നക്‌സല്‍ പോരാട്ട കാലത്ത് കേരളത്തിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്നു കെ.അജിത. വര്‍ഗീസിനൊപ്പം വിപ്ലവത്തിന്റെ കനല്‍ നെഞ്ചിലേന്തിയ അജിതക്ക് പിന്നീട് നക്‌സല്‍ പ്രസ്ഥാനം രണ്ടായി പിളര്‍ന്നപ്പോള്‍ വഴിപിരിയേണ്ടി വന്നു. വര്‍ഗീസ് വധക്കേസില്‍ വിധി വന്ന ശേഷം സഖാവിനെക്കുറിച്ചും പോരാട്ടകാലത്തെക്കുറിച്ചും അജിതഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.
വര്‍ഗീസ് വധക്കേസിലെ വിധിയെന്നത് ചരിത്ര സംഭവമാണ്. പ്രത്യേകിച്ചും ഭരണകൂടം ഒരു പാട് സംസ്ഥാനങ്ങളില്‍ ഇത്തരം ഭീകരത നടപ്പാക്കുമ്പോള്‍. ആന്ധ്ര,വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, കാശ്മീര്‍, എന്നിവിടങ്ങളില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. അവിടെ നിരവധി പേരെ ഭരണകൂടം കൊന്നിട്ടുണ്ട്. ഇപ്പോഴും ആ പ്രക്രിയ തുടരുന്നുണ്ട്. ഇതൊരു ഭൂത കാല സംഭവമല്ല. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്.
വര്‍ഗീസ് വധം നാല്‍പത് കൊല്ലം കഴിഞ്ഞ ശേഷവും വലിയ പ്രശ്‌നമാവുകയും അതില്‍ തെളിവ് അംഗീകരിക്കപ്പെടുകയും പോലീസ് നിയമപരമായിട്ടല്ല കാര്യങ്ങള്‍ ചെയ്തതെന്നത് കോടതി അംഗീകരിക്കുകയും ചെയ്തുവെന്നത് വളരെ പോസിറ്റീവ് ആയ സംഭവമാണ്.
കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ ഒരു കത്ത് വാസുവേട്ടന് അയച്ചതാണ് ഇതിന് വഴിത്തിരിവായത്. അവര്‍ രണ്ടു പേരോടും ഈ സൊസൈറ്റി കടപ്പെട്ടിരിക്കുന്നു. അത്രയും പ്രധാന്യമുള്ളൊരു മനുഷ്യാവകാശ പ്രശ്‌നമായിരുന്നു അത്. മനുഷ്യാവകാശ പോരാട്ട ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതാവുന്ന സംഭവമാണത്.
ലക്ഷമണന്‍ മാത്രമല്ല ഇതില്‍ പ്രതി. ഒരു പോലീസു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ ഇത് നടക്കില്ല. അതിന്റെ പിറകില്‍ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടത്തിനും ഉത്തരവാദിത്തമുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥന് ഉത്തരവാദിത്വമുണ്ട്. വര്‍ഗീസിന്റെ കാര്യത്തില്‍ കാല്‍ക്കുലേറ്റഡായ കൃത്യമാണ് നടന്നത്. രാജന്‍ സംഭവം ആക്‌സിഡന്റലാണെന്ന് പറയാവുന്നതാണ്. അങ്ങിനെ ആണോ എന്ന് ഉറപ്പിക്കാനാകില്ലെങ്കില്‍ പോലും. വര്‍ഗീസിന്റെ കാര്യത്തില്‍ അങ്ങിനെയല്ല. വര്‍ഗീസ് ഉയര്‍ത്തിയ വെല്ലുവിളി. ആദിവാസികളുടെ ഇടയിലെ സ്വാധീനം. ജനങ്ങളുടെ ഇടയിലുണ്ടായ സ്വാധിനം. ഇതെവല്ലാം കണക്കിലെടുക്കുമ്പോള്‍ വര്‍ഗീസിനെപ്പോലെ ഒരാള്‍ ജീവിച്ചിരിക്കുന്നത് ഭരണകൂടത്തിന് തലവേദനയായിരുന്നു.
