'എത്ര ശ്രമിച്ചാലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ല എന്ന് സമൂഹം ധരിച്ചുതുടങ്ങുന്നുണ്ട്'; നടിയെ ആക്രമിച്ച കേസില്‍ എസ്. ശ്രീജിത്തിനെ മാറ്റിയതില്‍ കെ. അജിത
Kerala News
'എത്ര ശ്രമിച്ചാലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ല എന്ന് സമൂഹം ധരിച്ചുതുടങ്ങുന്നുണ്ട്'; നടിയെ ആക്രമിച്ച കേസില്‍ എസ്. ശ്രീജിത്തിനെ മാറ്റിയതില്‍ കെ. അജിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th April 2022, 10:11 pm

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ശ്രീജിത്തിനെ മാറ്റിയതില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക കെ. അജിത. പ്രമുഖരെ തൊടാന്‍ സര്‍ക്കാരിന് വലിയ പേടിയാണെന്നും പ്രതിപക്ഷത്തിനും ആ പേടിയുണ്ടെന്നും അജിത പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു അവരുടെ പ്രതികരണം.

ശ്രീജിത്തിനെ മാറ്റിയത് അന്വേഷണ സംഘത്തിന്റെ ആത്മവീര്യം കെടുത്തുന്നതിന് കാരണമാകും. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഏറ്റവുമധികം തെളിവുകള്‍ ഉണ്ടായിട്ടും ആരോപിതനായ ആളെ പ്രതിപോലുമാക്കാതെ വിട്ടയക്കുന്നതാണ് കണ്ടത്. നമ്മള്‍ എത്ര ശ്രമിച്ചാലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കില്ല എന്ന് സമൂഹം ധരിച്ചുതുടങ്ങുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നുണ്ടെന്നാണ് തനിക്ക് പറയാനുള്ളതെന്നും അജിത പറഞ്ഞു.

അതേസമയം, തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കുമെന്നതില്‍ ആശങ്കയുണ്ടെന്നറിയിച്ച് ഡബ്ല്യു.സി.സിയും വിഷയത്തില്‍ രംഗത്തെത്തിയിരുന്നു.

കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടിനല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണെന്നും ഡബ്ല്യു.സി.സി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

‘ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്.

വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കീലന്മമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമായിരുന്നു ഈ തെളിവുകള്‍.

അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ ഡബ്ല്യു.സി.സി പ്രസ്താവനയില്‍ പറഞ്ഞു.