'ജ്യോതിരാദിത്യ സിന്ധ്യക്കുള്ളത് ഫ്യൂഡല്‍ മനോഭാവം'; അത് കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസ് വിട്ടത്, പ്രതികരിച്ച് പ്രേംചന്ദ് ഗുഡ്ഡു
national news
'ജ്യോതിരാദിത്യ സിന്ധ്യക്കുള്ളത് ഫ്യൂഡല്‍ മനോഭാവം'; അത് കൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസ് വിട്ടത്, പ്രതികരിച്ച് പ്രേംചന്ദ് ഗുഡ്ഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 2:22 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്കുണ്ടായിരുന്നത് ഫ്യൂഡല്‍ മനോഭാവമാണെന്ന് മുന്‍ എം.പിയും ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ പ്രേംചന്ദ് ഗുഡ്ഡു. ആ മനോഭാവം കാരണമാണ് താന്‍ നേരത്തെ കോണ്‍ഗ്രസ് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സിന്ധ്യയ്‌ക്കെതിരെ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന് പ്രേംചന്ദ് ഗുഡ്ഡുവിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസിനെ ചതിക്കുകയും തെരഞ്ഞെടുപ്പില്‍ മാറി നിന്ന് മത്സരിക്കുകയും ചെയ്തു. മുത്തശ്ശി രാജമാതാ സിന്ധ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയിട്ടുണ്ട് എന്നായിരുന്നു ഗുഡ്ഡുവിന്റെ പരാമര്‍ശം.

ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും ഇപ്പോള്‍ മന്ത്രിയുമായ തുള്‍സി സിലാവത്തിനെതിരെ സാന്‍വെര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രേംചന്ദ് ഗുഡ്ഡുവിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കോണ്‍ഗ്രസിലായിരുന്ന ഗുഡ്ഡു ബി.ജെ.പിയില്‍ ചേര്‍ന്നത്.

തുള്‍സിറാം ശിലാവത്ത് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ഫലത്തില്‍ അത് സിന്ധ്യയുടെ തോല്‍വിയായിരിക്കുമെന്നും ഗുഡ്ഡു പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മന്ത്രിസഭയില്‍നിന്നും രാജിവെച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന വ്യക്തിയാണ് തുള്‍സിറാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക