ഫഹദിലും ചാക്കോച്ചനിലും കണ്ട ക്വാളിറ്റി; ആ കാര്യത്തില്‍ രണ്ടുപേരും ഒരുപോലെ: ജ്യോതിര്‍മയി
Entertainment
ഫഹദിലും ചാക്കോച്ചനിലും കണ്ട ക്വാളിറ്റി; ആ കാര്യത്തില്‍ രണ്ടുപേരും ഒരുപോലെ: ജ്യോതിര്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 8:32 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ജ്യോതിര്‍മയി. ഒരു ഇടവേളക്ക് ശേഷം ജ്യോതിര്‍മയി നായികയായി എത്തുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

ബോഗെയ്ന്‍വില്ലയില്‍ ജ്യോതിര്‍മയിക്ക് പുറമെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇരുവരിലും കണ്ട ഒരു നല്ല ക്വാളിറ്റിയെ കുറിച്ച് പറയുകയാണ് ജ്യോതിര്‍മയി. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഫഹദും കുഞ്ചാക്കോ ബോബനും ഒരുപോലെ ആയിരുന്നെന്നും എതിരെ നില്‍ക്കുന്ന ആളുടെ അഭിനയം ഒന്നുകൂടെ മെച്ചപ്പെടുത്താനായി ഇരുവരും അവര്‍ നന്നായി സപ്പോര്‍ട്ട് ചെയ്യുമായിരുന്നെന്നുമാണ് ജ്യോതിര്‍മയി പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്ന ഏതെങ്കിലും ഒരാളോ ഒരു ഫാക്ടറോ മാത്രം നന്നായത് കൊണ്ട് ആ സിനിമക്ക് സ്വീകാര്യത കിട്ടണമെന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഫഹദാണെങ്കിലും ചാക്കോച്ചനാണെങ്കിലും ഒരുപോലെ ആയിരുന്നു. ഓപ്പോസിറ്റ് നില്‍ക്കുന്ന ആക്ടറിന്റെ അഭിനയം ഒന്നുകൂടെ മെച്ചപ്പെടുത്താനായി അവര്‍ നന്നായി സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അത് വളരെ പ്രധാനപ്പെട്ടതാണ്.

ഒരാള്‍ മാത്രം നന്നായത് കൊണ്ടോ എന്തെങ്കിലും ഒരു ഫാക്ടര്‍ മാത്രം നന്നായത് കൊണ്ടോ ഒരു സിനിമക്ക് സ്വീകാര്യത കിട്ടണമെന്നില്ല. ആ ഫുള്‍ സിനിമക്കും സ്വീകാര്യത കിട്ടുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. ഫഹദിലും ചാക്കോച്ചനിലും കണ്ട ഒരു നല്ല ക്വാളിറ്റിയായിരുന്നു അത്,’ ജ്യോതിര്‍മയി പറയുന്നു.

ചിത്രത്തില്‍ ജ്യോതിര്‍മയിക്കും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലിനും പുറമെ ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്. ഈയിടെ ചിത്രത്തിലെ സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിച്ച സ്തുതി എന്ന പ്രൊമോ ഗാനം പുറത്തിറങ്ങുകയും അത് വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതില്‍ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും ജ്യോതിര്‍മയിയുടെ വ്യത്യസ്തമായ ഗെറ്റപ്പും വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.


Content Highlight: Jyothirmayi Talks About Qualities Of Fahadh Faasil And Kunchacko Boban