മലയാളത്തില്‍ പിന്നണിഗാനരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരാളാണ് ജ്യോത്സ്ന. 2002ല്‍ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് എത്തിയതെങ്കിലും കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലെ ‘സുഖമാണീ നിലാവ്’ എന്ന പാട്ടിലൂടെയാണ് ജ്യോത്സ്ന ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ജ്യോത്സ്ന തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ലൂസിഫറില്‍ ജ്യോത്സ്‌ന പാടിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റിന്റെ സമയത്തുള്ള റഫ്ത്താര എന്ന ഗാനം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. ജ്യോത്സ്‌നയാണ് ആ പാട്ട് പാടിയതെന്ന് പലര്‍ക്കും ആദ്യം മനസിലായില്ലായിരുന്നു. റഫ്ത്താര എന്ന പാട്ടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജ്യോത്സ്‌ന.
കാല് ഒടിഞ്ഞ് റെസ്‌റ്റെടുക്കുന്ന സമയത്തായിരുന്നു താന്‍ ആ പാട്ട് പാടിയതെന്നും സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ചക്ക് ശേഷമാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ ആ പാട്ട് പുറത്തുവിട്ടതെന്ന് ജ്യോത്സ്‌ന പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ പവര്‍ എന്താണെന്ന് താന്‍ അപ്പോഴാണ് മനസിലാക്കിയതെന്നും തന്റെ ഇന്‍ബോക്‌സ് മെസ്സേജുകള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയായെന്നും ജ്യോത്സ്‌ന കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ വഴിയുള്ള ഫീഡ്ബാക്ക് എത്രത്തോളം ഉണ്ടെന്ന് ആ സമയം മനസിലായെന്നും ജ്യോത്സ്‌ന പറഞ്ഞു.
ആ പാട്ടിനായി അത്രമാത്രം വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അതിന് കിട്ടുന്ന സ്വീകാര്യത തനിക്ക് സന്തോഷം തന്നെന്നും ജ്യോത്സ്‌ന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആദ്യം ആ പാട്ട് റിലീസ് ചെയ്തപ്പോള്‍ താനാണ് പാടിയതെന്ന് പലര്‍ക്കും അറിയില്ലായിരുന്നെന്നും അറിഞ്ഞപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നെന്നും ജ്യോത്സ്‌ന കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു.
‘സത്യത്തില്‍ ഞാന്‍ കാല് ഫ്രാക്ചറായി റെസ്‌റ്റെടുത്തുകൊണ്ടിരുന്ന സമയത്താണ് ദീപക്കേട്ടന്‍ ആ പാട്ട് പാടാന്‍ വേണ്ടി എന്നെ വിളിച്ചത്. പ്രൊജക്ടിനെപ്പറ്റി കേട്ടതും ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെ ഒടിഞ്ഞ കാലും വെച്ച് ആ പാട്ട് കംപ്ലീറ്റ് ചെയ്തു. സിനിമയില്‍ ക്ലൈമാക്‌സ് ഫൈറ്റിന്റെ സമയത്താണ് ആ പാട്ടുള്ളത്. എന്റെ പാട്ടും ക്ലൈമാക്‌സ് ഫൈറ്റും മാറിമാറി കാണിക്കുകയായിരുന്നു.
പടം റിലീസ് ചെയ്ത് കുറച്ചുകഴിഞ്ഞാണ് ആ പാട്ട് അവര്‍ ഷെയര്‍ ചെയ്തത്. അപ്പോഴും പലര്‍ക്കും ആ പാട്ട് ഞാനാണ് പാടിയതെന്ന് അറിയില്ലായിരുന്നു. അറിഞ്ഞവര്‍ക്ക് അത് വിശ്വസിക്കാന്‍ പാടായിരുന്നു. ആ സമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ കിട്ടുന്ന ഫീഡ്ബാക്കിന്റെ പവര്‍ ഞാന്‍ മനസിലാക്കിയത്. എന്റെ സോഷ്യല്‍ മീഡിയ ഇന്‍ബോക്‌സ് ജാം ആയി. ആ പാട്ടിന് വേണ്ടി അത്രമാത്രം കഷ്ടപ്പെട്ടതുകൊണ്ട് അത് സ്വീകരിക്കപ്പെട്ടപ്പോള്‍ നല്ല സന്തോഷം തോന്നി,’ ജ്യോത്സ്‌ന പറയുന്നു.
Content Highlight: Jyotsna about her song in Lucifer movie and its response