അഞ്ച് വര്‍ഷത്തെ രാഷ്ട്രീയ വനവാസത്തിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവ് കെ.ബാബു തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനായി എത്തിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.പി.ഐ.എം നേതാവായ എം.സ്വരാജിനോട് 4467 വോട്ടുകള്‍ക്ക് കെ. ബാബു പരാജയപ്പെടുകയായിരുന്നു. തുറവൂര്‍ വിശ്വംഭരനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.
1991 മുതല്‍ 25 വര്‍ഷക്കാലം തുടര്‍ച്ചയായി കെ.ബാബുവായിരുന്നു തൃപ്പൂണ്ണിത്തുറ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നത്. എന്നാല്‍ 2016 ല്‍ എം.സ്വരാജ് കെ.ബാബുവിനെ പരാജയപ്പെടുത്തുകയായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം എം.സ്വരാജും കെ.ബാബുവും തന്നെ വീണ്ടും ഏറ്റുമുട്ടി. കൂടെ ബി.ജെ.പിയുടെ ഡോക്ടര്‍ കെ രാധാകൃഷ്ണനും മത്സരത്തിന് ഉണ്ടായിരുന്നു. മണ്ഡലത്തില്‍ തനിക്ക് ബി.ജെ.പിയുടെ അടക്കം വോട്ടുകള്‍ ലഭിക്കുമെന്ന് പരസ്യമായി കെ.ബാബു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നായിരുന്നു ബാബു പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതോടെ എം.സ്വരാജിനെ തോല്‍പ്പിക്കുന്നതിനായി ബി.ജെ.പി – കോണ്‍ഗ്രസ് കൂട്ട്‌കെട്ട് മണ്ഡലത്തില്‍ ഉണ്ടായതായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ വ്യാപകമായി ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ മെയ് 2 ന് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതോടെ എം.സ്വരാജ് 700 വോട്ടുകള്‍ക്ക് കെ.ബാബുവിനോട് പരാജയപ്പെട്ടു. ഇതോടെ ബി.ജെ.പി – കോണ്‍ഗ്രസ് കൂട്ട് കെട്ട് ആരോപണം സി.പി.ഐ.എം ശക്തമാക്കുകയും ചെയ്തു.
ശക്തമായ ഇടത് തരംഗത്തിലും എം.സ്വരാജിനെ പോലുള്ള ഒരു സ്ഥാനാര്‍ത്ഥി പരാജയപ്പെടാന്‍ കാരണം ഈ കൂട്ട് കെട്ടാണെന്ന് സി.പി.ഐ.എം അണികള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിലെ വസ്തുതകള്‍ കണക്കുകള്‍ വെച്ച് പരിശോധിക്കാം.
കെ.ബാബു, എം.സ്വരാജ്, തുറവൂര്‍ വിശ്വഭംരന്‍ എന്നിവരായിരുന്നു 2016 ല്‍ മണ്ഡലത്തില്‍ മത്സരിച്ച മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍. ബാര്‍ കോഴക്കേസ് കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ കെ.ബാബുവിന് 58038 ഇലക്ട്രല്‍ വോട്ടുകളും 192 പോസ്റ്റല്‍ വോട്ടുകളുമായിരുന്നു ലഭിച്ചത്.
എം.സ്വരാജിന് 62346 ഇലക്ട്രല്‍ വോട്ടുകളും 351 പോസ്റ്റല്‍ വോട്ടുകളും ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ തുറവൂര്‍ വിശ്വഭംരന് 29751 വോട്ടുകളും 92 പോസ്റ്റല്‍ വോട്ടുകളുമാണ് ലഭിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 4942 വോട്ടുകള്‍ മാത്രമായിരുന്നു ഇവിടെ ലഭിച്ചിരുന്നത്.
അന്ന് 4467 വോട്ടുകള്‍ക്ക് എം.സ്വരാജ് വിജയിക്കുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം. ബി.ജെ.പി സ്ഥാനാര്‍ത്ഥി മാത്രം മാറിയ തെരഞ്ഞെടുപ്പില്‍ കെ.ബാബുവിന് 65355 ഇലക്ട്രല്‍ വോട്ടുകളും 520 പോസ്റ്റല്‍ വോട്ടുകളുമടക്കം 65875 വോട്ടുകളാണ് നേടിയത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് 64325 ഇലക്ട്രല്‍ വോട്ടുകളും 558 പോസ്റ്റല്‍ വോട്ടുകളും അടക്കം 64883 വോട്ടുകളാണ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന്‍ 23578 ഇലക്ട്രല്‍ വോട്ടുകളും 178 പോസ്റ്റല്‍ വോട്ടുകളും അടക്കം 23756 വോട്ടുകളാണ് നേടിയത്.
അതായത് 2016 ല്‍ നിന്ന് 2021 ല്‍ എത്തുമ്പോള്‍ കെ.ബാബു തനിക്ക് മുമ്പ് ലഭിച്ച വോട്ടില്‍ നിന്ന് 7645 വോട്ടുകളുടെ നേട്ടം ഉണ്ടാക്കി. എം.സ്വരാജ് 2168 വോട്ടുകളുടെ നേട്ടം ഉണ്ടാക്കിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് മുമ്പ് കിട്ടിയ വോട്ടില്‍ നിന്ന് 6087 വോട്ടിന്റെ കുറവാണ് ഉണ്ടായത്.
992 വോട്ടുകള്‍ക്ക് മാത്രമാണ് എം.സ്വരാജിനോട് കെ.ബാബു വിജയിച്ചത്. ഈ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ ബി.ജെ.പിയില്‍ നിന്ന് ‘കാണാതായ’ 6087 വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചുവെന്ന് തന്നെയാണ് സി.പി.ഐ.എം ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:Kerala Election 2021 K. Babu defeat M Swaraj by bjp votes ?; The figures indicate as follows