വര്‍ഗീസിനെ പിടിച്ച് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നത് ജനങ്ങള്‍ കാണ്‍കെയാണ്. വൈകീട്ടോടെയാണ് വര്‍ഗീസിനെ കൊല്ലുന്നത്. കൊലപ്പെടുത്തുന്നതിന് മുമ്പ് വര്‍ഗീസിനെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണ്ണ് ചൂഴ്‌ന്നെടുത്തിട്ടുണ്ട്. തിളച്ച വെള്ളം കൊണ്ട് പൊള്ളിച്ചിട്ടുണ്ട്. അതൊന്നും വാസുവേട്ടനൊന്നും അംഗീകരിക്കുന്നില്ല. രാമചന്ദ്രന്‍ നായരുടെ മൊഴിയില്‍ അതൊന്നുമില്ല. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇക്കാര്യം പറയുന്നത്. അന്നത്തെ പത്രങ്ങളിലെല്ലാം ഏറ്റുമുട്ടലില്‍ കൊള്ളത്തലവനെ കൊന്നുവെന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. അന്നേ നമുക്കറിയാമായിരുന്നതായിരുന്നു ഇത് കൊലപാതകമായിരുന്നുവെന്ന്.
വര്‍ഗീസിന്റെ കൊലപാതകത്തില്‍ അന്നത്തെ മന്ത്രിസഭക്ക് പങ്കുണ്ട്
അങ്ങിനെയിരിക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം രാമചന്ദ്രന്‍ നായര്‍ സത്യം പുറത്ത് കൊണ്ട് വരികയും രാമചന്ദ്രന്‍ നായര്‍ വാസുവേട്ടന് കത്തെഴുതുകയും അത് വലിയ വാര്‍ത്തയാവുകയും സി.ബി.ഐ കേസ് ഏറ്റെടുക്കുകയുമായിരുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു ഇത്. രാജനെയും ഇതു പോലെ ക്രൂരമായി കൊലപ്പെടുത്തിയതാണ്. പക്ഷെ ആരും കുറ്റസമ്മതം നടത്തിയിട്ടില്ല. ഏറ്റുമുട്ടല്‍ കൊലപാതകമെന്ന രീതിയില്‍ കേരളത്തിലുണ്ടായ ആദ്യത്തെതും അവസാനത്തെതുമാണത്.
വര്‍ഗീസ് കൊല്ലപ്പെടുന്ന സമയത്ത് ഞാന്‍ ഇവിടെ അമ്മയുടെ കൂടെയായിരുന്നു. ഞാന്‍ തിരുനെല്ലി കേസില്‍ പ്രതിയായിരുന്നു. ഞങ്ങള്‍ വേറൊരു ഗ്രൂപ്പ് തന്നെയായിരുന്നു. കുന്നിക്കല്‍ നാരായണന്റെ ഗ്രൂപ്പും ചാരു മജുംദാറിന്റെ ഗ്രൂപ്പുമായിരുന്നു ഉണ്ടായിരുന്നത്. വര്‍ഗീസ് ചാരു മജുംദാര്‍ ഗ്രൂപ്പിലായിരുന്നു. ജന്മിമാരെ കൊല ചെയ്യുന്ന രീതിയായിരുന്നു അവരുടെത്. കുന്നിക്കലിന്റെത് ആ നിലപാടല്ലായിരുന്നു. ഭരണകൂടത്തെയും സാമ്രാജ്യത്വത്തെയും ആക്രമിക്കുകയെന്നതായിരുന്നു കുന്നിക്കലിന്റെ നിലപാട്.
