ന്യൂദല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ കത്ത് വൈകാരിക പ്രതികരണമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
എല്ലാം ശരിയാകുമെന്നാണ് സിദ്ദുവിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാല്‍ പ്രതികരിച്ചത്.
അതേസമയം, സിദ്ദുവിന് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സിദ്ദുവിനെ ശാന്തമാക്കാനുള്ള ശ്രമത്തിലാണ്. പ്രിയങ്ക സിദ്ദുവിനോട് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ചയാണ് സിദ്ദു അധ്യക്ഷസ്ഥാനം രാജിവെച്ചത്. വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്‍ക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകര്‍ന്നു തുടങ്ങും. പഞ്ചാബിന്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീര്‍പ്പിന് ഞാന്‍ തയ്യാറല്ല. അതിനാല്‍ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാന്‍ രാജിവയ്ക്കുന്നു. സാധാരണ പ്രവര്‍ത്തകനായി കോണ്ഗ്രസില്‍ തുടരും’ സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സിദ്ദു എഴുതി.
ഏറെ വിവാദങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സിദ്ദുവിന്റെ അധ്യക്ഷസ്ഥാനത്തെ എതിര്‍ത്തിരുന്നു.