| Monday, 28th March 2022, 1:23 pm

എ. സഹദേവന്‍, ലോക സിനിമയിലേക്കൊരു ഷോര്‍ട്ട് കട്ട്

കെ.എ സൈഫുദ്ദീന്‍

‘മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ അന്തരിച്ചു’ എന്നല്ലാതെ മറ്റെന്ത് തലക്കെട്ടായി നല്‍കുമെന്ന് ആ വാര്‍ത്ത കൈകാര്യം ചെയ്തവര്‍ക്ക് ഒരു നിമിഷമെങ്കിലും ആശങ്കയുണ്ടായിരുന്നിരിക്കണം. പക്ഷേ, മലയാളത്തിലെ ഏറ്റവും ചെറുപ്പമായ അവതാരകന്‍ ആര് എന്ന ആശങ്കക്ക് എനിക്ക് അന്നും ഇന്നും ഒരേയൊരു പേരേയുള്ളു, എ. സഹദേവന്‍.

നേരില്‍ കണ്ടപ്പോള്‍ ഒറ്റ വാക്കില്‍ സഹദേവന്‍ സാര്‍ (അന്ന് അങ്ങനെയായിരുന്നു വിളിച്ചിരുന്നത്. പിന്നീടാ അഭിസംബോധന സഹദേവേട്ടന്‍ എന്ന് പരിണമിക്കുകയുണ്ടായി) മറുപടി പറഞ്ഞു. ‘താങ്ക്‌സ്..’

ചാനല്‍ അവതാരകരിലെ ആ ‘യൗവന’ത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം വെറുമൊരു ഭംഗിവാക്കല്ലായിരുന്നു. ഇന്ത്യാവിഷനില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന ’24 ഫ്രെയിംസ്’ എന്ന സിനിമ പരിപാടിയിലൂടെയായിരുന്നു മറ്റനേകംപേരെ പോലെ എനിക്കും അദ്ദേഹം ചിരപരിചിതനായി തീര്‍ന്നത്.

എ. സഹദേവന്‍

ഇന്നത്തെ ടൊറന്റ് – ടെലഗ്രാം വിപ്ലവങ്ങള്‍ വരുന്നതിനും മുമ്പാണെന്നോര്‍ക്കണം, ലോക ക്ലാസിക് സിനിമകളെ ഏറ്റവും നാട്ടിന്‍പുറത്തുകാരായ മനുഷ്യര്‍ക്കുപോലും പരിചയപ്പെടുത്തിയത് സഹദേവേട്ടന്റെ ആ പരിപാടിയായിരുന്നു. അത്രയൊന്നും ഗൗരവമായ സിനിമകളുടെ പിന്നാലെ സഞ്ചരിക്കാത്ത, ദിലീപിന്റെ വളിപ്പന്‍ കോമഡികള്‍ക്കപ്പുറം സിനിമയില്ലെന്നുപോലും ധരിച്ചിരുന്നവരില്‍ വരെ ഇഷ്ടവും കൗതുകവും പകരുന്ന വിധം ലോക സിനിമകളുടെ റീലുകള്‍ നീട്ടിയെറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ അവതരണം. 65 വയസ് പിന്നിട്ട, അതിലും പ്രായം കാഴ്ചയില്‍ തോന്നിക്കുന്ന ഒരാളായിരുന്നു കൊച്ചുകുട്ടികള്‍ക്കുപോലും പ്രിയങ്കരമാകുന്ന വിധത്തില്‍ ആ പരിപാടി അവതരിപ്പിച്ചിരുന്നത്.

ഇക്കാലത്ത് ഒരു അവതാരകന് അത്യാവശ്യമായ ചെറുപ്പമോ അഗ്രഷനോ ഒന്നുമില്ലാത്തൊരാള്‍. പക്ഷേ, ഏതു ചെറുപ്പക്കാരനെയും വെല്ലുന്ന ഊര്‍ജത്തോടെ, അതിലും കൃത്യതയോടെ ലോകസിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടിരുന്നു. സ്മാര്‍ട്ട് ഫോണുകള്‍ ടെലിവിഷനെ വിഴുങ്ങുന്നതിനും മുമ്പത്തെ കാലമാണെന്നോര്‍ക്കണം.

ആരാണ് തന്റെ കാഴ്ചക്കാരനെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. ലോകത്തെങ്ങും ഇങ്ങനെയൊക്കെ സിനിമകളുണ്ടെന്ന് തിരിച്ചറിയാത്ത മനുഷ്യര്‍ക്കായി ആ സിനിമ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോഴും അക്കാദമികമായി സിനിമയെ സമീപിച്ചിരുന്നവര്‍ക്കുപോലും കണ്ണെടുക്കാന്‍ കഴിയാത്തതായിരുന്നു സഹദേവേട്ടന്റെ അവതരണം.

