| Sunday, 7th July 2019, 11:12 am

ജ്യോതിരാദിത്യ സിന്ധ്യ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു; കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: രാഹുല്‍ ഗാന്ധിക്കുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സാധ്യത പറഞ്ഞുകേള്‍ക്കുന്ന യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. രാഹുലിനുശേഷം പാര്‍ട്ടിയിലുണ്ടായ ഏറ്റവും നിര്‍ണായകമായേക്കാവുന്ന രാജിയായിരിക്കും ഇത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണു രാജി.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. സിന്ധ്യയെക്കൂടാതെ പ്രിയങ്കാ ഗാന്ധിക്കാണ് യു.പിയുടെ ചുമതലയുള്ളത്. എന്നാല്‍ രാഹുലിന്റെ സീറ്റായ അമേഠിയിലടക്കം ദയനീയമായി കോണ്‍ഗ്രസ് സംസ്ഥാനത്ത് പരാജയപ്പെടുകയായിരുന്നു.

മധ്യപ്രദേശിലെ പ്രമുഖനായ സിന്ധ്യയുടെ പേര് നേരത്തേ മുഖ്യമന്ത്രിസ്ഥാനത്തേക്കു സജീവമായി പരിഗണിച്ചിരുന്നെങ്കിലും കമല്‍ നാഥിന് ആ സ്ഥാനം നല്‍കി സിന്ധ്യയെ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ത്താന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. നേരത്തേ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മധ്യപ്രദേശ് പി.സി.സി അധ്യക്ഷസ്ഥാനം കമല്‍ നാഥ് രാജിവെച്ചിരുന്നു.

രാഹുല്‍ രാജിവെച്ചതോടെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് അഞ്ചോളം നേതാക്കളെയാണ്. അതില്‍ യുവനേതൃത്വത്തെ പരിഗണിച്ചാല്‍ രണ്ടു പേരുകളായിരിക്കും ചര്‍ച്ചയില്‍ വരിക. ഒന്ന് സിന്ധ്യയും മറ്റൊന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും. ഇരുവരും രാഹുലിന്റെ വിശ്വസ്തരായാണ് അറിയപ്പെടുന്നത്.

ഇനി പരിചയസമ്പത്താണ് പരിഗണിക്കുന്നതെങ്കില്‍ ദളിത് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരെ പരിഗണിക്കും. അതില്‍ കര്‍ണാടകത്തില്‍ പ്രതിസന്ധി വന്നിട്ടുപോലും മുഖ്യമന്ത്രിയാകാന്‍ താനില്ലെന്നു വ്യക്തമാക്കിയതോടെ ഖാര്‍ഗെ ഈ സാധ്യത സജീവമായി നിലനിര്‍ത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more