| Tuesday, 29th October 2019, 8:56 am

സി.ബി.ഐ അന്വേഷണം നേരിടുന്ന തോട്ടണ്ടി തട്ടിപ്പുകേസ് പ്രതിക്ക് സര്‍ക്കാരിന്റെ രഹസ്യ നിയമനം; കെ.എ രതീഷ് ഇനി ഇന്‍കെല്‍ എം.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി ഇടപാടിലെ കോടികളുടെ തട്ടിപ്പിന്റെ പേരില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നയാള്‍ക്ക് കേരളാ സര്‍ക്കാരിന്റെ രഹസ്യനിയമനം. കോര്‍പ്പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എ രതീഷിനെയാണ് കൊച്ചി ആസ്ഥാനമായ ഇന്‍കെലിന്റെ (ഇന്‍ഫ്രാസ്ട്രക്ചര്‍ കേരളാ ലിമിറ്റഡ്) മാനേജിങ് ഡയറക്ടറായി നിയമിച്ചത്.

ഇന്നലെ രാവിലെ ഉത്തരവ് കൈപ്പറ്റിയ രതീഷ് ഉടന്‍തന്നെ ചുമതലയേറ്റതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ നിയമസഭാ സമ്മേളനം ആരംഭിച്ചിരുന്നു. അതിനിടെയാണ് മന്ത്രിസഭ പോലും അറിയാതെയുള്ള നിയമനം. വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്‍കെല്‍ ചെയര്‍മാന്‍.

സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രമുഖ ആഗോള നിക്ഷേപകര്‍, പ്രവാസി വ്യവസായികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കു പ്രാതിനിധ്യമുള്ള പൊതു-സ്വകാര്യ സംരംഭമാണ് ഇന്‍കെല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പ് കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായി രതീഷിനെ നിയമിക്കാന്‍ ശ്രമിച്ചെങ്കിലും വിവാദമായതോടെ സര്‍ക്കാര്‍ ആ നീക്കം ഉപേക്ഷിച്ചിരുന്നു. അതിനു മുന്‍പ് കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് എം.ഡിയായി നിയമിക്കാനും വ്യവസായ വകുപ്പ് ശ്രമിച്ചിരുന്നു.

എന്നാല്‍ അഴിമതിക്കേസ് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ സര്‍ക്കാര്‍ പിന്‍വാങ്ങി. ഇപ്പോള്‍ കൊച്ചി ആസ്ഥാനമായ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒന്‍ട്രപ്രനര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ (കീഡ്) എം.ഡിയാണ്.

തോട്ടണ്ടി ഇടപാടില്‍ ആകെ 1,200 കോടിയോളം രൂപയുടെ അഴിമതി കോര്‍പ്പറേഷനില്‍ നടന്നിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് 2015-ലാണു വന്നത്.

കോടതി ഇടപെട്ടതോടെ അന്നത്തെ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍ രാജിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more