ബി.ജെ.പി പ്രചരണ റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് സിന്ധ്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
national news
ബി.ജെ.പി പ്രചരണ റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് സിന്ധ്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st November 2020, 11:06 am

ഭോപ്പാല്‍: മധ്യപ്രദേശ് ദാബ്രയിലെ ബി.ജെ.പി പ്രചരണ റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. പ്രചരണ റാലിക്കിടെ സംഭവിച്ച നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

നവംബര്‍ മൂന്നിന് മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രചരണറാലിക്കിടയിലാണ് സിന്ധ്യയ്ക്ക് അബദ്ധം പിണഞ്ഞത്.

കൈപ്പത്തി ചിഹ്നത്തിലമര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ എന്നായിരുന്നു സിന്ധ്യ കഴിഞ്ഞ ദിവസം നടന്ന പ്രചരണ റാലിയില്‍ പറയാനാഞ്ഞത്. കോണ്‍ഗ്രസ് എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും നാക്കുപിഴ സംഭവിച്ചെന്ന് മനസിലായ സിന്ധ്യ ഉടന്‍ തന്നെ താമരയ്ക്ക് വോട്ടു ചെയ്യൂ എന്ന് പറഞ്ഞ് തിരുത്തുകയായിരുന്നു. കൈപ്പത്തിക്ക് എന്നെന്നേക്കുമായി വിട എന്നും പിന്നീടദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് കോണ്‍ഗ്രസാണ് സിന്ധ്യയുടെ നാക്കുപിഴയുടെ വീഡിയോ സോഷ്യല്‍ മീഡിയല്‍ പങ്കുവെച്ചത്.

‘സിന്ധ്യാ ജി, നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു, മധ്യപ്രദേശിലെ ജനങ്ങള്‍ ഉറപ്പായും കൈപ്പത്തി ചിഹ്നത്തിലായിരിക്കും നവംബര്‍ മൂന്നിന് വോട്ട് ചെയ്യുക,’ വീഡിയോ പങ്കുവെച്ച് കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

2020 മാര്‍ച്ചിലാണ് സിന്ധ്യ ബി.ജെ.പി വിട്ടത്. സിന്ധ്യയ്‌ക്കൊപ്പം 22 എം.എല്‍.എമാരും പാര്‍ട്ടി വിട്ടിരുന്നു.

സിന്ധ്യയ്‌ക്കൊപ്പം പോയ എം.എല്‍.എമാരുടേതുള്‍പ്പെടെ 28 നിയമസഭാ സീറ്റുകളിലേക്കാണ് നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചതായി കഴിഞ്ഞ ദിവസം മറ്റൊരു പ്രചരണ റാലിയില്‍ സിന്ധ്യ ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jyotiraditya Scindia tongue slip says Vote for Congress pressing claw button