വരിക്കാശ്ശേരി മനയെ പോറ്റിയുടെ മനയാക്കിയെടുക്കാൻ ഞങ്ങൾ നേരിട്ട ചലഞ്ച് അതായിരുന്നു: ജ്യോതിഷ് ശങ്കർ
Film News
വരിക്കാശ്ശേരി മനയെ പോറ്റിയുടെ മനയാക്കിയെടുക്കാൻ ഞങ്ങൾ നേരിട്ട ചലഞ്ച് അതായിരുന്നു: ജ്യോതിഷ് ശങ്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th February 2024, 7:41 pm

മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തി രാഹുൽ സദാശിവൻ പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം ഏറെ പ്രശംസകളോടെ മുന്നേറികൊണ്ടിരിക്കുകയാണ്. 17ാം നൂറ്റാണ്ടിലെ മനയുടെ പശ്ചാലത്തിൽ നടക്കുന്ന കഥയിലെ ആർട്ട് വർക്ക് ഏറെ പ്രശംസ നേടുന്നുണ്ട്. മലയാള സിനിമയിലെ ഒരുപാട് സിനിമകൾക് സാക്ഷ്യം വഹിച്ച വരിക്കാശ്ശേരി മനയിലാണ് ഭ്രമയുഗം ഷൂട്ട് ചെയ്തത്. പോറ്റിയുടെ മനയായി വരിക്കാശ്ശേരിയെ മാറ്റിയത് കലാസംവിധായകൻ ജ്യോതിഷ് ശങ്കറും സംഘവുമാണ്.

വരിക്കാശ്ശേരി മന തെരഞ്ഞെടുത്തതിനെക്കുറിച്ച് റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് ജ്യോതിഷ് ശങ്കർ. മലയാളികൾക്ക് ഏറെ പരിചിതമായ വരിക്കാശ്ശേരി മനയിലാണ് ഈ കഥ നടക്കുന്നത് എന്ന് പറഞ്ഞാൽ ഒറ്റ മനുഷ്യനും വിശ്വസിക്കരുത് എന്നതായിരുന്നു തങ്ങൾ നേരിട്ടിരുന്ന ചലഞ്ച് എന്നും ജ്യോതിഷ് കൂട്ടിച്ചേർത്തു.

‘നമ്മൾ ഒരുപാട് സിനിമകളിൽ വരിക്കാശ്ശേരി മന കണ്ടിട്ടുണ്ട്. മലയാളികൾക്ക് ഏറെ പരിചിതമായ വരിക്കാശ്ശേരി മനയിലാണ് ഈ കഥ നടക്കുന്നത് എന്ന് പറഞ്ഞാൽ ഒറ്റ മനുഷ്യനും വിശ്വസിക്കരുത് എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ചലഞ്ച്.

ഇങ്ങനെ ഒരു മനയുണ്ടായിരുന്നു എന്നും വേരുകൾ ഇറങ്ങി ഇടിഞ്ഞു വീഴാൻ നിൽക്കുന്ന മനയാണെന്നും അതിന്റെ നിലവറ പൊളിഞ്ഞു വീഴണമെന്നും കഥയിലുണ്ടായിരുന്നത് കൊണ്ട് മനയുടെ നടുത്തളം തന്നെ പൊളിഞ്ഞ രീതിയിലാണ് സെറ്റ് ചെയ്തത്.

ചോർന്നൊലിക്കുന്ന മനയാണത്. അവിടെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങ പോലും കിളിർത്ത് കിടക്കുകയാണ്. അപ്പോൾ വരിക്കാശ്ശേരി മന ആർക്കും മനസ്സിലാകരുത് എന്നതായിരുന്നു പ്രധാന ടാസ്ക്. ഒരു വൃത്തിയുള്ള മന വേണമെങ്കിൽ കാണിക്കാം. പക്ഷേ അത് കഥയുമായി യോജിക്കില്ലല്ലോ. ഇങ്ങനെ കാടുപിടിച്ച് കിടക്കുന്ന മനയിൽ രണ്ടുപേർ ജീവിക്കുന്നു എന്നതിലാണ് പ്രേക്ഷകർക്ക് കൗതുകം ആരംഭിക്കുന്നത്.

അതുപോലെ സിനിമയിൽ കാണിക്കുന്ന ചിലന്തിവലകൾ, ചിതൽ പുറ്റുകൾ എല്ലാം നിർമിച്ചതാണ്. ആ മന ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണത്. അതുകൊണ്ടായിരിക്കാം ഈ സിനിമയുടെ കലാസംവിധാനം ശ്രദ്ധിക്കപ്പെട്ടതും,’ ജ്യോതിഷ് പറഞ്ഞു.

Content Highlight: Jyothish shangar about how varikasheri mana used in bramayugam