സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. ഇരകളിലെ കേന്ദ്ര കഥാപാത്രമാകാന്‍ അവസരം നല്‍കി സിനിമയിലേക്ക് വഴി തുറന്നതിനെ കുറിച്ചും തനിക്കായി പലപ്പോഴും മറ്റുള്ളവരോട് ശുപാര്‍ശ ചെയ്തതിനെ കുറിച്ചുമെല്ലാം മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ ഗണേഷ് കുമാര്‍ പറഞ്ഞു.
ഗാന്ധിമതി നിര്‍മ്മാണ കമ്പനിയില്‍ വെച്ചാണ് കെ.ജി ജോര്‍ജ് കാണുന്നതെന്നും പിന്നീട് ഇരകളിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറയുന്നു. നടന്‍ സുകുമാരന്‍ ഇരകള്‍ നിര്‍മ്മിക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹത്തോട് തന്നെ കെ.ജി ജോര്‍ജ് തന്നെ നിര്‍ദേശിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറയുന്നു
‘ഞാന്‍ നാടകത്തിലൊന്നും അഭിനയിച്ച് പരിചയമുള്ളയാളല്ല. പക്ഷേ, അദ്ദേഹത്തിന്റെ മുന്നില്‍ വളരെ ഫ്രീയായി നില്‍ക്കാനെനിക്കുകഴിഞ്ഞു. അദ്ദേഹം പറഞ്ഞുതന്നത് മാത്രം കേട്ടാണ് ഇരകളെന്ന സിനിമയില്‍ ഞാനഭിനയിച്ചത്.
എന്നിലൊരു നടനുണ്ടെന്ന്, ഒരു കലാകാരനുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് കെ.ജി. ജോര്‍ജ് എന്ന വലിയ മനുഷ്യന്റെ കരസ്പര്‍ശമേറ്റപ്പൊഴാണ്. മുരളിമേനോന്‍ തിലകന്‍ ചേട്ടന്‍, ഇന്നസെന്റ്, സുകുമാരന്‍ ചേട്ടന്‍, ശ്രീവിദ്യ ഇവരെയൊക്കെപ്പോലുള്ള വലിയ നടന്മാരുടെ ഇടയില്‍നിന്ന് ഒരു സഭാകമ്പവുമില്ലാതെ അഭിനയിക്കാനുള്ള അവസരം അദ്ദേഹം തന്നു,’ ഗണേഷ് കുമാര്‍ പറഞ്ഞു.