| Friday, 5th October 2012, 10:40 am

കിറ്റെക്‌സിനെ കേരളത്തില്‍ നിലനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കും: മന്ത്രി കെ.ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രമുഖ വസ്ത്രനിര്‍മാണ കമ്പനിയായ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ കേരളത്തില്‍ നിലനിര്‍ത്താനാവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് മന്ത്രി കെ. ബാബു വ്യക്തമാക്കി.

കിഴക്കമ്പലത്തെ കിറ്റക്‌സ് ഗാര്‍മെന്റ്‌സുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടര്‍, സമരസമിതി നേതാക്കള്‍, കമ്പനി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.[]

കമ്പനി നിലനില്‍ക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കണം. അതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വിശദീകരിച്ചു.

നാട്ടുകാരുടെ പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. കലക്ടര്‍ കമ്പനിയും സമീപ പ്രദേശങ്ങളും സന്ദര്‍ശിച്ച് പരിശോധന നടത്തും. രണ്ടാഴ്ചക്കകം വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും കെ.ബാബു അറിയിച്ചു.

കമ്പനിയില്‍ മാലിന്യപ്രശ്‌നം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിയുടെ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തി വെയ്ക്കുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ സാബു.എം. ജേക്കബ് അറിയിച്ചിരുന്നു.

കേരളത്തില്‍ ഇനി മുതല്‍മുടക്കാനില്ലെന്നും എമേര്‍ജിങ് കേരളയുള്‍പ്പെടെയുള്ള പരിപാടികള്‍ തങ്ങളെ അറിയിച്ചില്ലെന്നും കമ്പനി അധികൃതര്‍ പരാതി പറഞ്ഞിരുന്നു.

നിയമപരമായ എല്ലാ ക്രമീകരണങ്ങളും സുരക്ഷാ-മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് രാജ്യാന്തര ഏജന്‍സികളുടെ അംഗീകാരം ഉറപ്പാക്കുന്ന തരത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് കിറ്റെക്‌സ് എം.ഡി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

We use cookies to give you the best possible experience. Learn more