| Saturday, 23rd February 2019, 3:41 pm

ഭീരുക്കളും ഭീരുത്വത്തിന് കീഴ്പ്പെടുന്നവരും

കെ. അരവിന്ദാക്ഷന്‍

ഫാഷിസ്റ്റ് എന്ന വാക്ക് ഗാന്ധി എപ്പോഴെങ്കിലും ഉപയോഗിച്ചതായി അറിയില്ല. പകരം അദ്ദേഹം അത്തരക്കാരെ വിശേഷിപ്പിച്ചിരുന്നത് ഭീരു (coward) എന്നാണ്. അവരുടെ ചെയ്തികളെ ഭീരുത്വം (cowardice)എന്നും. ഹിന്ദ് സ്വരാജില്‍ (1909) ഗാന്ധി പറയുന്നുണ്ട്: “അന്യരെ കൊല്ലുകയെന്ന ചിന്ത ഭീരുവിന്റേതാകുന്നു. കൊലപാതകങ്ങള്‍ കൊണ്ട് നിങ്ങളാരെയാണ് സ്വതന്ത്രമാക്കുക. കൊലയിലൂടെ അധികാരത്തിലെത്തിയവര്‍ ഒരിക്കലും സന്തോഷം നല്‍കുകയില്ല. ഭയം തീരുമ്പോള്‍ തീര്‍ന്നക്കും ഭയപ്പെട്ട് തരുന്നതും”.

ഗാന്ധിയുടെ ഈ വാക്കുകളില്‍ ഉള്ളറിയുന്ന ആരും ചോദിച്ചുപോകും എങ്കില്‍ ആരാണ് ഭൂമിയിലുണ്ടായിട്ടുള്ള ഭീരുക്കളില്‍ ഭീരുക്കള്‍? ചെങ്കീസ് ഖാന്‍, ടിമൂര്‍, ഹിറ്റ്ലര്‍, സ്റ്റാലിന്‍, സവര്‍ക്കര്‍, ഗോഡ്സേ, മാവോ സേ തുങ്ങ്, മുസ്സോളിനി, ഇന്ദിരാഗാന്ധി, ഈദി അമീന്‍… ആരാണ്?

നമ്മുടെ കാലത്ത് ഏറ്റവും കൂടുതല്‍ ഭീരുത്വം വിതയ്ക്കുന്നത് ആരാണ്? ഒന്നാമന്‍ ഡോണാള്‍ഡ് ട്രംപ് തന്നെ. ഇന്ത്യയിലേക്ക് വന്നാലോ? മന:സ്താപത്തോടെ പറയട്ടെ നരേന്ദ്രമോദിയും അമിത് ഷായും മോഹന്‍ ഭാഗവതുമൊക്കെയാണ്. കേരളത്തിലോ? തീര്‍ച്ചയായും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പി.ജയരാജനും കെ. സുധാകരനും ഈ പട്ടികയില്‍പ്പെടുത്താവുന്നതാണ്. എസ്.ഡി.പി.ഐ, ജമാ അത്തെ ഇസ്ലാമി എന്നിവരെ മൊത്തമായി ഇതില്‍പ്പെടുത്താം.

ഭരണകര്‍ത്താക്കളിലേയും രാഷ്ട്രീയക്കാരന്റെ മേലങ്കി അണിഞ്ഞവരുടേയും പൗരോഹിത്യമതാധികാരികളുടേയും ഭീരുത്വമാണ് നമ്മെ ചൂഴ്ന്ന് നില്‍ക്കുന്നത്. ഇന്ത്യന്‍ തെരുവുകളിലും കണ്ണൂരിലും കാസര്‍കോട്ടും ഇമ്മാതിരി ഭീരുക്കളുടെ അനുയായികള്‍ നടത്തുന്ന അരുംകൊലകള്‍ നമ്മള്‍ സാധാരണക്കാരുടെ ഓര്‍മ്മകളില്‍ നിന്ന് പെട്ടെന്ന് മാഞ്ഞുപോകുന്നത് നിങ്ങളും ഞാനും ഭീരുക്കളായത് കൊണ്ടാണ്.

