കോഴിക്കോട്: ചുംബനസമരത്തില്‍ പങ്കെടുത്തവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച അന്വേഷി പ്രസിഡന്റ് കെ. അജിത. കേരളത്തിന്റെ “സാംസ്‌കാരിക പൈതൃകം” എന്ന കാപട്യത്തെ തുറന്നുകാട്ടുന്നതില്‍ ഈ സമരം വിജയിച്ചെന്ന് അജിത അഭിപ്രായപ്പെട്ടു.
ലൈംഗിക പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് സ്‌നേഹിക്കാനുള്ള തങ്ങളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ഈ യുവജനങ്ങള്‍ക്ക് അന്വേഷിയുടെ പിന്തുണ അര്‍പ്പിക്കുന്നതായും അജിത അറിയിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഹിന്ദുത്വത്തിന് കേരളത്തില്‍ ഒരു വെല്ലുവിളി ഉയരാതെ പോകില്ലയെന്നുകൂടി ഈ സമരം തെളിയിച്ചിരിക്കുന്നെന്നും അജിത അഭിപ്രായപ്പെട്ടു.
അന്യോന്യം സ്‌നേഹിക്കുന്നവര്‍ തമ്മില്‍- അമ്മയും മകനും, അച്ഛനും മകളും, ആങ്ങളയും പെങ്ങളും, ഭാര്യയും ഭര്‍ത്താവും, കാമുകനും കാമുകിയും സുഹൃത്തുക്കള്‍ തമ്മിലും ഉഭയസമ്മതത്തോടെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നത് അനാശാസ്യമായി കാണുന്ന പൊതുസമൂഹ മനോഭാവത്തെ മാറ്റിയെടുക്കേണ്ട കാലം അതിക്രമിച്ചെന്നും അജിത ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ മനുഷ്യര്‍ തമ്മില്‍ സ്‌നേഹപ്രകടനം നടത്തുന്നത് അടക്കത്തിലും ഒതുക്കത്തിലുമായിരിക്കണമെന്ന തിട്ടൂരം ചോദ്യംചെയ്യപ്പെടേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.