ഓരോ സിനിമകളുടെയും വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ ചോക്ലേറ്റിന്റെ രുചി പെട്ടെന്നലിഞ്ഞ് തീരാതിരിക്കാന്‍ മെല്ലെ മെല്ലെ നുണയുന്നൊരു കൊച്ചുകുട്ടി അദ്ദേഹത്തിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ലോകസിനിമകളായിരുന്നു ആ ചോക്ലേറ്റുകള്‍. അന്റോണിയോ റിക്കിയും മകന്‍ ബ്രൂണോയും സൈക്കിള്‍ ഉരുട്ടി പോകുന്ന തെരുവുകളും അവരുടെ ഏക ആശ്രയമായ സൈക്കിള്‍ അപഹരിക്കപ്പെടുമ്പോഴുള്ള നിസ്സഹായതയും വിറ്റോറിയ ഡി സിക്ക ചിത്രപ്പെടുത്തിയ അതേ തീക്ഷ്ണതയോടെ സഹദേവേട്ടന്റെ വാക്കുകളിലൂടെ നമുക്ക് സമീപസ്ഥമായിരുന്നു.

ഒരൊറ്റ വാചകത്തിന്റെ വിരല്‍ത്തുമ്പില്‍ പിടിപ്പിച്ച് 1948 ലെ ഇറ്റാലിയന്‍ തെരുവിലേക്ക് പ്രേക്ഷകനെ ആനയിക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു സഹദേവേട്ടന്. ചലച്ചിത്രോത്സവങ്ങളിലൂടെ ഏറ്റവും പുതിയ ലോക സിനിമകളിലേക്ക് ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടവര്‍ക്ക് കറുപ്പിലും വെളുപ്പിലും കറങ്ങിത്തിരിഞ്ഞ 24 ഫ്രെയിമുകളുടെ കാലത്തും ലോകാതിശായിയായ സിനിമകളുണ്ടായിരുന്നുവെന്ന് സഹദേവേട്ടനെപ്പോലെ പറഞ്ഞുതന്ന മറ്റൊരാള്‍ ഈ കാലത്തുണ്ടായിരുന്നില്ല.

വാക്കുകള്‍കൊണ്ട് ചിത്രം വരച്ചവരെക്കുറിച്ച് എത്രയും കേട്ടിട്ടുണ്ട്… പക്ഷേ, വാക്കുകളാല്‍ ചലച്ചിത്രം ചമച്ചവര്‍ അധികമില്ല… ആ മാജിക് സഹദേവേട്ടന്റെ കൈമുതലായിരുന്നു. പരിചയപ്പെടുത്തുന്ന സിനിമയില്‍ പലതും അപരിചിതമായിരുന്നില്ല. എന്നിട്ടും ആ പരിചയപ്പെടുത്തല്‍ കാണാന്‍ ടെലിവിഷനു മുന്നില്‍ കാത്തിരുന്നിട്ടുണ്ട്. വൈകാരികമായ രംഗങ്ങളില്‍ അതിനു പാകമായ ശബ്ദനിയന്ത്രണങ്ങളും മോഡുലേഷനും ഒരു അഭിനേതാവിനെ പോലെ അദ്ദേഹം പ്രസരിപ്പിച്ചു. ഇന്ത്യാവിഷനിലെ ആ കോട്ട് മറ്റാര്‍ക്കും പാകമാകുന്നതിനെക്കാള്‍ യുവത്വത്തോടെ എ. സഹദേവനില്‍ ചേര്‍ന്നുനിന്നതായി തോന്നിയിട്ടുണ്ട്. ആ പരിചയമായിരുന്നു അദ്ദേഹത്തിന്റെ ആരാധകനായി എന്നെയും മാറ്റിയത്.

പക്ഷേ, ഇന്ത്യാവിഷനില്‍ ’24 ഫ്രെയിംസ്’ അവതരിപ്പിക്കുന്നതിന് മുമ്പേ എനിക്ക് സഹദേവേട്ടനെ അറിയാമായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി അനേകം പേരെ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള ആ മനുഷ്യന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. എറണാകുളം പാടിവട്ടത്തെ ഇന്ത്യാവിഷന്റെ ഓഫീസില്‍ ഒരു ഉദ്യോഗാര്‍ഥിയായി ചെന്നപ്പോഴായിരുന്നു അത്. എന്തുകൊണ്ടോ ഇന്ത്യാവിഷന്‍ എന്റെ തട്ടകമായില്ല. ഒരു ഉദ്യോഗാര്‍ഥിയോട് എത്രമാത്രം മാന്യവും അന്തസ്സോടെയും പെരുമാറാമെന്ന് ബോധ്യപ്പെടുത്തിയതായിരുന്നു ആ അഭിമുഖം.