രാഷ്ട്രീയം ജനാധിപത്യത്തിന്റെ ജീവവായുവാണ്. ജനാധിപത്യമോ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സര്‍ഗാത്മകമായ സംവാദമാണ്. ഭീരുക്കളായ ഭരണാധികാരികളും രാഷ്ട്രീയക്കാരും സംവാദത്തിന് തയ്യാറാകാത്തവരാണ്. അവരെ സംവാദത്തിന്റെ തുറസ്സിലെത്തിക്കാന്‍ നമുക്ക് കഴിയാറില്ല. അവരുടെ ഭീരുത്വത്തിന്റെ തണലില്‍ എഴുത്തുകാരും സാംസ്‌കാരികരും ഭീരുക്കളായി വാലും ചുരുട്ടി കഴിഞ്ഞ് കൂടുകയാണ്. ആര്‍.എസ്.എസ്സുകാരന്‍ എന്ന ഭീരു കൊലനടത്തുമ്പോള്‍ മാര്‍ക്സിസ്റ്റ് പാളയത്തിലെ ഭീരുക്കളായ എഴുത്തുകാരും സാംസ്‌കാരിക നായകരും ഉറക്കെ ഓരിയിടുന്നു. കാസര്‍കോട്ടെ പെരിയയിലെ കൃപേഷ്, ശരത് എന്നീ രണ്ട് ദരിദ്രരായ യുവാക്കളെ ആസൂത്രിതമായി മാര്‍ക്സിസ്റ്റുകളെന്ന ഭീരുക്കള്‍ നിഷ്‌കരുണം കൊലപ്പെടുത്തിയപ്പോള്‍ മാര്‍ക്സിസ്റ്റ് കൂടാരത്തിലെ ഭീരുക്കളായ എഴുത്തുകാരും ബുദ്ധിജീവികളും ഉറങ്ങുകയാണ്. ചാനലുകാരും പത്രപ്രവര്‍ത്തകരും ഏതെങ്കിലുമൊരു ഭീരുവിന്റെ കൂടാരത്തിലായിരിക്കും.

അടുത്തിടെ കേരളത്തില്‍ നവോത്ഥാനമതില്‍ തീര്‍ക്കാന്‍ അമ്പത് ലക്ഷത്തോളം അമ്മമാരും സഹോദരിമാരും വന്നത് നാം കണ്ടതാണ്. ഇപ്പോള്‍ നമുക്ക് മനസിലായി ആ അമ്പത് ലക്ഷം സ്ത്രീകളും മാര്‍ക്സിസ്റ്റ് കൂടാരത്തിലെ അടിമകളാണ്. നമുക്കറിയാം അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും പൊയ്കയില്‍ അപ്പച്ചനും ശ്രീനാരായണഗുരുവും വി.ടിയും മന്നത്ത് പത്മനാഭനും സഹോദരന്‍ അയ്യപ്പനും ബ്രഹ്മാനന്ദസ്വാമികളും വാഗ്ഭടാന്ദനും മൊയ്തു മൗലവിയും ഒന്നും ഭീരുക്കളായിരുന്നില്ല. സ്ഥിതപ്രഷ്ഠരായ ആത്മീയധീരരായിരുന്നു.

കണ്ണൂരിലേയും കാസര്‍കോട്ടേയും ഒരു ലക്ഷം അമ്മമാരും സഹോദരിമാരും ഭീരുക്കളുടെ പാളയത്തില്‍ നിന്ന് പുറത്തുകടന്ന് രാഷ്ട്രീയത്തിന്റേയും ഭരണാധികാരത്തിന്റേയും മുഖംമൂടിയണിഞ്ഞ ഭീരുക്കളോട്, ഇനി ഞങ്ങളുടെ ഒരൊറ്റ മക്കളേയും സഹോദരനേയും നിങ്ങളുടെ കൊലക്കത്തിയ്ക്ക് വിട്ടുതരില്ലെന്ന് തറപ്പിച്ച് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താലേ ഭീരുക്കള്‍ നടത്തുന്ന കൊലപാതകത്തിന് അറുതി വരൂ. അതല്ലാത്ത താല്‍ക്കാലിക സമാധാനക്കരാറുകള്‍ക്കൊന്നും ഒരു വിലയുമുണ്ടാകില്ലെന്നോര്‍ക്കുക.!

