ഹൈദരാബാദ്: തെലങ്കാനയിലെ ജനങ്ങളുടെ സമ്മതമില്ലാതെ ഹൈദരാബാദിനെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തോട് ലയിപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന പരാമര്‍ശവുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 57 വര്‍ഷം തെലങ്കാനയിലെ ജനങ്ങള്‍ സമ്മര്‍ദത്തിലായിരുന്നെന്നും കെ.സി.ആര്‍ പറഞ്ഞു.
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി തുടര്‍ഭരണത്തില്‍ വരുമെന്നും കോണ്‍ഗ്രസ് ബഹളം വെക്കുന്നതല്ലാതെ മറ്റൊന്നും നടക്കില്ലെന്നും കെ. ചന്ദ്രശേഖര റാവു പറഞ്ഞു. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്കായുള്ള ധനസഹായം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
10 വര്‍ഷത്തെ ബി.ആര്‍.എസ്സിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ 50 വര്‍ഷത്തെ ക്ഷേമപദ്ധതികളുമായി താരതമ്യപ്പെടുത്തിയതിന് ശേഷം ജനങ്ങള്‍ ബി.ആര്‍.എസിന് വോട്ടുനല്‍കണമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഭരണകാലത്ത് പ്രതിമാസം പെന്‍ഷന്‍ 200 രൂപ മാത്രമായിരുന്നെന്നും ബി.ആര്‍.എസ് അത് 2000 രൂപയായി ഉയര്‍ത്തിയെന്നും കെ. ചന്ദ്രശേഖര റാവു പറഞ്ഞു. തങ്ങള്‍ ഈ പെന്‍ഷന്‍ ക്രമേണ 5,000 രൂപയായി ഉയര്‍ത്താന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്കുള്ള ‘ഋതുബന്ധു നിക്ഷേപ പിന്തുണ’ സാമ്പത്തിക സഹായം നിലവിലുള്ള 10,000 രൂപയില്‍ നിന്ന് ക്രമേണ 16,000 രൂപയായി ഉയര്‍ത്തുമെന്നും കെ.സി.ആര്‍ വ്യക്തമാക്കി.
ഋതുബന്ധു പദ്ധതിയിലൂടെ ബി.ആര്‍.എസ് പൊതുപണം പാഴാക്കുകയാണെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെയും കെ.സി.ആര്‍ ആഞ്ഞടിച്ചു. പദ്ധതി പാഴ്ചെലവല്ലെന്നും വികസനത്തിന്റെ ഭാഗമായുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഋതുബന്ധു പദ്ധതിയെ ബംഗാള്‍ ഉള്‍ക്കടലില്‍ എറിയുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ആ നടപടി ഇടനിലക്കാരുടെ ഭരണം തിരികെ കൊണ്ടുവരുമെന്ന് കെ.സി.ആര്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകരില്‍ നിന്ന് ജലസേചന ചാര്‍ജുകള്‍ ഈടാക്കാത്ത ഏക സംസ്ഥാനമാണ് തെലങ്കാനയെന്നും കര്‍ഷകര്‍ക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി നല്‍കുന്നുണ്ടെന്നും കെ. ചന്ദ്രശേഖര റാവു പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 3,600 അതിവികസിത ഗ്രാമങ്ങളെ ഗ്രാമപഞ്ചായത്തുകളാക്കി ശാക്തീകരിച്ചതായും ബി.ആര്‍.എസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
Content Highlight: K.C.R said Congress merged Hyderabad with Andhra Pradesh without the consent of the people