| Sunday, 17th May 2020, 8:17 pm

'ജ്യോതിരാദിത്യ സിന്ധ്യ തിങ്കളാഴ്ച ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; പടര്‍ന്നുപിടിച്ച ഈ വാര്‍ത്തയുടെ വാസ്തവമെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ട് മാസം മുമ്പാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതേ സിന്ധ്യ തിരിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന ഒരു ട്വീറ്റ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സൃഷ്ടിക്കുകയാണ്. ഇന്ത്യ ടിവി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ളതാണ് ഈ ട്വീറ്റ്.

‘എന്നെ മന്ത്രിയാക്കിയില്ലെങ്കില്‍ ശിവ്‌രാജ് അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കോളൂ. ഞാന്‍ നല്‍കിയതിനൊന്നിനും അദ്ദേഹം തിരിച്ചൊന്നും നല്‍കിയില്ല. എനിക്ക് അദ്ദേഹത്തോട് ബഹുമാനം നഷ്ടപ്പെട്ടു. മാമയും മോദിയും ചേര്‍ന്നെന്നെ വഞ്ചിച്ചു’, എന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു, തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേരും എന്ന തലക്കെട്ടോടെയാണ് ഈ ട്വീറ്റ് വ്യാപകമായത്.

ഇതിനെ തുടര്‍ന്ന് ഇന്ത്യ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം വാര്‍ത്ത ശരിയാണോ എന്ന് അന്വേഷിച്ചു. അവര്‍ കണ്ടെത്തിയത് ഇങ്ങനെയാണ്. ഈ ട്വീറ്റുമായി ഇന്ത്യ ടി.വി ന്യൂസ് ചാനലിന് ഒരു ബന്ധവുമില്ല. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നല്ല ഈ ട്വീറ്റ്. ഈ അക്കൗണ്ട് ഒരു പാരഡി അക്കൗണ്ട് ആണെന്ന് അതിന്റെ ബയോയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വൈറലായ ഈ ട്വീറ്റ് വ്യാജമാണെന്ന് സിന്ധ്യയുടെ അടുത്ത അനുയായിയും സഹായിയുമായ പുരുഷോത്തം പരാശര്‍ ഇന്ത്യ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂമിനോട് പറഞ്ഞു. സമാനമായ രീതിയില്‍ വേറെയും പത്രകട്ടിംഗുകള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more