പിന്‍കുറിപ്പ്:

ഇതെഴുതി കഴിയുമ്പോഴാണ് ചാനലിലൂടെ സ്‌ക്രോള്‍ പോകുന്നത് കണ്ടത്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്നും പാര്‍ട്ടിക്കതില്‍ യാതൊരു പങ്കുമില്ലെന്നും അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നു. പിടിക്കപ്പെട്ട മറ്റ് പ്രതികളും ഇതേ വാക്കുകള്‍ തന്നെ പറയുന്നു. ഇതേ വാക്കുകള്‍ തന്നെയാണല്ലോ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കൊലപാതകം മാലോകരറിഞ്ഞ നിമിഷം മുതല്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇങ്ങനെ തന്നെയാണല്ലോ ടി.പി ചന്ദ്രശേഖരന്റേയും ഷുഹൈബിന്റേയും ഷുക്കൂറിന്റേയും കൊലകളില്‍ പ്രകാശ് കാരാട്ട്, യെച്ചൂരി മുതല്‍ നമ്മുടെ ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ വരെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇതൊക്കെയല്ലേ പശുയിറച്ചിയുടെ പേരില്‍ കെരുവുകളില്‍ കൊല്ലപ്പെടുന്നവരെപ്പറ്റി ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വങ്ങളും പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും പറഞ്ഞുകൊണ്ടിരിക്കുന്നത്. മൂവായിരത്തോളം സിക്കുകാര്‍ രണ്ട് പകലും രാത്രിയും കൊണ്ട് കൊലചെയ്യപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധിയും പറഞ്ഞത് ഇങ്ങനെയൊക്കെയല്ലേ? 2002 ല്‍ ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം മോദിയും ഇതേ ഭംഗിയിലും വികാരത്തിലുമല്ലേ പറഞ്ഞത്? നമ്മള്‍ ഭീരുക്കള്‍ അതൊക്കെ മറന്നു; കുറേപ്പേര്‍ വിശ്വസിക്കുകയും ചെയ്യുന്നു.

ഇനി മറ്റൊരു കാര്യം കൂടി. മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി ചെയ്യുമോ ഇത്? നമ്മള്‍ ഭീരുക്കളും അത് ചോദിച്ചുപോകും. പക്ഷെ അവിടെ ആള്‍ക്കൂട്ടത്തിന്റെ ഒരു മനശാസ്ത്രമുണ്ട്. ഒരു പ്രാദേശിക കവലച്ചട്ടമ്പി ഒരു കൊല നടത്തിയെന്നിരിക്കട്ടെ. ആദ്യ മണിക്കൂറുകളില്‍ നാമൊക്കെ പേടിക്കും. പതുക്കെ പതുക്കെ ആ കവലച്ചട്ടമ്പിയോട് ഭയം നിറഞ്ഞ ആരാധനയാകും. ചുറ്റിലും അത്തരം ചട്ടമ്പിമാര്‍ എന്തെങ്കിലുമൊക്കെ മധുരമായി നീട്ടും. ക്രമേണ കവലച്ചട്ടമ്പി സംസ്‌കാരം നമ്മളിലൊക്കെ നാമ്പ് നീട്ടി തഴച്ചുവളരും. ഈ സാസ്‌കാരിക വീര്യത്തിലാണ് ഇന്ത്യന്‍ മധ്യവര്‍ഗിയും കേരളത്തിലെ ഏതാണ്ടെല്ലാവരും വീരപുളകിതരായി ജീവിച്ചുപോരുന്നത്.

കെ. അരവിന്ദാക്ഷന്‍

We use cookies to give you the best possible experience. Learn more