തൃശൂര്‍: കൈക്കൂലി കൊടുത്തു മലപ്പുറം ഡി.വൈ.എസ്.പി എസ്. അഭിലാഷിനെ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടാം പ്രതി വ്യവസായി കെ.എ. റഊഫിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.[]
കര്‍ശന ഉപാധികളോടെ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിടണമെന്നുകോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഏതുസമയവും ഹാജരാകണമെന്നും, അന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെടരുതെന്നും കോടതി റഊഫിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
പബ്ലിക് പ്രൊസിക്യൂട്ടര്‍ പയസ് മാത്യു റഊഫിനു ജാമ്യം അനുവദിക്കരുതെന്ന് കോടതിയില്‍ വാദിച്ചിരുന്നു. അഭിലാഷിന് പണം കൈമാറാന്‍ ശ്രമിച്ച് അറസ്റ്റിലായ മോങ്ങം സ്വദേശി അബൂബക്കര്‍ സിദ്ദീഖിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഡി.വൈ.എസ്.പിയെ കുടുക്കിയാല്‍ അഞ്ചു ലക്ഷം രൂപ റഊഫ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അബൂബക്കര്‍ സിദ്ദിഖ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് റഊഫിനെ രണ്ടാം പ്രതിയാക്കി കേസെടുത്തത്.