national news
ജെ.ഡി.യു അവതാളത്തില്‍; ദേശീയ വക്താവ് സ്ഥാനം രാജിവെച്ച് കെ.സി. ത്യാഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 01, 12:31 pm
Sunday, 1st September 2024, 6:01 pm

പാട്ന: ബീഹാര്‍ ഭരണകക്ഷിയും എന്‍.ഡി.എ സഖ്യകക്ഷിയുമായ ജെ.ഡി.യുവില്‍ വിള്ളല്‍. മുന്‍ എം.പിയും മുതിര്‍ന്ന നേതാവുമായ കെ.സി. ത്യാഗി ജെ.ഡി.യുവിന്റെ ദേശീയ വക്താവ് സ്ഥാനത്തുനിന്ന് രാജിവെച്ചു. പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വാക്കുതര്‍ക്കം രൂപപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടിയെ പ്രതിരോധിക്കേണ്ട വിഷയങ്ങള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ത്യാഗി രാജിവെച്ചത്. തന്നെ ദേശീയ വക്താവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ത്യാഗി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതുകയായിരുന്നു.

‘കുറെ നാളുകളായി ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുന്നത് താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നെ ഈ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ബീഹാര്‍ സര്‍ക്കാരിന് പ്രോത്സാഹനം നല്‍കാന്‍ ഞാന്‍ എപ്പോഴും ഉണ്ടാകും,’ എന്നാണ് കെ.സി. ത്യാഗി കത്തെഴുതിയത്.

ദേശീയ അധ്യക്ഷനായി നിതീഷ് കുമാറും വര്‍ക്കിങ് പ്രസിഡന്റായി സഞ്ജയ് കുമാര്‍ ഝായുമുള്ള നേതൃത്വമാണ് നിലവില്‍ പാര്‍ട്ടിയെ നയിക്കുന്നത്. തന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയായത് പോലെയാണ് തോന്നുന്നത്. ഇനി പുതുതലമുറ പദവികളില്‍ എത്തട്ടേയെന്നും കെ.സി. ത്യാഗി പ്രതികരിച്ചു.

ത്യാഗി രാജിവെച്ചതോടെ മുതിര്‍ന്ന നേതാവ് രാജീവ് രഞ്ജന്‍ ജെ.ഡി.യുവിന്റെ പുതിയ ദേശീയ വക്താവാകുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇത് രണ്ടാം തവണയാണ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് ത്യാഗി മാറ്റപ്പെടുന്നത്.

2023 മാര്‍ച്ചില്‍ പാര്‍ട്ടി തന്നെ ത്യാഗിയെ ഈ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ഇപ്പോള്‍ രാജിവെച്ചത്.

അതേസമയം കേന്ദ്ര സര്‍ക്കാരിനെയും എന്‍.ഡി.എ സഖ്യത്തെയും വെട്ടിലാക്കികൊണ്ട് ഒന്നിലധികം തവണ നിലപാടുകള്‍ സ്വീകരിച്ച നേതാവാണ് കെ.സി. ത്യാഗി. 2024 ല്‍ മൂന്നാം മോദി സര്‍ക്കാരിന് ജെ.ഡി.യു പിന്തുണച്ച പ്രഖ്യാപിച്ചതിന് പിന്നാലെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ കേന്ദ്രത്തിന്റെ നിലപാടിനെതിരെ ത്യാഗി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കൂടാതെ യു.പി.എസ്.സി ലാറ്ററല്‍ എന്‍ട്രി, വഖഫ് ബില്‍, ജാതി സെന്‍സസ്, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് ത്യാഗിയുടെ നേതൃത്വത്തില്‍ ജെ.ഡി.യു സ്വീകരിച്ചത്.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സഹായകമാകാന്‍ ഇസ്രഈലിന് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെയും ത്യാഗി രംഗത്തെത്തിയിരുന്നു. ഇസ്രഈലിലേക്കുള്ള ആയുധ വില്‍പന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സംയുക്ത പ്രസ്താവനയെ കെ.സി. ത്യാഗി പിന്തുണക്കുകയായിരുന്നു.

1974ലാണ് കെ.സി. ത്യാഗി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1984ല്‍ ഹാപൂര്‍-ഗാസിയാബാദ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാണ് ത്യാഗി ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്.

Content Highlight: K.C.Tyagi resigned from the post of national spokesperson of JDU