| Friday, 20th March 2015, 5:52 pm

കെ.സി അബു പരസ്യമായി മാപ്പ് പറയണം: വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞപ്പോള്‍ ബിജി മോള്‍ എം.എല്‍.എ ആസ്വദിക്കുകയായിരുന്നു എന്ന പ്രസ്താവനയില്‍ കെ.സി അബു പരസ്യമായി മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പ്രസ്താവനയില്‍ കോണ്‍ഗ്രസ് വിയോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കെ.സി അബു പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് സൂധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങള്‍ പറയുന്നതിന് മുമ്പ് വക്താക്കള്‍ കെ.പി.സി.സിയുമായി ബന്ധപ്പെടണമെന്നും സംസ്‌കാരത്തിന് യോജിക്കാത്ത പ്രസ്താവനയാണ് അബുവിന്റെതെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. സുധീരനുമായി സംസാരിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് അബു പറഞ്ഞു. ഖേദ പ്രകടനം പിന്നീടെന്നും അദ്ദേഹം വ്യക്തമാക്കി.

അബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഷിബു ബേബി ജോണും ഷാനിമോള്‍ ഉസ്മാനും നേരത്തെ രംഗത്ത് വന്നിരുന്നു. അബുവിന്റെ പ്രസ്താവ ദൗര്‍ഭാഗ്യകരമാണെന്നും ദുഷ്ടന് ദുഷ്ട വിചാരവും കള്ളന് കള്ള വിചാരവും എന്നത് പോലെയാണ് കാര്യങ്ങളെന്നുമാണ് അദ്ദേഹം പറഞ്ഞത്

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും കെ.സി അബുവിനെതിരെ കെ.പി.സി.സി നടപടിയെടുക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിരുന്നു.

ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ലെന്നും. അവര്‍ രണ്ടുപേരും അത് ആസ്വദിച്ചിട്ടുണ്ടാവുമെന്നും അതിനാല്‍ ബിജിമോള്‍ പരാതി നല്‍കാനുള്ള സാധ്യതയില്ലെന്നുമാണ് കെ.സി അബു പറഞ്ഞിരുന്നത്. ബിജി മോള്‍ പ്രേമസല്ലാപത്തിലായിരുന്നെന്നാണ് എം.എ വാഹിദ് പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more