| Sunday, 12th July 2020, 8:02 pm

എന്റെ സഹപ്രവര്‍ത്തകനായിരുന്ന സച്ചിന്‍ പൈലറ്റും മാറ്റി നിര്‍ത്തപ്പെട്ടു; രാജസ്ഥാന്‍ വിഷയത്തില്‍ സിന്ധ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രാഷ്ട്രീയ വിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കവെ സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ. സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശേക് ഗെലോട്ട് മാറ്റി നിര്‍ത്തിയതും ഉപദ്രവിച്ചതും ദുഖകരമെന്നാണ് സിന്ധ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിവിന് കോണ്‍ഗ്രസില്‍ ഒരു വിശ്വാസ്യതയുമില്ലെന്നും സിന്ധ്യ ട്വീറ്റ് ചെയ്തു.

‘ എന്റെ സഹപ്രവര്‍ത്തകനായിരുന്ന സച്ചിന്‍ പൈലറ്റും മാറ്റിനിര്‍ത്തപ്പെടുകയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാല്‍ ഉപദ്രവിക്കപ്പെടുകയും ചെയ്യുന്നത് കാണുന്നത് ദുഖകരമാണ്’ സിന്ധ്യ ട്വീറ്റ് ചെയ്തു.

അശോക് ഗെലോട്ടിന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സച്ചിന്‍ പൈലറ്റ് ബി.ജെ.പിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിന്ധ്യയുടെ പ്രതികരണം. സച്ചിന്‍ പൈലറ്റ് തന്റെ വിശ്വസ്തരായ ഏതാനും എം.എല്‍.എമാരുമായി നിലവില്‍ ദല്‍ഹിയിലാണുള്ളത്.

മാര്‍ച്ചില്‍ 22 എം.എല്‍.എമാരോടൊപ്പം കോണ്‍ഗ്രസില്‍ നിന്നും സിന്ധ്യ ബി.ജെപിയിലെത്തിയതായിരുന്നു മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ തകരാന്‍ കാരണം. സമാനമായി സച്ചിന്‍ പൈലറ്റും സിന്ധ്യയുടെ വഴിയെ ബി.ജെ.പിയിലേക്ക് മാറുകയാണെന്നാണ് സൂചനകള്‍. സ്വതന്ത്രരുള്‍പ്പെടെ 30 എം.എല്‍.എമാര്‍ സച്ചിന്‍ പൈലറ്റിന്റെ ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്നറിയിച്ചിട്ടുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ഇന്ന് നടക്കാനിരുന്ന കോണ്‍ഗ്രസ് മീറ്റിംഗ് നാളെത്തേക്ക് മാറ്റി വെച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയില്‍ വെച്ച് നാളെ രാവിലെ 10.30 കൂടിക്കാഴ്ച നടക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more