ട്വിറ്ററില്‍ നിന്നും 'കോണ്‍ഗ്രസ്' ഒഴിവാക്കി ജ്യോതിരാദിത്യ സിന്ധ്യ; പ്രതികരണം ഇങ്ങനെ
national news
ട്വിറ്ററില്‍ നിന്നും 'കോണ്‍ഗ്രസ്' ഒഴിവാക്കി ജ്യോതിരാദിത്യ സിന്ധ്യ; പ്രതികരണം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 1:18 pm

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് പാര്‍ട്ടി നേതൃത്വവുമായുള്ള അതൃപ്തി പലപ്പോഴും പരസ്യമായി പ്രകടമായതാണ്. ഇപ്പോള്‍ ട്വറ്ററില്‍ കോണ്‍ഗ്രസുമായി തന്നെ ബന്ധപ്പെടുത്തുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്തിരിക്കുകയാണ് സിന്ധ്യ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിന്ധ്യ ഒരു പൊതുപ്രവര്‍ത്തകനും ക്രിക്കറ്റ് പ്രേമിയും മാത്രമാണെന്നാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ബയോ. നേരത്തെ ഇത് (2002-2019)ഗുണ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗം, വൈദ്യുത മന്ത്രി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതായിരുന്നു.

ട്വിറ്ററില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ചെറിയ നീക്കം പോലും വളരെ ഗൗരവമുള്ള ചര്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സിന്ധ്യ ബയോ മാറ്റിയതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. പിന്നാലെ സിന്ധ്യ ഇതിന് മറുപടിയുമായി രംഗത്തെത്തി.

‘ഇപ്പോള്‍ എന്തിനാണ് ഇത് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം എന്ന് എനിക്ക് മനസിലായില്ല. ബയോ മാറ്റിയിട്ട് ഏകദേശം ഒരു മാസം കഴിഞ്ഞു.’ സിന്ധ്യ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സിന്ധ്യയും പാര്‍ട്ടിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുറത്ത് വന്നത്. സിന്ധ്യയുടെ പല പ്രസ്താവനകളും ഇത് കാണിക്കുന്നതായിരുന്നു. കാര്‍ഷിക ലോണ്‍ സംബന്ധിക്കുന്ന വിഷയങ്ങളില്‍ അടക്കം സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം ജമ്മുകശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സിന്ധ്യ അനുകൂലിച്ചതും ഏറെ ചര്‍ച്ച ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