കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ കിട്ടുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് ബാബു പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പലരും തന്നെ വിളിച്ച് പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ കിട്ടേണ്ട വോട്ടുകള്‍ ബി.ജെ.പി പിടിച്ചെടുത്തു. ഇത്തവണ അത് തിരിച്ചു കിട്ടും. പലരും വിളിച്ചു പിന്തുണ അറിയിച്ചു. അതില്‍ ബി.ജെ.പിക്കാരുമുണ്ടെന്നും കെ. ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ് മത്സരമെന്ന് പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. എസ് രാധാകൃഷ്ണന്‍ സാമാന്യ ബുദ്ധിയുള്ള ആളാണ് എന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം അത് നഷ്ടപ്പെട്ടോ എന്നാണ് തന്റെ സംശയമെന്നും ബാബു പരിഹസിച്ചു.
ഇത്തവണ എല്‍.ഡി.എഫ് ജയിക്കരുതെന്ന നിര്‍ബന്ധവും അവര്‍ക്കുണ്ട്. ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ അതിന്റെ ഗുണം പരോക്ഷമായി സി.പി.ഐ.എമ്മിന് കിട്ടുമെന്ന് തിരിച്ചറിയാനുള്ള വിവേകമുള്ളവരാണ് തൃപ്പുണിത്തുറയില്‍ ഉള്ളവരെന്നും അദ്ദേഹം പറഞ്ഞു.
കെ. ബാബുവിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. സീറ്റ് കിട്ടിയില്ലെങ്കില്‍ കെ. ബാബു ബി.ജെ.പിയില്‍ ചേരാന്‍ ധാരണയായിരുന്നുവെന്നാണ് കെ.പി.സി.സി അംഗം എ.ബി സാബു, മുന്‍ ഡെപ്യൂട്ടി മേയര്‍ പ്രേംകുമാര്‍ എന്നിവര്‍ ആരോപിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക