ന്യൂദല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.
രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പാക്കിയത്. ഭരണഘടനാ മാര്‍ഗം പിന്തുടര്‍ന്നെങ്കില്‍ ഇപ്പോള്‍ ചോദ്യങ്ങളുയരുന്നത് ഒഴിവാക്കാമായിരുന്നു. എങ്കിലും ഇത് രാജ്യതാത്പര്യത്തിന് വേണ്ടിയാണ്. ഞാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.
കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നേരത്തെ തന്നെ ഭിന്നത ഉടലെടുത്തിരുന്നു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത ഇന്നലെത്തന്നെ ബില്ലിനോടുള്ള പാര്‍ട്ടി നിലപാടില്‍ എതിര്‍ത്ത് രാജിവെച്ചിരുന്നു.
”ചരിത്രപരമായ തെറ്റ് തിരുത്തിയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞത്. ദ്വിവേദി നോട്ട് നിരോധനത്തെയും സ്വാഗതം ചെയ്തിരുന്നു. ഹരിയാനയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.