ഒരു വെടിയുടെ പാട് മാത്രമായിരുന്നു വര്‍ഗീസിന്റെ മൃതദേഹത്തിലുണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് അവര്‍ മൃതദേഹം അച്ഛനെയും അമ്മയെയും കാണിച്ചില്ല. പോലീസെത്തിയാണ് വര്‍ഗീസിനെ അടക്കിയത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഒരു മാസക്കാലത്തോളം പോലീസ് കാവല്‍ നില്‍ക്കുകയാണ്. വര്‍ഗീസ് വെടിയേറ്റ് കിടക്കുന്ന ചിത്രത്തില്‍ തന്നെ കണ്ണിന്റെ ഒരു ഭാഗത്ത് അസ്വാഭാവികത കണ്ടിരുന്നു. മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരാന്‍ തന്നെ സമ്മിതിച്ചിരുന്നില്ല. പിന്നെ പ്രമുഖര്‍ ഇടപെട്ടത് കൊണ്ടാണ് മൃതദേഹം വീട്ടിലെത്തിയച്ചത്. അതു തന്നെ കനത്ത പോലീസ് ബന്തവസ്സിലായിരുന്നു. ആരെങ്കിലും വന്ന് കുഴിമാടം മാന്തുമെന്ന് കരുതി പോലീസ് ഒരു മാസം അവിടെ കാവല്‍ നിന്നു. എന്ത് കൊണ്ട് അങ്ങിനെ ചെയ്തു. വര്‍ഗീസിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നതിന് അത് ഒരു തെളിവായിരുന്നു. വെടിവെച്ച അടയാളം മാത്രമാണെങ്കില്‍ മുഖം കാണിക്കുന്നത് കൊണ്ട് എന്ത് പ്രശ്‌നമാണുള്ളത്.
വര്‍ഗീസിന്റെ കൊലപാതകത്തില്‍ അന്നത്തെ മന്ത്രിസഭക്ക് പങ്കുണ്ട്. മന്ത്രിതലത്തില്‍ പോലീസിന് പിന്തുണ ലഭിച്ചിട്ടുണ്ട്. ഇവനെ ജീവനോടെ വെച്ചേക്കരുതെന്ന അഭിപ്രായം ഉന്നത തലത്തില്‍ നിന്ന് വന്നിട്ടുണ്ട്. വര്‍ഗീസിനെപ്പോലുള്ള വിപ്ലവകാരിയെ ഭരണകൂടത്തിന്റെ “കീട”ത്തിനെ ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യം. വര്‍ഗീസിനെ കൊലപ്പെടുത്തുക മാത്രമായിരുന്നില്ല ചെയ്തത്. ആദിവാസികളെ ആക്രമിച്ചിട്ടുണ്ട്. സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യമൊരുക്കിയാണ് സി.ആര്‍.പി.എഫ് അവിടെയെത്തിയത്.
തലശ്ശേരി ആക്ഷനില്‍ വര്‍ഗീസിനൊപ്പമായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്തത്. ഞങ്ങളുടെ കൂട്ടത്തില്‍ സ്വയം അച്ചടക്കം സൂക്ഷിക്കുകയും മറ്റുള്ളവര്‍ അത് പുലര്‍ത്തുന്നതില്‍ കര്‍ശന നിലപാടെടുക്കുകയും ചെയ്തയാളായിരുന്നു വര്‍ഗീസ്. അദ്ദേഹം വളരെ കമ്മിറ്റഡായിരുന്നു. സ്വന്തം കാര്യത്തെ പറ്റി ചിന്തയില്ലായിരുന്നു അദ്ദേഹത്തിന്, പേടി തൊട്ട് തീണ്ടിയിട്ടില്ലായിരുന്നു.
വര്‍ഗീസിനെ ഭരണ കൂടം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വര്‍ഗീസിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടത്.
തയ്യാറാക്കിയത്: കെ.എം ഷഹീദ്
ഫോട്ടോ: അജീബ് കൊമാച്ചി