തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ നിയമിച്ചതില്‍ പ്രതികരിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കെ. സി ജോസഫ്. കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ അതിനെയെല്ലാം അതിജീവിച്ചു കെ. സുധാകരന് പാര്‍ട്ടിയെ നയിക്കാന്‍ കഴിയട്ടെയെന്നു കെ. സി. ജോസഫ് പറഞ്ഞു.
എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയണമെന്നും ആരും ഗ്രൂപ്പിനു അതീതരല്ലെന്നും കെ. സി. ജോസഫ് പറഞ്ഞു.
‘കേരളത്തിലെ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ഈ സമയത്തു വെല്ലുവിളി നേരിടാനും കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തു പകരാനും ഐക്യത്തോടു കൂടി എല്ലാവരേയും സഹകരിപ്പിച്ചു മുന്നോട്ടു പോകാന്‍ സുധാകരനു കഴിയട്ടെ,’ കെ. സി. ജോസഫ് പറഞ്ഞു.
അദ്ദേഹം അനുഭവ സമ്പത്തുള്ള പരിചയ സമ്പന്നനായ നേതാവാണെന്നും കൂട്ടായ പ്രവര്‍ത്തനമാണു കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗം. അദ്ദേഹത്തിനു അതിനു കഴിയട്ടെയെന്നും കെ. സി. ജോസഫ് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണു മുല്ലപ്പള്ളി രാമചന്ദ്രനു പകരക്കാരനായി കെ. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണു കണ്ണൂര്‍ എം.പി കൂടിയായ കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ തന്നെയാണു സുധാകരനെ അറിയിച്ചത്.
അതേസമയം തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും എല്ലാ നേതാക്കളെയും ഒന്നിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുപോകുമെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു.
കെ.പി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടു ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ നേരത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച് എം.പിമാരുടെയും എം.എല്‍.എമാരുടെയും അഭിപ്രായം തേടിയിരുന്നു.
ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തല., മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടെയും പേരുകള്‍ കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കു നിര്‍ദ്ദേശിച്ചിരുന്നില്ല. ഹൈക്കമാന്റ് റിപ്പോര്‍ട്ടില്‍ എഴുപതു ശതമാനം പേരും പിന്തുണച്ചതു കെ. സുധാകരനെയായിരുന്നുവെന്നാണു വിവരം .