തിരുവനന്തപുരം: ഗോഡ്‌സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്യൂണിസ്റ്റുകാരനാണെന്നും കുറച്ചുനാള്‍ കൂടി ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍.എസ്.എസുകാരനായേനെ എന്നുമുള്ള ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തിന് മറുപടിയുമായി ഗാന്ധിയനും എഴുത്തുകാരനുമായ കെ. അരവിന്ദാക്ഷന്‍.
സംഘിന്റെ വാര്‍ധ വാര്‍ഷിക ക്യാമ്പില്‍ ഗാന്ധിജി എന്നാണ് പങ്കെടുത്തത് എന്ന് പറയാതെ ബി ഗോപാലകൃഷ്ണന്‍ പരാമര്‍ശിക്കുന്നത് കുറച്ചുനാള്‍ കൂടി ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണെന്നും അതിലെ നെറികേടും കാപട്യവും അക്ഷന്തവ്യമാണെന്നും അരവിന്ദാക്ഷന്‍ പറയുന്നു.
വാഗ അഭയാര്‍ത്ഥിക്യാമ്പില്‍ ആര്‍.എസ്.എസ് നന്നായി പ്രവര്‍ത്തിച്ചിരുന്നതായി ഗാന്ധിജിയുടെ സംഘത്തിലെ ഒരംഗം പറഞ്ഞിരുന്നു.. അവര്‍ അച്ചടക്കവും ധൈര്യവും കഠിനാധ്വാനവും കാഴ്ചവെച്ച് അദ്ദേഹം പറഞ്ഞത്. അതിന് ഗാന്ധിജി നല്‍കിയ മറുപടി ഇതായിരുന്നു: “”പക്ഷേ ഒരുകാര്യം മറക്കരുത്, അങ്ങനെ തന്നെയായിരുന്നു ഹിറ്റ്‌ലറുടെ നാസികളും മുസോളിനിയുടെ കീഴിലുള്ള ഫാസിസ്റ്റുകളും””. ഏകാധിപത്യ സ്വഭാവമുള്ള ഒരു വര്‍ഗീയ സംഘടന എന്നാണ് ഗാന്ധി ആര്‍.എസ്.എസിനെ വിശേഷിപ്പിച്ചത് (പ്യാരേലാല്‍: മഹാത്മാഗാന്ധി ലാസ്റ്റ് ഫേസ് പുറം. 439-440) – അരവിന്ദാക്ഷന്‍ വ്യക്തമാക്കുന്നു.
ഗോഡ്‌സെയുടെ വെടിയുണ്ടകളാല്‍ ഗാന്ധിജിയെ കൊന്നത് കമ്യൂണിസ്റ്റുകാരാണ് എന്ന ലേഖകന്റെ വാദം ബാലിശവും ചരിത്രവസ്തുതകള്‍ക്ക് വിരുദ്ധവുമാണ്. താനൊരു കമ്യൂണിസ്റ്റുകാരന്‍ അല്ലെങ്കില്‍ കൂടി- കെ. അരവിന്ദാക്ഷന്‍ പറയുന്നു.
ആര്‍.എസ്.എസുകാരും കമ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യസമരത്തേയും ഗാന്ധിജിയേയും ഒരുപോലെ ഒറ്റുകൊടുത്തവരാണെങ്കിലും കമ്യൂണിസ്റ്റുകാരില്‍ സത്യസന്ധതയുള്ള ത്യാഗികളായ രക്തസാക്ഷികളുണ്ടായിരുന്നു. ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്സെ ആര്‍.എസ്.എസുകാരനായിരുന്നോ?ഈ വസ്തുത നിഷേധിക്കാന്‍ ആര്‍.എസ്.എസ് ബദ്ധപ്പെടുകയാണ്. നിരവധി വര്‍ഷങ്ങള്‍ ആര്‍.എസ്.എസിന് വേണ്ടി അധ്വാനിച്ചെന്നും തുടര്‍ന്ന് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു എന്നും ഗോഡ്‌സെ തന്റെ വിചാരണ വേളയില്‍ തന്നെ ഗോഡ്‌സെ പറഞ്ഞിരുന്നെന്നും അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.
ഗാന്ധിജിയെ കൊല്ലണമെന്ന് ഡയറിയില്‍ എഴുതിവെച്ച് പിസ്റ്റളും കൊടുത്ത് ഗോഡ്സെയെ ആര്‍.എസ്.എസ്. പറഞ്ഞയച്ചതായി നെഹ്‌റുവിനോ പട്ടേലിനോ ഗോഡ്സെയെ വിചാരണചെയ്ത ആത്മചരണിനോ കപൂര്‍ കമ്മിഷനോ പറയാനാവില്ല. “ആര്‍.എസ്.എസ്. ശാഖകള്‍ ഗാന്ധിവധം മധുരപലഹാരം നല്‍കി ആഘോഷിച്ചിരുന്നതായി പ്യാരേലാല്‍ രേഖപ്പെടുത്തുന്നുണ്ട്”. (പുറം 756 പ്യാരേലാല്‍). – അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍.എസ്.എസിന് ഗാന്ധിവധത്തിനുശേഷമാണ് ഒരു രേഖയും രശീതിപുസ്തകവുമെല്ലാമുണ്ടാകുന്നത്. അതുവരെ ആരാണ് അംഗങ്ങളെന്ന് കൃത്യമായി രേഖപ്പെടുത്തുന്ന തെളിവുകള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ഗാന്ധിവധത്തിനുശേഷമാണ് പട്ടേലിന്റെ നിര്‍ദേശപ്രകാരം ഒരു സംഘടനയായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗോഡ്സെ ആര്‍.എസ്.എസുകാരനല്ല എന്ന് വാദിക്കുന്നതിനെക്കാള്‍ ഉചിതം അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ സഹോദരന്റെയും വാക്കുകള്‍ക്ക് ചെവികൊടുക്കുന്നതാണെന്നും അരവിന്ദാക്ഷന്‍ പറയുന്നു.
