| Monday, 19th July 2021, 9:43 am

ഇവനെ എന്തിനാ സിനിമയില്‍ വിട്ടത്, പട്ടാളത്തില്‍ ചേര്‍ന്ന് വെടിയേറ്റ് മരിച്ചിരുന്നെങ്കില്‍ അഭിമാനമാകുമായിരുന്നില്ലേ എന്ന് അച്ഛനോട് പറഞ്ഞവരുണ്ട്; കെ.ബി. ഗണേഷ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമാരംഗത്തും രാഷ്ട്രീയമേഖലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് കെ.ബി. ഗണേഷ്‌കുമാര്‍. തുടക്കത്തില്‍ തന്റെ സിനിമാപ്രവേശത്തെ കുടുംബത്തില്‍ അച്ഛനുള്‍പ്പെടെയുള്ള ആരും അംഗീകരിച്ചിരുന്നില്ലെന്ന് പറയുകയാണ് ഗണേഷ് കുമാര്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.

‘ അച്ഛനെന്ന നിലയില്‍ ഒരു മകനോട് കാണിക്കേണ്ട വാത്സല്യം അല്ലെങ്കില്‍ ഒരു കൊഞ്ചിക്കല്‍ ഇതൊന്നും അച്ഛനില്‍ നിന്ന് എനിക്ക് കിട്ടിയതായി ഓര്‍മ്മയില്ല. അദ്ദേഹം അതിലേക്ക് പോലും ഫ്‌ളക്‌സിബിള്‍ ആകാന്‍ കഴിയുന്ന മാനസികാവസ്ഥയിലുള്ള വ്യക്തിയല്ല.

അച്ഛനൊരിക്കലും സ്‌നേഹക്കുറവുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല. മരുമക്കളോട് ഒരു പ്രത്യേക പരിഗണന അച്ഛന് ഉണ്ട്. അവരെല്ലാം വലിയ പദവികളില്‍ ഇരിക്കുന്നവരാണ്.

മകന്‍ എഞ്ചീനിയറാകണം, ഡോക്ടറാകണം എന്ന് ആഗ്രഹിച്ച ഒരച്ഛന് ഞാന്‍ ഒരു സിനിമാക്കാരനായതില്‍ വിഷമം ഉണ്ടായിരിക്കാം. കാരണം സിനിമയിലെ സൂപ്പര്‍ താരമൊന്നുമല്ലല്ലോ ഞാന്‍. അന്നത്തെ കാലമാണ്.

ഇപ്പോള്‍ അങ്ങനെയല്ല. സിനിമാതാരങ്ങള്‍ക്ക് അംഗീകാരമുണ്ട്. എന്റെ അച്ഛന്റെ ഒരു സഹോദരി ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് ഇവനെ എന്തിനാ സിനിമയിലേക്ക് വിട്ടതെന്ന്.

ഇവനെ പട്ടാളത്തില്‍ ചേര്‍ത്തിരുന്നെങ്കില്‍, ഇവന്‍ വെടിയേറ്റ് മരിച്ചിരുന്നെങ്കില്‍ നമുക്ക് അഭിമാനമല്ലായിരുന്നോ എന്ന്. അതാണ് അന്നത്തെ കാലം,’ ഗണേഷ് കുമാര്‍ പറഞ്ഞു.

1985ല്‍ പുറത്തിറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാര്‍ ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. ഇതുവരെയായി ഏകദേശം 125ല്‍ പരം സിനിമകളിലും 35 ല്‍ പരം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: K B Ganesh Kumar About His Film Career

We use cookies to give you the best possible experience. Learn more