തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. തൃപ്പൂണിത്തുറയില്‍ കെ.ബാബു തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബാബുവിന് വേണ്ടി ഉമ്മന്‍ചാണ്ടി ഹൈക്കമാന്റില്‍ ശക്തമായി സമ്മര്‍ദ്ദം ചെലത്തിയിട്ടുണ്ടെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ശരിവെക്കുകയാണ് ബാബുവും.
ഉമ്മന്‍ചാണ്ടി തനിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ കാരണം താന്‍ ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും അല്ലാതെ അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയതുകൊണ്ടല്ലെന്നും ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
‘ഉമ്മന്‍ചാണ്ടി സ്വാഭാവികമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടല്ലോ, കാരണം ഉമ്മന്‍ചാണ്ടി ഞങ്ങളെപ്പോലെയുള്ള ആളുകളെ പിന്താങ്ങുന്നത് സ്വാഭാവികമല്ലേ.ഞങ്ങളൊക്കെ ശ്രീ ഉമ്മന്‍ചാണ്ടിക്കൊപ്പം എന്നും ഏതുകാര്യത്തിനും ഉറച്ചുനിന്നതാണ്,” കെ.ബാബു പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവില്ലെന്നും കേസുകളെല്ലാം അവസാനിച്ചതാണെന്നും ബാര്‍ക്കോഴകേസിന്റെ കാര്യംസൂചിപ്പിച്ച് ബാബു പറഞ്ഞു.
അതേസമയം, ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കില്ലെന്ന് ശനിയാഴ്ച രാത്രിയോടെ വ്യക്തമായി. അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. മുരളീധരനെ ഹൈക്കമാന്‍ഡ് ഇന്ന് ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വലിയ തരത്തിലുള്ള പ്രശ്‌നങ്ങള്‍ നടന്നിരുന്നു. ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പരസ്യമായിത്തന്നെ രംഗത്തുവരികയും ചെയ്തിരുന്നു. കൊല്ലത്ത് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പ് ലഭിച്ചതായി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് മുതല്‍ ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ കെ.പി അനില്‍കുമാറും കുണ്ടറയില്‍ പി.സി വിഷ്ണുനാഥും മത്സരിക്കുമെന്നാണ് വിവരം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: K Babu About Oommenchandy