Advertisement
Entertainment
ചാക്കോച്ചനും ഫഹദിനുമൊപ്പം ആ സീനില്‍ ടെന്‍ഷനടിച്ചു; അമലിനോട് അതിനെ പറ്റി സംസാരിച്ചിരുന്നു: ജ്യോതിര്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 16, 06:26 am
Wednesday, 16th October 2024, 11:56 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ജ്യോതിര്‍മയി. ഒരു ഇടവേളക്ക് ശേഷം ജ്യോതിര്‍മയി നായികയായി എത്തുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല. ഭീഷ്മ പര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

സിനിമയില്‍ ജ്യോതിര്‍മയിക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഷറഫുദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയ മികച്ച താരങ്ങളാണ് ഒന്നിക്കുന്നത്. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലിനും ഒപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ജ്യോതിര്‍മയി.

‘ചാക്കോച്ചന്റെ കൂടെ ആദ്യമായി ചെയ്യുന്ന ഫുള്‍ ലെങ്ത് സിനിമയാണ് ബോഗെയ്ന്‍വില്ല. ഇതിന് മുമ്പ് രണ്ട് സിനിമകളില്‍ ഞങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതില്‍ രണ്ടുപേരും ഒരുമിച്ചുള്ള സീനുകളൊന്നും ഉണ്ടായിരുന്നില്ല. കല്യാണരാമനില്‍ ഒരു സീനിലോ മറ്റോ രണ്ടുപേരും വന്നുപോകുന്നുണ്ട്.

സീനിയേഴ്‌സ് സിനിമയില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നോ എന്നുപോലും എനിക്ക് ഓര്‍മയില്ല. പക്ഷെ ബോഗെയ്ന്‍വില്ലയില്‍ അങ്ങനെയായിരുന്നില്ല. ചാക്കോച്ചന്‍ ഇപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രൂവ് ചെയ്ത് ഓരോ സിനിമയിലൂടെയും നമ്മളെ ഞെട്ടിക്കുകയാണ്. അങ്ങനെയുള്ള ഒരു ആക്ടറിന്റെ കൂടെയാണ് ഞാന്‍ അഭിനയിക്കേണ്ടത്.

ഞങ്ങളുടെ കോമ്പിനേഷന്‍ സീനുകള്‍ കുറച്ച് കൂടുതല്‍ ആയിരുന്നു. അതുകൊണ്ട് ആ സീനുകള്‍ എടുക്കുന്ന സമയത്ത് എനിക്ക് ടെന്‍ഷന്‍ ആയിരുന്നു. അമലിനോട് ഞാന്‍ അതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഫഹദാണെങ്കിലും ചാക്കോച്ചനാണെങ്കിലും വളരെ പ്രൂവ് ചെയ്ത പ്രോമിനന്റ് ആക്ടേഴ്‌സാണ്.

ഇത്രനാള്‍ ഒന്നും ചെയ്യാതെ നിന്ന ഞാന്‍ അവരുടെ കൂടെ അഭിനയിക്കുമ്പോള്‍ നാണകേട് വരുത്തരുതല്ലോ. അത് എനിക്ക് വലിയ ഒരു ചലഞ്ചായിരുന്നു. ഇവരുടെ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ പറ്റിയില്ലെങ്കിലും മോശമാകാത്ത രീതിയിലെങ്കിലും നില്‍ക്കണമല്ലോ,’ ജ്യോതിര്‍മയി പറയുന്നു.


Content Highlight: Jyothirmayi Talks About Kunchacko Boban And Fahadh Faasil