| Friday, 9th February 2024, 6:54 pm

മോദി എത്ര തവണ വന്നിട്ടും കാര്യമില്ല, തൃശൂര്‍ പിടിച്ചെടുക്കാമെന്ന ആഗ്രഹം ബി.ജെ.പി മനസില്‍ വെച്ചാല്‍ മതി: കെ.സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തൃശൂര്‍ പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹം മനസില്‍ വെച്ചാല്‍ മതിയെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. കാസര്‍ഗോഡ് നിന്ന് തുടക്കം കുറിച്ച കോണ്‍ഗ്രസിന്റെ ‘സമരാഗ്‌നി’ എന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും കേരളത്തില്‍ നിന്ന് എന്‍.ഡി.എ സഖ്യത്തിന് കിട്ടുന്നത് പൂജ്യം സീറ്റായിരിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 370 സീറ്റുകളുമായി ലോക്‌സഭയിലേക്ക് വരുമെന്ന് പറയുകയുണ്ടായി. എന്നാല്‍ ഇതുപോലെ ആയിരുന്നു 2004ല്‍ എന്നും വാജ്പേയി തീയായി വരുന്നുവെന്നെല്ലാം അവര്‍ വാദിച്ചിരുന്നു. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വലതുപക്ഷത്തിന്റെ പ്രചരണ കോലാഹലങ്ങളെ തള്ളിക്കൊണ്ട് മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയി.’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉറപ്പിച്ചു പറയുന്നു 2024ല്‍ പത്ത് വര്‍ഷത്തെ കെട്ടഭരണത്തില്‍ നിന്ന് ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കാനായി തങ്ങള്‍ ഭരണത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധീരമായ പോരാട്ടമായി കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യവും മുന്നോട്ട് വരുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

ഭാരത് ഇലക്ട്രോണിക്‌സ് ആണ് രാജ്യത്തെ തെരഞ്ഞെടുപ്പിനായി വോട്ടിങ് മെഷിനുകള്‍ തയ്യാറാക്കുന്നതെന്നും അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബി.ജെ.പി നേതാക്കളെ കുത്തികയറ്റാന്‍ മോദിക്ക് എന്ത് ആവേശമാണെന്നും കെ.സി. ചോദിച്ചു. മോദിയുടെ ഈ ഗൂഢമായ ആശയത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെ കടം എഴുതിത്തള്ളിയെന്നും മോദിയുടെ ഗ്യാരന്റി വെറും തട്ടിപ്പ് ഗ്യാരന്റിയാണെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. മോദിയുടെ ഗ്യാരന്റി രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും കെ.സി. പറഞ്ഞു.

Content Highlight: K.C.  Venugopal criticizes B.J.P in Kasargod

We use cookies to give you the best possible experience. Learn more