| Monday, 19th February 2024, 10:43 pm

ഭാരതപ്പുഴയിൽ നിന്ന് പറിച്ചുകൊണ്ടുവന്ന യഥാർത്ഥ പുല്ലുകളാണത്; ഭ്രമയുഗത്തിലെ മനയെക്കുറിച്ച് ആർട്ട് ഡയറക്ടർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭ്രമയുഗത്തിന് അനുയോജ്യമായ മനയ്ക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയെന്ന് ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കർ. വരിക്കാശ്ശേരി മനയെ സിനിമയുടെ രീതിയിലേക്ക് കൊണ്ടുവരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്നും ജ്യോതിഷ് പറഞ്ഞു. സിനിമയിൽ മനയ്ക്ക് ചുറ്റും കാണുന്ന പുല്ലുകളെല്ലാം വച്ച് പിടിപ്പിച്ചതാണെന്നും ജ്യോതിഷ് റിപ്പോർട്ടറിനോട് പറഞ്ഞു.

‘പഴയ കാലഘട്ടത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. കഥയ്ക്ക് അനുയോജ്യമായ മനയ്ക്കായി പലയിടങ്ങളിലും അന്വേഷണം നടത്തി. അതിൽ ഏറ്റവും അനുയോജ്യമായി തോന്നിയത് വരിക്കാശ്ശേരി മനയാണ്. വരിക്കാശ്ശേരി മനയെ സിനിമയുടെ രീതിയിലേക്ക് കൊണ്ടുവരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. സിനിമയിൽ മനയ്ക്ക് ചുറ്റും കാണുന്ന പുല്ലുകളെല്ലാം വച്ച് പിടിപ്പിച്ചതാണ്. ഭാരതപ്പുഴയിൽ നിന്ന് പറിച്ചുകൊണ്ടുവന്ന യഥാർത്ഥ പുല്ലുകളാണത്. അവ ഗ്രോബാഗിൽ കൊണ്ടുപോയി വെച്ചതാണ്,’ ജ്യോതിഷ് പറയുന്നു.

വർഷങ്ങൾക്ക് ശേഷം പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തിയ ചിത്രമാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസോടെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സുപ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചത്.

കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായി ചിത്രത്തിൽ നിറഞ്ഞാടുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായി കട്ടയ്ക്ക് തന്നെ പിടിച്ച് നിൽക്കുന്നുമുണ്ട്. സിനിമയുടെ ആര്‍ട്ട് വര്‍ക്കും സംഗീതവും ദൃശ്യാവിഷ്കാരവും ഏറെ പ്രശംസ നേടുന്നുണ്ട്. 17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Jyothish about bramayugam mana

We use cookies to give you the best possible experience. Learn more