മധ്യപ്രദേശില്‍ കമല്‍നാഥ് -സിന്ധ്യ അങ്കം; തഴഞ്ഞാല്‍ പാര്‍ട്ടി വിടുമെന്ന് സിന്ധ്യാപക്ഷം; പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസിലേക്ക് മാര്‍ച്ചിനൊരുങ്ങുന്നു
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് ജ്യോതി രാദിത്യ സിന്ധ്യയെ തഴയുകയാണെങ്കില്‍ താനടങ്ങുന്ന 5000 ലധികം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് അശോക് ദങ്കി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ സിന്ധ്യ വഹിച്ച പങ്ക് നേതാക്കള്‍ മറക്കരുതെന്നും അശോക് ദങ്കി പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ സിന്ധ്യക്കുള്ള സ്വാധീനം പലര്‍ക്കും ദഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവര്‍ സിന്ധ്യയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്നും അശോക് ആരോപിച്ചു.
മധ്യപ്രദേശില്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിക്കണമെന്ന ആവശ്യം സിന്ധ്യ ഉയര്‍ത്തിയിരുന്നു. നിലവില്‍ മുഖ്യമന്ത്രിയായ കമല്‍നാഥാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഒരേ സമയം മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനായും തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും സിന്ധ്യ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.
കമല്‍നാഥ് മന്ത്രിസഭയില്‍ അംഗമായ ഇര്‍മതി ദേവി അധ്യക്ഷ പദവിയില്‍ സിന്ധ്യ വരുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സിന്ധ്യയെ അംഗീകരിക്കുന്നില്ലെങ്കില്‍ 5000 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി അശോക് രംഗത്തെത്തിയത്.
മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കം പരസ്യമായതോടെ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. സിന്ധ്യയും താനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു കമല്‍നാഥ് അറിയിച്ചത്. പുതിയ പി.സി.സി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
അതേസമയം മധ്യപ്രദേശില്‍ അധ്യക്ഷ സ്ഥാനത്തേക്ക് സിന്ധ്യക്ക് പകരം മുതിര്‍ന്ന നേതാവ് ദിഗ്വ് വിജയ് സിങിന്റെ പിന്തുണയോടെ അജയ് സിങിനെ നിയമിക്കാന്‍ കമല്‍നാഥ് കരുക്കള്‍ നീക്കുന്നതായും സൂചനയുണ്ട്.