കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകളല്ലേ: കെ. സുധാകരനെതിരെ കെ. അജിത
Kerala News
കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകളല്ലേ: കെ. സുധാകരനെതിരെ കെ. അജിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th January 2019, 4:52 pm

കോഴിക്കോട്: ആക്ടിവിസ്റ്റുകള്‍ മോശമാണെന്നു പറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ അന്വേഷി പ്രസിഡന്റ് കെ. അജിത. കോണ്‍ഗ്രസിലെ സ്ത്രീ പ്രവര്‍ത്തകരൊന്നും ആക്ടിവിസ്റ്റുകളല്ലേയെന്നാണ് അജിത ചോദിക്കുന്നത്. ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അവര്‍.

“കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകള്‍ അല്ലേ. അവരൊക്കെ “സാധാരണ സ്ത്രീകളാ?” ആക്ടിവിസ്റ്റുകളെ ഒന്നടങ്കം ചീത്തപറയുന്നതെന്തിനാണ്.

അദ്ദേഹം പറഞ്ഞത് സ്ത്രീവിരുദ്ധമായ വാക്കാണ്. അതില്‍ ഖേദിക്കുന്നു എന്നു പറഞ്ഞ് നിര്‍ത്തുന്നതിനു പകരം വീണ്ടും അയാള്‍ കിടന്ന് ഉരുളുകയാണ്. ആക്ടിവിസ്റ്റുകള്‍, സാധാരണ സ്ത്രീകള്‍ എന്നൊരു വേര്‍തിരിവേയില്ല. എല്ലാ സ്ത്രീകളും ആക്ടിവിസ്റ്റുകള്‍ തന്നെയാണ്. സാധാരണ സ്ത്രീകളുമാണ്. സ്ത്രീകളെ ചീത്തപറയുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ഖേദിക്കേണ്ടിവരുമെന്നു മാത്രമാണ് എനിക്കു പറയാനുള്ളത്. ” അജിത പറഞ്ഞു.

Read Also : “ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെ” വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ. സുധാകരന്‍

പൊതുരംഗത്ത് സ്ത്രീകള്‍ അത്ര വ്യാപകമല്ലാത്ത കാലം മുതല്‍ തന്നെ കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവരുടെ ബോധവത്കരണത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് കെ. അജിത. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗനീതിയ്ക്കും വേണ്ടി പോരാടുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിക്കുന്ന അന്വേഷിയെന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് അജിത.

കഴിഞ്ഞദിവസം കാസര്‍കോട് നടത്തിയ പ്രസംഗത്തിലെ കെ. സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. “ഇരട്ടച്ചങ്കന്‍ മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സി.പി.ഐ.എമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത്. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി. ” എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഖേദം പ്രകടിപ്പിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയിലാണ് സുധാകരന്‍ ആക്ടിവിസ്റ്റുകളായ സ്ത്രീകളെ അധിക്ഷേപിച്ചത്.

സ്ത്രീകളെ പൊതുവില്‍ പറഞ്ഞതല്ല. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളേയാണെന്നായിരുന്നു സുധാകരന്റെ വിശദീകരണം.