2001ല്‍ റിലീസായ പൈലറ്റ്സ് എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ജ്യോതിര്‍മയി. മൂന്നാമത്തെ ചിത്രമായ ഭാവത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ജ്യോതിര്‍മയി സ്വന്തമാക്കി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജ്യോതിര്‍മയി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് 2009 ല്‍ റിലീസായ ചിത്രമാണ് സാഗര്‍ ഏലിയാസ് ജാക്കി. ചിത്രത്തില്‍ ഒരു ഗാനരംഗത്ത് ജ്യോതിര്‍മയി പ്രത്യക്ഷപ്പെട്ടിരുന്നു. ഗാനം നിരവധി ചര്‍ച്ചകള്‍ക്ക് അന്ന് വഴിവെച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ പാട്ടില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിര്‍മയി.
താത്പര്യമില്ലാത്ത ഒരു സിനിമ ചെയ്യുന്നതിനേക്കാളും താത്പര്യത്തോടെ ഐറ്റം സോങ് ആണെങ്കില്‍ അത് ചെയ്യുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് ജ്യോതിര്‍മയി പറയുന്നു. ആളുകള്‍ താന്‍ പറയുന്നത് എങ്ങനെ എടുക്കുമെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രിയേറ്റിവ് ആയിട്ട് ചെയ്യുന്ന എന്തിനെയും പോസിറ്റീവ് ആയി എടുക്കണം എന്ന് വിചാരിക്കുന്ന ആളാണ് താനെന്നും ജ്യോതിര്‍മയി പറയുന്നു.
‘അമല്‍ നീരദ് തരുന്നൊരു കംഫര്‍ട്ടും ഏസ്തെറ്റിക്കും കൊണ്ടാണ് സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയിലെ ആ പാട്ട് സീന്‍ ചെയ്തതെന്നത് സത്യമാണ്. പക്ഷെ അതിനേക്കാളും ഉപരി, നമുക്ക് താത്പര്യമില്ലാത്ത ഒരു സിനിമ ചെയ്യുന്നതിനേക്കാളും കൂടുതല്‍ നമുക്ക് താത്പര്യമുള്ള അങ്ങനെയൊരു ഐറ്റം സോങ് ആണെങ്കില്‍ അത് ചെയ്യുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
ആളുകള്‍ അതിനെ എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷെ ആളുകള്‍ വളരെ ക്രിയേറ്റിവ് ആയിട്ട് ചെയ്യുന്ന എന്തിനെയും പോസിറ്റീവ് ആയിട്ട് എടുക്കണം എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍,’ ജ്യോതിര്‍മയി പറയുന്നു.
ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ബോഗെയ്ന്‍വില്ല. ഒരിടവേളക്ക് ശേഷം ജ്യോതിര്‍മയി പ്രധാനവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബോഗെയ്ന്‍വില്ലക്കുണ്ട്. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ ഒരുപിടി മികച്ച അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Jyothirmayi Talks About Song In Sagar Alias Jacky