“മഹാരാഷ്ട്രയില്‍നിന്ന് നിയന്ത്രിക്കുന്ന ഒരു ഫാസിസ്റ്റ്, പാരാമിലിറ്ററി, വര്‍ഗീയ സംഘടനയാണ് ആര്‍.എസ്.എസ്.” ആര്‍.എസ്.എസിന്റെ ഗുരു ഗോള്‍വാള്‍ക്കര്‍ തന്റെ വിചാരധാരയില്‍ ഹിന്ദു-മുസ്ലിം ഐക്യമില്ലാതെ സ്വരാജില്ലെന്ന് പ്രഖ്യാപിക്കുന്നവര്‍ സമൂഹത്തോടുചെയ്യുന്ന ഏറ്റവും വലിയ രാജ്യദ്രോഹമാണെന്ന് ഗാന്ധിയെ ലക്ഷ്യംവെച്ച് പറയുന്നുണ്ട്”. ആര്‍.എസ്.എസ്. പ്രമുഖ് പ്രൊഫ. രാജേന്ദ്രസിങ് (രാജു ഭയ്യ) ഗോഡ്സെയുടെ മാര്‍ഗംതെറ്റാണെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ ഗാന്ധിവധത്തെ പ്രശംസിക്കുന്നുണ്ടെന്നും കെ. അരവിന്ദാക്ഷന്‍ തന്റെ ലേഖനത്തില്‍ പറയുന്നു.
ഗോഡ്സെയുടെ ബുദ്ധ്യുപദേശകന്‍ വി.ഡി. സവര്‍ക്കറാണെന്ന് എല്ലാവര്‍ക്കുമറിയാം. ഗാന്ധിവധവിചാരണവേളയില്‍ ഗോഡ്സെ അത് ഏറ്റുപറയുന്നുണ്ട്. ഗാന്ധിവധത്തില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം കഴിഞ്ഞെത്തിയ ഗോപാല്‍ ഗോഡ്സെ, അരവിന്ദ് രാജഗോപാലുമായുള്ള അഭിമുഖത്തില്‍ സഹോദരന്‍ നാഥുറാം ഗോഡ്സെ ആര്‍.എസ്.എസിന്റെ അവിഭാജ്യഘടകമായിരുന്നെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ആവര്‍ത്തിക്കുന്നുണ്ട്. (ഫ്രണ്ട്ലൈന്‍ 28.1.1994).
ഗാന്ധിവധം അന്വേഷിച്ച ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍ ഗാന്ധിവധത്തില്‍ സവര്‍ക്കറിന്റെ പങ്കിനെപ്പറ്റിയുള്ള സവര്‍ക്കറുടെ അംഗരക്ഷകനായിരുന്ന ബാഡ്ജെയുടെ മൊഴി സ്വീകരിച്ചിരുന്നു. എന്നാല്‍, സാക്ഷികള്‍ ഇല്ലാത്തതിനാല്‍ കുറ്റവിമുക്തനാക്കപ്പെടുകയാണുണ്ടായത്.
ഗോഡ്സെ ആര്‍.എസ്.എസുകാരനായിരുന്നോ, സവര്‍ക്കറിന് ആര്‍.എസ്.എസുമായി ബന്ധമുണ്ടായിരുന്നോ എന്നതിലുപരിയായി 1930-“48 കാലഘട്ടത്തില്‍ ആര്‍.എസ്.എസും ഹിന്ദുമഹാസഭയും ചേര്‍ന്ന് മുസ്‌ലിം, ഗാന്ധിവിരുദ്ധ അന്തരീക്ഷം ഒരുക്കുകയുണ്ടായെന്നും അരവിന്ദാക്ഷന്‍ തന്റെ ലേഖനത്തില്‍വ്യക്തമാക്കുന്നു.
ജനുവരി 31 ലെ നിരന്തരം വധിക്കപ്പെടുന്ന ഗാന്ധി എന്ന തന്റെ കുറിപ്പിന് ഫെബ്രുവരി 4 ന് ബി ഗോപാലകൃഷ്ണന്‍ മറുപടിയായി എഴുതിയ ഗാന്ധിവധം ആര്‍.എസ്.എസിനെതിരെ കമ്യൂണിസ്റ്റ ഗൂഢാലോചന എന്ന ലേഖനത്തിനാണ് കെ.അരവിന്ദാക്ഷന്റെ മറുപടി.