നിങ്ങള്‍ പ്ലീനറിക്ക് വന്നത് കുത്തിത്തിരിപ്പിനാണോ? മനോരമ റിപ്പോര്‍ട്ടര്‍ നിഷ പുരുഷോത്തമനോട് ക്ഷുഭിതനായി കെ.സി. വേണുഗോപാല്‍
റായ്പൂര്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളന റിപ്പോര്‍ട്ടിങ്ങിനിടെ മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ നിഷ പുരുഷോത്തമനോട് ക്ഷുഭിതനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കേരളത്തിലെ നേതാക്കളുടെ പടലപ്പിണക്കം സംബന്ധിച്ച റിപ്പോര്‍ട്ടറുടെ ചോദ്യത്തിനായിരുന്നു കെ.സി. വേണുഗോപാല്‍ ക്ഷുഭിതനായി മറുപടി പറഞ്ഞത്.
നിങ്ങള്‍ വേറൊരു പാര്‍ട്ടിയോട് ഈ ചോദ്യം ചോദിക്കുന്നില്ലല്ലോ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പ്ലീനറി സമ്മേളനത്തെ ഹൈലൈറ്റ് ചെയ്യാതെ ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കി കാണിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.
പ്ലീനറി സമ്മേളനത്തില്‍ വിപ്ലവകരമായ തീരുമാനം ഉണ്ടായിട്ടുണ്ടെന്നും അത് ഹൈലൈറ്റ് ചെയ്യണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
‘ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത എക്കണോമിക്, സോഷ്യല്‍ റെസെലൂഷ്യനെക്കുറിച്ച് നിങ്ങള്‍ മിണ്ടുന്നില്ല. വിപ്ലവകരമായ തീരുമാനം കൊണ്ടുവന്ന പ്ലീനറിയാണിത്. അതിനിടയില്‍ രണ്ടോ മൂന്നോ മെമ്പര്‍മാരുടെ തര്‍ക്കം എന്നൊക്കെ പറഞ്ഞ് നിങ്ങളിതിനെ ഹൈജാക്ക് ചെയ്യരുത്.
ചെറിയ ചെറിയ, കൊച്ചു കൊച്ചു പ്രശ്‌നങ്ങളാണോ വലിയ കാര്യം. ഈ പ്രശ്‌നങ്ങളൊക്കെ രമ്യമായി പരിഹരിക്കും. അവരോടൊക്കെ ഞാന്‍ സംസാരിച്ചിട്ടുണ്ട്. നിങ്ങള്‍ ഈ പ്ലീനറിയുടെ വിപ്ലവകരമായ തീരുമാനങ്ങള്‍ ഒന്ന് പുറത്തു പറ,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.