കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി ഇടപാടിലെ കോടികളുടെ തട്ടിപ്പിന്റെ പേരില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നയാള്‍ക്ക് കേരളാ സര്‍ക്കാരിന്റെ രഹസ്യനിയമനം. കോര്‍പ്പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എ രതീഷിനെയാണ് കൊച്ചി ആസ്ഥാനമായ ഇന്‍കെലിന്റെ (ഇന്‍ഫ്രാസ്ട്രക്ചര്‍ കേരളാ ലിമിറ്റഡ്) മാനേജിങ് ഡയറക്ടറായി നിയമിച്ചത്.
ഇന്നലെ രാവിലെ ഉത്തരവ് കൈപ്പറ്റിയ രതീഷ് ഉടന്‍തന്നെ ചുമതലയേറ്റതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ നിയമസഭാ സമ്മേളനം ആരംഭിച്ചിരുന്നു. അതിനിടെയാണ് മന്ത്രിസഭ പോലും അറിയാതെയുള്ള നിയമനം. വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്‍കെല്‍ ചെയര്‍മാന്‍.
സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രമുഖ ആഗോള നിക്ഷേപകര്‍, പ്രവാസി വ്യവസായികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കു പ്രാതിനിധ്യമുള്ള പൊതു-സ്വകാര്യ സംരംഭമാണ് ഇന്‍കെല്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍പ് കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായി രതീഷിനെ നിയമിക്കാന്‍ ശ്രമിച്ചെങ്കിലും വിവാദമായതോടെ സര്‍ക്കാര്‍ ആ നീക്കം ഉപേക്ഷിച്ചിരുന്നു. അതിനു മുന്‍പ് കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് എം.ഡിയായി നിയമിക്കാനും വ്യവസായ വകുപ്പ് ശ്രമിച്ചിരുന്നു.