ലേ ഗ്രാന്‍ഡ് വോയേജിലെ ഒരു രംഗം

ഇസ്മായില്‍ ഫാറൂഖി എന്ന ഫ്രഞ്ച് മൊറോക്കന്‍ സംവിധായകന്റെ ‘ലെ ഗ്രാന്‍ഡ് വോയജ്’ നിര്‍ബന്ധമായി കാണണമെന്ന് പറഞ്ഞത് സഹദേവേട്ടനായിരുന്നു. പിതാവിന്റെ ഹജ്ജ് യാത്രയ്ക്ക് ഒട്ടും ഇഷ്ടമില്ലാതെ അകമ്പടിക്കാരനായി ഫ്രാന്‍സില്‍ നിന്ന്, ഇറ്റലിയും സ്ലോവേനിയയും ക്രെയേഷ്യയും ബള്‍ഗേറിയയും തുര്‍ക്കിയും സിറിയയും ജോര്‍ദാനും താണ്ടി ഒരു പഴഞ്ചന്‍ കാറില്‍ മക്കയിലെത്തുന്ന റിദ. സിനിമ തീരുമ്പോള്‍ കണ്ണീരണിഞ്ഞുനില്‍ക്കുന്ന റിദ നമ്മുടെയുള്ളിലെ പാപങ്ങളാണെന്ന് സഹദേവേട്ടനു മാത്രമേ ചുണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നുള്ളു.

ആല്‍ബര്‍ട്ട് ലമോറിസിന്റെ ‘റെഡ് ബലൂണ്‍’ നാലു വയസ്സുള്ള മകള്‍ക്കായി നിര്‍ദേശിച്ചു തന്നു. എന്നെപ്പോലെ ഒട്ടേറെ പേര്‍ക്ക് ലോകോത്തര സിനിമകളിലേക്ക് വിരല്‍ ചൂണ്ടിയത് അദ്ദേഹമായിരുന്നു. ശരിക്കും ലോകസിനിമയിലേക്കുള്ള ഷോര്‍ട്ട്കട്ടായിരുന്നു അദ്ദേഹം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ നിന്നും അന്തരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ നിന്നും കൈവരിച്ച അനുഭവസമ്പത്തുള്ളയാള്‍.

തിരുവനന്തപുരത്തെ ഐ.എഫ്.എഫ്.കെയില്‍ വെച്ച് ലോക സിനിമയുടെ ആ വലിയ പ്രചാരകനെ നേരില്‍ കണ്ടു. പഞ്ഞിപോലൊരു നനുത്ത മനുഷ്യന്‍. സ്‌നേഹത്തില്‍, കരുതലില്‍ പൊതിഞ്ഞുപിടിച്ചൊരു മനുഷ്യന്‍.. ഒറ്റകൂടിക്കാഴ്ചാനുഭവത്തില്‍ ഉള്ളം കീഴടക്കുന്നൊരാള്‍….

മലയാള ദൃശ്യമാധ്യമ സംസ്‌കാരം മാറ്റിപ്പണിത ഇന്ത്യാവിഷന് അകാലത്തില്‍ വിരാമമായ ശേഷം സിനിമയെക്കുറിച്ച് സംസാരിക്കാനുള്ള വേദികളില്‍ ഒന്നാം പേരുകാരനായി പലരോടും പറഞ്ഞത് സഹദേവേട്ടന്റെ പേരായിരുന്നു. സഫാരി ചാനലിലൂടെ പിന്നെയും അദ്ദേഹം ആ ഊര്‍ജം പ്രസരിപ്പിച്ചു.

കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സ്ഥിരമായി എത്തിയിരുന്നു അദ്ദേഹം. ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡിനാല്‍ അടഞ്ഞുപോയ ഫെസ്റ്റിവലുകളും കൂട്ടായ്മകളും എത്രയോ മനുഷ്യരെയാണ് വീര്‍പ്പുമുട്ടിച്ചത്…! ഏകാന്തമാകുന്ന സായാഹ്നങ്ങളെ നോക്കി അവര്‍ ജീവിതത്തില്‍നിന്ന് നിഷ്‌ക്രമിക്കുന്നു…

അപ്പോള്‍ മാത്രം, കുറച്ചുകൂടി നന്നായി അവരെ സ്‌നേഹിക്കാമായിരുന്നുവെന്നും അടുത്തറിയാമായിരുന്നുവെന്നും കുറ്റംബോധം നമ്മളെ ആഞ്ഞുകൊത്തുന്നു.. സഹദേവേട്ടനെക്കുറിച്ചും അങ്ങനെ തോന്നുന്നു… ഈ അടഞ്ഞകാലത്തൊന്നും അദ്ദേഹത്തെ വിളിച്ചില്ലല്ലോ എന്ന സങ്കടം നീറ്റുന്നു.

ഇനിയുമൊരു ലോകമുണ്ടെങ്കില്‍ അപ്പോഴും കറങ്ങിത്തീരാത്ത റീലുകളില്‍ സിനിമകള്‍ പറയാന്‍ സഹദേവേട്ടാ.. നിങ്ങളുണ്ടാവണം…
പ്രണാമം…!

Content Highlight: K A Saifudheen writes about A Sahadevan and 24 Frames

കെ.എ സൈഫുദ്ദീന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more