തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ് . യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേസില്‍ ദിലീപിനേക്കാള്‍ മുന്‍പ് കെ.ബി ഗണേഷ് കുമാര്‍ അറസ്റ്റിലാകുമെന്നും പൊലീസിന്റെ പക്കല്‍ ഗണേഷ് കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍ഗോഡ് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഈ റെയ്ഡിലാണ് ഗുണ്ടാനേതാവായ പ്രദീപിനെ പിടികൂടിയതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.
‘നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് പ്രദീപ് കോട്ടത്താല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച വിവരം കുന്നിക്കോട് പൊലീസ് ഹൈക്കോടതിയില്‍ ഉടന്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ പൊലീസിന് പണി വരും.’ സുരേഷ് പറഞ്ഞു.
ഗണേഷ് കുമാര്‍ എം.എല്‍.എയെ കരിങ്കൊടി കാണിച്ച തങ്ങളെ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി കൊല്ലം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. വെട്ടിക്കവല പഞ്ചായത്തിലെ ക്ഷീര വികസനസംഘത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എക്കെതിരെ കരിങ്കൊടി കാണിച്ചത്.
ചടങ്ങിലേക്ക് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് പറഞ്ഞായിരുന്നു കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് ഗണേഷ് കുമാറിനൊപ്പമുണ്ടായിരുന്ന പ്രദീപും മറ്റു ചിലരും ചേര്‍ന്ന് തങ്ങളെ ആക്രമിച്ചുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K B Ganesh Kumar MLA will be arrested in actress attacked case, says Kodikunnel Suresh M P