ന്യൂദല്‍ഹി: രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ള നേതാക്കള്‍ക്ക് നേരേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചോദ്യങ്ങള്‍ ഉയരുന്നുവെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്.
കഴിവുള്ള നേതാക്കള്‍ക്കെതിരേ ചോദ്യങ്ങള്‍ ഉയരുന്നത് വേദനാജനകമാണ്. എന്റെ സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമായിരുന്ന നേതാവിന് ഇതുപോലൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
സച്ചിന്‍ എന്റെ നല്ല സുഹൃത്താണ്. അദ്ദേഹം കടന്നുപോയ വേദനകളെപ്പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. വൈകിയ അവസരത്തിലാണ് കോണ്‍ഗ്രസ് പ്രശ്‌ന പരിഹാരത്തിനായി മുന്നിട്ടിറങ്ങിയത്. അതെങ്ങനയാണെന്ന് എല്ലാവര്‍ക്കും അറിയാം- സിന്ധ്യ പറഞ്ഞു.
രാജസ്ഥാനില്‍ ഒരു മാസത്തിലേറേ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടു-സച്ചിന്‍ പൈലറ്റ് തര്‍ക്കത്തിന് വിരാമമായിരിക്കുകയാണ്.
ആഗസ്റ്റ് ആദ്യ വാരത്തിലാണ് സച്ചിന്‍ ഉള്‍പ്പടെയുള്ള 19 എം.എല്‍.എ മാര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകളും പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു.