിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് മാത്രമേ ആകെ നേടാന്‍ കഴിയുള്ളുവെന്നും സീ വോട്ടര്‍ സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.

അതേസമയം കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രകടനം മോശമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 42.6ശതമാനം പേരാണ് പ്രതിപക്ഷത്തിന്റെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത്. മികച്ചതാണെന്ന് 34.4 ശതമാനമാണെന്നും ശരാശരിയാണെന്ന് 20.1 ശതമാനവും അഭിപ്രായപ്പെട്ടു.

2.9 ശതമാനം പേര്‍ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തിയതായി സര്‍വേ ഫലം പറയുന്നു. നേരത്തെ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന മാതൃഭൂമി അഭിപ്രായ സര്‍വ്വേ ഫലത്തിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്ന് പി.ആര്‍ ശിവശങ്കരന്‍ ഇറങ്ങിപ്പോയിയിരുന്നു. 34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

11.8 ശതമാനം സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

51 ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വര്‍ണക്കടത്താണ്.

25.2ശതമാനം പേരാണ് സ്വര്‍ണക്കടത്താണെന്ന് പറയുന്നത്. ശബരിമല വിവാദം 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം മോദി ഫാക്ടര്‍ 2.6ശതമാനം എന്നിങ്ങനെയായിരിക്കുമെന്നും സര്‍വേ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: K C Venugopal Opens About Channel Polls

Latest Stories

We use cookies to give you the best possible experience. Learn more