ഇത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്; ഭാഷയുടെ പേരില്‍ കൊമ്പുകോര്‍ത്ത് ശശി തരൂരും ജ്യോതിരാദിത്യ സിന്ധ്യയും
ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഭാഷയുടെ പേരില്‍ ഏറ്റുമുട്ടി ജ്യോതിരാദിത്യ സിന്ധ്യയും ശശി തരൂരും. ഇംഗ്ലീഷില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ മറുപടി പറഞ്ഞതിന്റെ പേരിലാണ് പഴയ സഹപ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ശശി തരൂരും മറ്റ് എം.പിമാരും ചോദിച്ച ചോദ്യങ്ങള്‍ക്ക് ബി.ജെ.പി എം.പിയും വ്യോമയാന മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ ഹിന്ദിയില്‍ തന്നെയായിരുന്നു മറുപടി നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ ഇത് തങ്ങളെ അപമാനിക്കലാണെന്ന് തരൂര്‍ പറഞ്ഞതോടെയാണ് ഇരുവരുടെയും വാക്കുകള്‍ക്ക് ചൂടുപിടിച്ചത്.
‘അദ്ദേഹത്തിന് ഇംഗ്ലീഷ് നന്നായി അറിയാം, അദ്ദേഹം ഇംഗ്ലീഷില്‍ തന്നെ മറുപടി നല്‍കട്ടെ. സാരേ ജവാബ് ഹിന്ദി മേം മത് ദീജിയേ… യേ അപമാന്‍ ഹേ ലോഗോം കാ (എല്ലാ മറുപടികളും ഇത്തരത്തില്‍ ഹിന്ദിയില്‍ തന്നെ തരാതിരിക്കൂ, ഇത് ആളുകളെ അപമാനിക്കുന്നതിന് തുല്യമാണ്),’ എന്നായിരുന്നു തരൂര്‍ പറഞ്ഞത്.
ശശി തരൂർ
തരൂരിന് പുറമെ ഇംഗ്ലീഷില്‍ ചോദ്യം ചോദിച്ച തമിഴ്‌നാട് നിന്നുമുള്ള എം.പിക്കും സിന്ധ്യ ഹിന്ദിയില്‍ തന്നെയായിരുന്നു മറുപടി പറഞ്ഞത്.
എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഒരാളില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശം ഉണ്ടായത് വളരെ അത്ഭുതമാണെന്നായിരുന്നു സിന്ധ്യയുടെ പ്രതികരണം.
‘മേനേ ഹിന്ദി ബോലാ തോ എത്രാസ് ഹോ രഹാ ഹൈ (ഞാന്‍ ഹിന്ദിയില്‍ സംസാരിക്കുന്നതിന് താങ്കള്‍ക്കെന്തെങ്കിലും എതിര്‍പ്പുണ്ടോ),’ എന്നായിരുന്നു സിന്ധ്യയുടെ മറുപടി. കൂടാതെ സഭയ്ക്കുള്ളില്‍ ട്രാന്‍സ്‌ലേറ്റര്‍ ഉണ്ടെന്നും സിന്ധ്യ ഓര്‍മപ്പെടുത്തി.
ജ്യോതിരാദിത്യ സിന്ധ്യ
എന്നാല്‍ ഉടന്‍ തന്നെ സ്പീക്കര്‍ ഓം ബിര്‍ള ഇടപെടുകയും സിന്ധ്യയെ ഹിന്ദിയില്‍ തന്നെ തുടരാനനുവദിക്കുകയുമായിരുന്നു.
Content Highlight: Jyotiraditya Scindia and Shashi Tharoor clashed in Parliament on replying in Hindi